ADVERTISEMENT

വേനലവധിയും മഹാമാരിയും തീർത്ത നീണ്ട ഇടവേളക്ക് ശേഷം നമ്മുടെ വിദ്യാലയങ്ങള്‍  തുറക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാനം കുറച്ച് ദിവസങ്ങള്‍ മാത്രമാണ് സ്‌കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലവും ഓണ്‍ലൈനായിരുന്നു പഠനം. ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ വിദ്യാലയങ്ങള്‍ തുറക്കാൻ സാധിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്ന വസ്തുതയാണ്. 

"സമൂഹത്തിലെ ഒരു അംഗമെന്ന നിലയിൽ എല്ലാ കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് തന്റെ ലക്ഷ്യം നിറവേറ്റാൻ മനുഷ്യനെ പരിശീലിപ്പിക്കുന്ന പ്രക്രിയയായിട്ടാണ്" യവന ചിന്തകനായ അരിസ്റ്റോട്ടിൽ വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്.

സാമൂഹ്യ ജീവിയായ മനുഷ്യന്റെ പരിശീലനക്കളരി ആണ് വിദ്യാലയങ്ങൾ. കോവിഡ് മഹാമാരിയും അതേത്തുടർന്നുണ്ടായ അടച്ചിരുപ്പു കാലവും സാമ്പ്രദായികമായ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പ്രാധാന്യം കുറച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. ഓൺലൈൻ വിദ്യാഭ്യാസവും സാങ്കേതിക വിദ്യയുടെ കടന്നുവരവും ഒരുപക്ഷേ ഈ അഭിപ്രായത്തിന് കാരണമായേക്കാം എന്നാൽ കേവലമായ അക്കാദമിക് തലത്തിനും അപ്പുറമുള്ള വിശാലമായ ലക്ഷ്യങ്ങൾ വിദ്യാഭ്യാസത്തിനുണ്ട് എന്നതിന് കഴിഞ്ഞ നാളുകൾ സാക്ഷിയാണ്. കളിചിരിയും ആഘോഷങ്ങളും നിറഞ്ഞ കലാലയ ദിനങ്ങൾ, അധ്യാപകരുടെ സ്നേഹ ശാസനകൾ, സൗഹൃദങ്ങളുടെ ഒത്തുചേരലുകൾ ഇവയെല്ലാം അന്യമായിരുന്ന നാളുകളാണ് കഴിഞ്ഞു പോയത്. സ്കൂൾ ഒന്ന് തുറന്നിരുന്നു എങ്കിൽ എന്നാശിച്ച എത്രയോ വിദ്യാർത്ഥി സുഹൃത്തുക്കൾ, ഓൺലൈൻ ക്ലാസുകളിൽ മിന്നിമറയുന്ന പ്രിയ വിദ്യാർഥികളുടെ മുഖങ്ങൾ നേരിൽ കാണാൻ കൊതിയോടെ കാത്തിരുന്ന അധ്യാപകർ. തങ്ങളുടെ മക്കളുടെ ഭാവി ഇരുളടയുമോ എന്ന ആശങ്കയോടെ സ്കൂൾ തുറക്കാൻ പ്രാർത്ഥിച്ച മാതാപിതാക്കൾ. ഇവരെല്ലാം അടിവരയിട്ടു പറയുന്നത് നമ്മുടെ കലാലയങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ആണ്.

പ്രിയപ്പെട്ട കുട്ടികളെ,

കളിചിരികൾ നിറഞ്ഞ, പഠനവും പാഠ്യേതര പ്രവർത്തനങ്ങളും സൗഹൃദങ്ങളും ഉല്ലാസ യാത്രകളും കലാവേദികളും എല്ലാം നിറഞ്ഞ പുതിയ കലാലയ വർഷം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ലോകം മുഴുവൻ ആഗ്രഹിക്കുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ കഴിയട്ടെ. പഠന മേഖലകളിൽ ഉണ്ടായിട്ടുള്ള പോരായ്മകൾ പരിഹരിച്ചുകൊണ്ട് കൂടുതൽ ഉത്സാഹത്തോടെ മുന്നോട്ടു പോകുവാൻ പരിശ്രമിക്കണം. ശാരീരികമായോ മാനസികമായോ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ അധ്യാപകരോടും മാതാപിതാക്കളോടും പങ്കുവയ്ക്കാൻ മടിക്കരുത്. കോവിഡ മഹാമാരി കഴിഞ്ഞുപോയിട്ടില്ല അതുകൊണ്ട് സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു വേണം നിങ്ങളുടെ സ്കൂൾ ജീവിതം. ജാതിയുടെയും മതത്തിന്റെയും മറ്റു പലതിന്റെയും പേരിലുള്ള വേർതിരിവുകളെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം ഓൺലൈനിൽ നിന്നും ഓഫ്‌ലൈൻ ലേക്കുള്ള മാറ്റം കൂടുതൽ സജീവമായ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് സഹായകമാകട്ടെ.

