ADVERTISEMENT

‘ഇങ്ങനെയുള്ള കുട്ടികൾക്ക് എന്തെങ്കിലും ഒരു പ്രത്യേക കഴിവ് ദൈവം കൊടുത്തിട്ടുണ്ടാകും. അത് കണ്ടെത്തിയാൽ രക്ഷപ്പെട്ടു’ സ്പെഷൽ നീഡ്സുള്ള കുട്ടികളുടെ രക്ഷിതാക്കളോട് പൊതുവെ ആളുകൾ പറയാറുള്ള വാക്കുകളാണിത്. എന്നാൽ മറ്റുള്ളവരെ എങ്ങനെ നിങ്ങൾ ട്രീറ്റ് ചെയ്യുന്നുവോ, അതുപോലെ തന്നെ സ്പെഷൽ നീഡ്സ് ഉള്ള കുട്ടികളേയും പരിഗണിക്കണമെന്നു പറയുകയാണ് സിനു കിഷൻ എന്ന യുവതി. ഈ കുട്ടികളില്ലാത്ത ലോകത്തിന് എത്ര തെളിച്ചം കുറവായിരുന്നേനെയെന്നും. സ്പെഷൽ കിഡ്സിന്റെ രക്ഷിതാക്കളോടുള്ള മറ്റുള്ളവരുടെ അനാവശ്യ ചോദ്യങ്ങളും സഹതാപവും വേണ്ടെന്നും സിനു സമൂഹമധ്യമത്തിലൂടെ പങ്കുവച്ച ഹൃദ്യമായ കുറിപ്പിൽ പറയുന്നു.

സിനു കിഷൻ പങ്കുവച്ച കുറിപ്പ്

"ഇങ്ങനെയുള്ള കുട്ടികൾക്ക് എന്തെങ്കിലും ഒരു പ്രത്യേക കഴിവ് ദൈവം കൊടുത്തിട്ടുണ്ടാകും. അത് കണ്ടെത്തിയാൽ രക്ഷപ്പെട്ടു."

എത്ര പേർ പറഞ്ഞിട്ടുണ്ടെന്നോ ഇങ്ങനെ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മളിൽ പലരും ടിവിയിലും, മറ്റു സമൂഹ മാധ്യങ്ങളിലും മറ്റും  സ്പെഷൽ നീഡ്സ് ഉള്ള കുട്ടികളെ കണ്ടിരിക്കുന്നത് അങ്ങനെയാണ്. പാട്ട് പാടുന്നവരെ, ഡാൻസ് കളിക്കുന്നവരെ, അഭിനയിക്കുന്നവരെ....അങ്ങനെ. അവരുടെ സോ കോൾഡ് ‘സ്പെഷൽ നീഡ്സി’ന്റെ പേരിൽ മാത്രം.

ഇത് പോലൊരു ചോദ്യം മാതാപിതാക്കളോട് ചോദിക്കുമ്പോൾ അവർ അതെങ്ങനെയാണ് എടുക്കുന്നതെന്നോ, സത്യത്തിൽ ഇതെത്രയോ ഇൻസെൻസിറ്റീവ് ആയിട്ടുള്ള ചോദ്യമാണെന്നോ നിങ്ങൾക്ക് അറിയാൻ ഇടയില്ല. ‘എന്തെങ്കിലും ഒരു കഴിവ്’, എന്ന ചോദ്യം കൊണ്ട് അർത്ഥമാക്കുന്നത്, കുട്ടിക്ക് സ്പെഷ്യൽ നീഡ്സ് ഉണ്ടല്ലോ, അത് കൊണ്ട് ‘മറ്റൊന്നും’ ചെയ്തില്ലെങ്കിലും കുഴപ്പമില്ല, എന്തെങ്കിലും ഒരു ‘ഗിഫ്റ്റഡ് ടാലന്റ്’ കൊടുത്തിട്ടുണ്ടാകും എന്നാണ്. ഇനിയൊന്നു കൂടി ആലോചിച്ചു നോക്കൂ, ഈ ചോദ്യം എത്രത്തോളം ഇൻഅപ്രോപ്രിയേറ്റ് ആന്‍ഡ് ഇൻ സെൻസിറ്റീവ് ആണെന്ന്.!!

സ്പെഷ്യൽ നീഡ്സ് ഉള്ള കുട്ടികളും മറ്റുള്ളവരെ പോലെ തന്നെയാണ്. അവരെ അവരുടെ ഡിസെബിളിറ്റിയുടെ പേരിൽ മാത്രം ലേബൽ ചെയ്യുകയോ ഡിഫൈൻ ചെയ്യുകയോ അരുത്. (ഡൗൺസ് ചൈല്‍ഡ് എന്ന് പറയുന്നതും ഡൗൺ സിൻഡ്രോം ഉള്ള കുട്ടി എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.) മറ്റുള്ളവരെ എങ്ങനെ നിങ്ങൾ  ട്രീറ്റ് ചെയ്യുന്നുവോ, അതുപോലെ തന്നെ അവരെയും പരിഗണിക്കുക. ലോകത്തുള്ള എല്ലാ കുട്ടികൾക്കും നാം കരുതുന്ന ഈ എന്തെങ്കിലും ‘ഒരു പ്രത്യേക കഴിവ്’ ഉണ്ടാകില്ലല്ലോ. എല്ലാ മാതാപിതാക്കളോടും ആരും പോയി ഇതുപോലെ പറയുകയുമില്ല. അപ്പോൾ പിന്നെ ദയവു ചെയ്തു ഞങ്ങളോടും ചോദിക്കരുത്. ‘സാരമില്ല, എന്തെങ്കിലും ഒരു കഴിവ് ഉണ്ടാകും’ എന്ന് ആശ്വസിപ്പിക്കരുത്. യാതൊരു ആവശ്യവും ഇല്ലാത്ത, അത്യാവശ്യം നല്ല അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വാചകം ആണത്. 

