ADVERTISEMENT

മുതിര്‍ന്നവര്‍ ചവയ്ക്കുകയും ഊതി വീര്‍പ്പിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ അത് അനുകരിക്കാനുള്ള പ്രവണത കൊണ്ടാണ് കുട്ടികള്‍ ച്യൂയിങ് ഗം ചവയ്ക്കുന്നത്. പല കുട്ടികളും അറിയാതെ അതു വിഴുങ്ങുകയും ചെയ്യും. പക്ഷേ, എല്ലാവർക്കും അതുകൊണ്ട് ആപത്തുകള്‍ വരണമെന്നുമില്ല. ചിലര്‍ക്ക് ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ ഡോക്ടറുടെ സഹായം തേടേണ്ടി വരുന്നു. ചിലര്‍ പറയുന്നത് ച്യൂയിങ് ഗം വിഴുങ്ങിയാല്‍ ഏഴു വര്‍ഷത്തോളം അത് വയറ്റില്‍ കിടക്കുമെന്നൊക്കെയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോ?

 

ഒരു വലിയ കഷണം ച്യൂയിങ്ഗമോ ചെറിയ കുറേ കഷണങ്ങളോ കുറഞ്ഞ സമയത്തിനുള്ളില്‍ വയറ്റിൽ ചെന്നാല്‍ അത് ദഹനേന്ദ്രിയ വ്യവസ്ഥയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. ച്യൂയിങ് ഗം മാത്രമല്ല നാണയങ്ങള്‍, വിത്തുകള്‍, റബ്ബര്‍, പിന്നുകള്‍ തുടങ്ങി വയറ്റിലേക്കെത്തുന്ന, ദഹിക്കാന്‍ കഴിവില്ലാത്ത ഏതു വസ്തുവും ദഹന പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കാം. കൊച്ചു കുട്ടികളാണ് ഇത്തരം അബദ്ധങ്ങള്‍ പലപ്പോഴും കാണിക്കുന്നത്. 

 

കുട്ടികളുടെ വായിലെ ദുര്‍ഗന്ധം മാറ്റാനും ബലൂണ്‍ പോലെ ഊതി വീർപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിനുമായി പണ്ടു മുതൽ ച്യൂയിങ് ഗം ഉപയോഗിച്ചിരുന്നതായി അമേരിക്കയിലെ ശിശുരോഗ വിദഗ്ധന്‍മാരുടെ അക്കാദമി രേഖപ്പെടുത്തിയിട്ടുണ്ട്. വിഴുങ്ങപ്പെടുന്ന ച്യൂയിങ് ഗം അന്നനാളത്തിലേക്കോ ആമാശയത്തിലേക്കോ എത്തുന്നു. അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ച്യൂയിങ് ഗം വിഴുങ്ങരുതെന്ന അറിവില്ല. ചില സമയം ച്യൂയിങ് ഗം വിഴുങ്ങിയാൽ വളരെ അപകടകരമാകുന്നുണ്ട്.

 

മരക്കറ പോലെ പ്രകൃതി ദത്തമായതോ കൃത്രിമമായതോ ആയ വസ്തുക്കള്‍ കൊണ്ടാണ് ച്യൂയിങ് ഗം നിര്‍മിക്കുന്നത്. കേടുവരാതിരിക്കാനുള്ള രാസവസ്തുക്കളും ഫ്ലേവറുകളും നിറങ്ങളും മധുരവും എല്ലാം ഇതിൽ ചേര്‍ക്കുന്നുമുണ്ട്. ചവയ്ക്കുന്തോറും കൂടുതല്‍ മധുരം ഊറി വരുന്നതിനു വേണ്ടി കലോറി പ്രദാനം ചെയ്യുന്ന പഞ്ചസാര ധാരാളമായി ഇതിൽ ചേര്‍ക്കുന്നുണ്ട്. ഈ മധുരത്തിനെ ആഗിരണം ചെയ്യാന്‍ മനുഷ്യ ശരീരത്തിന് സാധിക്കും. പശ പോലുള്ള ഈ മരക്കറയെ ദഹിപ്പിക്കാന്‍ മനുഷ്യനിലെ ദഹന പ്രക്രിയക്ക് സാധിക്കില്ല. ദഹന വ്യവസ്ഥയുടെ ചുരുങ്ങിയും വലിഞ്ഞുമുള്ള ചലനത്തിലൂടെ ഈ പശ അന്നനാളത്തിലേക്ക് എത്തിച്ചേരും. ഈ പശയുടെ  പിന്നീടുള്ള യാത്ര മലവിസര്‍ജ്ജനത്തിലൂടെ അവസാനിക്കുകയും ചെയ്യും.