റോളുകൾ മാറുന്ന അധ്യാപകർ

"ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം എന്നത് വെറും വിവരങ്ങള്‍ നല്‍കുന്നത് മാത്രമല്ല, എല്ലാ അസ്ഥിത്വത്തോടെയും നമ്മുടെ ജീവിതത്തില്‍ ഐക്യമുണ്ടാക്കുകയാണ്'' എന്ന്  അഭിപ്രായപ്പെട്ടത് രബീന്ദ്രനാഥ ടാഗോറാണ്‌.  ലേണിങ് ആപ്പുകളും, വെബ്സൈറ്റുകളും ഒക്കെ യായി പഠനം ഓൺലൈനിൽ നടക്കുന്ന കാലത്തു കേവലം വിവരങ്ങൾ വിനിമയം ചെയ്യുന്നവർ എന്ന സ്ഥാനത്തിനപ്പുറം  അധ്യാപനം കൂടുതൽ അഴമേറിയ തലങ്ങളിലേക്ക് വളരുകയാണ്. വിദ്യാർഥികളുടെ മനസ്സും അഭിരുചികളും വായിച്ചറിയുന്ന മെൻറ്റർമാരെയാണ് ഈ കാലം ആവശ്യപ്പെടുന്നത്. ക്ലാസ് മുറികളിലെ പൊള്ളുന്ന ജീവിതങ്ങളെ വ്യക്തിപരമായി സ്പർശിക്കാനും ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും കഴിയുന്നവർ കാലമേറെ കഴിഞ്ഞാലും ശിഷ്യരുടെ മനസ്സുകളിൽ ജീവിക്കും. കോവിഡിനു ശേഷം ക്ലാസ് മുറികൾ സജീവമാകുമ്പോൾ ഇത്തരം വ്യക്തിപരമായ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പഠന വൈകല്യങ്ങളും പെരുമാറ്റ ദൂഷ്യങ്ങളും ഒക്കെ കണ്ടെത്താനും യഥാസമയം സൃഷ്ടിപരാമായ പരിഹാര മാർഗം കടത്താനും കഴിയുക അധ്യാപകർക്കാണ്. പരിശീലനം സിദ്ധിച്ച സ്കൂൾ കൗൺസിലർമാരുടെ സേവനം ഇക്കാര്യത്തിൽ തേടാവുന്നതാണ്.

രക്ഷാകര്‍ത്താക്കളോട്....

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും മനോഭാവ നിര്‍മിതിയിലും രക്ഷാകര്‍ത്താക്കള്‍ക്കുള്ള പങ്ക് സുവിദിതമാണ്. എന്നിരുന്നാലും ഔപചാരിക വിദ്യാഭ്യാസത്തില്‍ തങ്ങളുടെ പങ്ക് തുലോം പരിമിതമാണെന്ന ധാരണയാണ് സമീപകാലം വരെ സാധാരണക്കാരായ രക്ഷിതാക്കള്‍ക്കു പൊതുവെ ഉണ്ടായിരുന്നത്. അധ്യാപകരക്ഷാകര്‍തൃ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കളുടെ എണ്ണം അടുത്ത കാലം വരെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് പ്രതിമാസ ക്ലാസ് പി.ടി.എ കളില്‍ വരെ സ്ഥിരമായി പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ ഉത്സാഹം കാണിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ നിദര്‍ശനമാണിത്. വലിയ ഇടവേളക്ക് ശേഷം സ്കൂളുകളിൽ മടങ്ങിയെത്തുന്ന കുട്ടികളിൽ നിരവധി പ്രശ്നങ്ങൾ കാണാൻ സാധ്യതയുണ്ട്. ഈ അധ്യായന വർഷത്തിൽ നമുക്ക് കൂടുതലായി കുട്ടികളുമായും അവരുടെ അധ്യാപകരുമായും സമ്പർക്കത്തിൽ ഏർപ്പെടാം.നിരന്തരമായ ഇട പെടലുകളിലൂടെ നമുക്ക് നമ്മുടെ കുട്ടികളെ നേടാം.

ഈ ദിവസങ്ങളിൽ ഏറെ ഉദ്ധരിക്കപ്പെട്ട ഖലീൽ ജിബ്രാന്റെ വാക്കുകൾ ഒരിക്കൽ കൂടി ഓർത്തെടുത്തുകൊണ്ട് നിർത്താം. 

"നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല,

ജീവിതത്തിന്‌, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന്‌ ജനിച്ച കുട്ടികളാണവർ. നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത്‌ നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല.അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം; പക്ഷേ നിങ്ങളുടെ ചിന്തകൾ അരുത്‌, എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌. അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം.പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല,എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌

അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.

അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം.

(തൃക്കാക്കര ഭാരത മാതാ കോളേജിൽ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രൊഫസർ ആണ് ലേഖകൻ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com