ഞങ്ങളുടെ മക്കൾ എന്താണ് എന്ന കൃത്യമായ ബോധം അഥവാ അവയർനെസ് ഉള്ളവർ ആണ് ഞങ്ങളിൽ നല്ലൊരു ഭാഗവും. അവർ എങ്ങനെയാണ് എന്ന് മനസ്സിലാക്കി,  അക്സെപ്റ്റ് ചെയ്തിരിക്കുന്നവർ. നിങ്ങളീ പറയുന്ന ‘പ്രത്യേകമായ കഴിവുകൾ’ ഒന്നും ഇല്ലെങ്കിലും യാതൊരു പ്രശ്നവുമില്ല. അവരുടെ അവസ്ഥ മനസ്സിലാക്കി, അവരെ എത്രത്തോളം സപ്പാർട്ട്് ചെയ്യാം, ആരോഗ്യപരമായി വളർത്താം എന്നതൊക്കെയാണ് ഞങ്ങളുടെ ചിന്തകൾ.

ഇനി യദു കുട്ടനെക്കുറിച്ച് ‘മോന് എന്തെങ്കിലും സ്പെഷൽ ടാലന്റ്സ് ഉണ്ടോ’ എന്ന് ചോദിക്കുന്നവരോട്.....

ഉണ്ട്. 

നല്ല ഒന്നാന്തരം ‘സ്നേഹക്കാരൻ’ ആണ്. അവന്റെ കാര്യങ്ങൾ ഒക്കെ അത്യാവശ്യം നന്നായി ചെയ്യും. മനുഷ്യരോടും, മറ്റു ജീവികളോടും ഭയങ്കര ഇഷ്ടമാണ്. ഒരിക്കൽ നിങ്ങളെ പരിചയപ്പെട്ടാൽ പേര്, ജന്മദിനം, നിങ്ങളുടെ വണ്ടിയുടെ മോഡൽ ഉൾപ്പടെ ഓർത്തു വയ്ക്കും. അത്യാവശ്യം നന്നായി വായിക്കും. പാട്ട് കേൾക്കും. ട്രെ‍ഡ്മിൽ ചെയ്യും. സൈക്കിൾ ചവിട്ടും. നല്ല കെയറിങ് ആണ്. ഫൂഡി ആണ്. (പ്രത്യേകിച്ചും ഇന്ത്യൻ ഫുഡ്). പിന്നെ ലേറ്റസ്റ്റ് ഡെവലപ്മെന്റ് പറയുകയാണെങ്കിൽ, മോശമല്ലാത്ത രീതിയിൽ വളരെ ക്യൂട്ട് ആയ ഫ്ലർട്ടിംഗ് തുങ്ങിയിട്ടുണ്ട്. ഇതിനൊക്കെയപ്പുറം ‘പ്രത്യേക ടാലന്റ്സ് ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. അങ്ങനെ സംഭവിക്കുമ്പോൾ തീർച്ചയായും എഴുതുന്നതായിരിക്കും.

കുറച്ച് ഫാക്റ്റ് കൂടി....

ഡൗൺ സിൻഡ്രോം, ഒരു ജെനിറ്റിക് ഡിസോഡർ ആണ്. ഇന്ന് വരെ ഇതിന് ഒരു ക്യുവർ കണ്ടു പിടിച്ചിട്ടില്ല.

ഡൗൺ സിൻഡ്രോം എന്ന പേര്, ഈ കണ്ടീഷൻ കണ്ടു പിടിച്ച ഡോക്ടറുടെ പേരിൽ നിന്നും വന്നതാണ്.  ദെയർ ഈസ് നത്തിംങ് ‘ഡൗൺ’ എബൗട്ട് ഇറ്റ്.

:ഡിസെബിളിറ്റിയുള്ള മനുഷ്യർക്ക് വേണ്ടത് സ്വീകാര്യതയും, അവർക്ക് ജീവിതം എളുപ്പമാക്കാൻ പറ്റുന്നത്ര കണ്ടീഷൻസ്, അക്സസിബിളിറ്റി ആൻഡ്  അഡാപ്റ്റബിളിറ്റിയാണ്. അതിനു വേണ്ടിയാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. സഹതാപം കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവും ഇല്ല.

ഈ കുട്ടികളില്ലാത്ത ലോകത്തിന് എത്ര തെളിച്ചം കുറവായിരുന്നേനെ.

English summary : Social media post by Sinu Kishain down syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com