 

കുട്ടികള്‍ ച്യൂയിങ് ഗം ചവയ്ക്കുമ്പോള്‍

 

ച്യൂയിങ് ഗം ചവയ്ക്കുന്നത് പല്ലുകള്‍ക്ക് ഏറെ നേരം പണി കൊടുക്കുന്ന കാര്യമാണ്. മധുരമില്ലാത്ത ച്യൂയിങ്ഗമ്മുകള്‍ വിരളവുമാണ്. അതുകൊണ്ടുതന്നെ പല്ലുകളിലേക്കും മോണയിലേക്കും മധുരം ഏറെ നേരം ചെന്നു ചേരുമ്പോള്‍ പല്ലുകള്‍ക്ക് കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഷുഗര്‍ ഫ്രീ ആണെന്നു പറഞ്ഞു വില്‍ക്കുന്ന ച്യൂയിങ് ഗമില്‍ ചേര്‍ക്കുന്നത് സോർബിടോള്‍ ആണ്. ഇത് കുട്ടികളില്‍ വയറിളക്കത്തിന് കാരണമാകുന്നു. കറുവപ്പട്ടയുടെ രുചി തോന്നിപ്പിക്കുന്ന ച്യൂയിങ് ഗം ചവയ്ക്കുമ്പോള്‍ സുഗന്ധത്തോടൊപ്പം ചെറിയ എരിച്ചില്‍ കൂടി അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ലേ . ഇത് ചവയ്ക്കുന്നത് വായില്‍ വരകള്‍ വീഴുന്നതിനു ഇടയാക്കുന്നുണ്ട്. എത്ര ഷുഗര്‍ ഫ്രീ ആയാലും ച്യൂയിങ് ഗം പല്ലില്‍ ഒട്ടിപ്പിടിക്കുക തന്നെ ചെയ്യും.

 

മുതിര്‍ന്നവരില്‍ ച്യൂയിങ് ഗം ശീലമാക്കിയവര്‍ ദിവസം രണ്ടില്‍ കൂടുതല്‍ ച്യൂയിങ് ഗം ചവക്കാതിരിക്കുക. ചവച്ചതു വിഴുങ്ങാതെ കടലാസിലോ ഇലയിലോ ചുരുട്ടി പുറത്തു കളയുക. മറ്റുള്ളവര്‍ തുപ്പിയ ച്യൂയിങ് ഗം നമ്മുടെ ചെരുപ്പിലോ കയ്യിലോ വണ്ടിയുടെ ടയറിലോ ഒക്കെ ഒട്ടി പിടിക്കുന്നത് ഏറ്റവും അറപ്പ് ഉളവാക്കുന്ന കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ.

 

വലിച്ചു നീട്ടാവുന്നതും കട്ടിയുള്ളതുമായ അസംസ്കൃത വസ്തുക്കള്‍ കൊണ്ടാണ് ച്യൂയിങ്ഗമിലെ പശ നിര്‍മിക്കുന്നത്. ഭക്ഷണ പദാർഥങ്ങള്‍ പോലെ എളുപ്പത്തില്‍ വിഴുങ്ങാന്‍ പറ്റുന്ന വിധത്തിലല്ല ഇതിനെ രൂപകല്പന ചെയ്തിരിക്കുന്നത്. ച്യൂയിങ് ഗം പോലുള്ള ഏതൊരു വസ്തുവും തൊണ്ടയ്ക്കുള്ളില്‍ കുടുങ്ങിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധർ പ്രസ്താവിച്ചിട്ടുണ്ട്. 

 

ഷുഗര്‍ ച്യൂയിങ്ഗത്തിൽ ചേര്‍ക്കുന്ന സോർബിടോള്‍ ഘടകങ്ങള്‍ ചെറിയ അളവില്‍ ശരീരത്തില്‍ ചെന്നതുകൊണ്ട് ദഹനപ്രക്രിയക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാല്‍ വളരെ കൂടിയ അളവില്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ അതിസാരത്തിന് ഇടയാക്കും. ച്യൂയിങ് ഗം വിഴുങ്ങിയാല്‍ അത് ദഹിക്കാതെ കിടന്ന് ചിലര്‍ക്ക് മലബന്ധത്തിന് ഇടയാക്കുമെന്നും സംഘടന പറയുന്നു.

 

കുട്ടികള്‍ ച്യൂയിങ് ഗം ചവച്ചു കഴിഞ്ഞാല്‍ തുപ്പാന്‍ മറന്നു പോകാനും അബദ്ധത്തില്‍ വിഴുങ്ങാനും ഇടയുണ്ട്. മിഠായിയും ച്യൂയിങ്ഗമും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകുന്ന പ്രായത്തില്‍ മാത്രമേ കുട്ടികള്‍ക്ക് ച്യൂയിങ് ഗം കൊടുക്കാവൂ

 

English Summary : Swallowing gum: Is it harmful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com