ADVERTISEMENT

ബ്രെസ്റ്റ് ഫീഡിങ്ങിന്റെ അത്രതന്നെ പ്രാധാന്യമുള്ളതാണ് വീനിങ്ങും സപ്ലിമെന്ററി, കോംപ്ലിമെന്ററി ഫീഡിങ്ങും. കുഞ്ഞിന് മുലപ്പാലോ ഫോർമുല മിൽക്കോ അല്ലാതെ പുതിയ ഭക്ഷണം കൊടുത്തു തുടങ്ങുന്നതിനെയാണ് വീനിങ് എന്നു പറയുന്നത്. 

ആറുമാസം മുലപ്പാൽ മാത്രം കുടിച്ചു വളർന്ന കുട്ടിക്ക് പുതിയ ഫുഡ് കൊടുത്തു തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, എന്തു കൊടുക്കണം തുടങ്ങി ഒരുപാടു സംശയങ്ങളുണ്ടാവും രക്ഷിതാക്കൾക്ക്. അങ്ങനെയുള്ളവർ വീനിങ്ങിനെക്കുറിച്ചും സപ്ലിമെന്ററി, കോംപ്ലിമെന്ററി ഫുഡുകളെക്കുറിച്ചും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ ആറുമാസം വരെ ബ്രെസ്റ്റ് ഫീഡ് െചയ്യുന്ന കുട്ടിയിൽ മസ്തികഷ്കത്തിന്റെ വളർച്ചയും വികാസവും‌മാണ് നടക്കുന്നത്. അപ്പോൾ അമ്മയുടെ പാലിനൊപ്പം ഒരു സപ്ലിമെന്ററി, കോംപ്ലിമെന്ററി ഫുഡ് കൂടി നൽകിയാലേ പ്രായത്തിനനുസരിച്ച് കുഞ്ഞിന്റെ വളർച്ചയും വികാസവുമുണ്ടാകൂ.

6 മാസം വരെ പാലു കുടിച്ച കുഞ്ഞ് പുതിയൊരു ഭക്ഷണം കഴിക്കുകയാണ്. മുതിർന്ന ഒരാൾ കഴിക്കുന്നതുപോലെയുള്ള ഭക്ഷണങ്ങൾ കുഞ്ഞിനു കൊടുക്കാൻ പറ്റില്ല. ഓരോ ഭക്ഷണവും കുഞ്ഞിനു ഘട്ടംഘട്ടമായി പരിചയപ്പടുത്തണം. സാധാരണഗതിയിൽ ആദ്യം കൊടുക്കുന്നത് കുറുക്ക് രൂപത്തിലുള്ള ഭക്ഷണമാണ്. കണ്ണങ്കായ ഉണക്കിപ്പൊടിച്ചും സൂചി ഗോതമ്പ് പൊടിച്ചും റാഗി പൗഡർ കുറുക്കിയുമൊക്കെ കൊടുക്കാറുണ്ട്. ഇങ്ങനെയാണ് വീനിങ്ങും സപ്ലിമെന്ററി, കോംപ്ലിമെന്ററി ഫീഡിങ്ങും തുടങ്ങുന്നത്. 

ഓരോന്നായി പരിചയപ്പെടുത്താം

എല്ലാ ഭക്ഷണവും കൂടി ഒരുമിച്ചു കൊടുക്കാതെ ഓരോന്നായി കുഞ്ഞിനു പരിചയപ്പെടുത്തണം. ആദ്യം റാഗി പൗഡറാണ് കുഞ്ഞിന് കൊടുക്കുന്നതെങ്കിൽ റാഗി വാങ്ങി കഴുകി വൃത്തിയാക്കി ഒന്നു മുളപ്പിച്ച് വെയിലത്തു വച്ച് ഉണക്കി തവിടു കളയാതെ പൊടിച്ച് അരിച്ച് കുറുക്കിയാണ് കൊടുക്കുന്നത്. ഇത് കൊടുത്തു തുടങ്ങിയാൽ രണ്ടാഴ്ച വരെ തുടർച്ചയായി ആ ഭക്ഷണം കൊടുക്കണം. കുഞ്ഞിന് അതുമായി പരിചയമാകാനുള്ള സമയം വേണം. രണ്ടാഴ്ച കഴിയുമ്പോൾ അത് നിർത്താതെ, രാവിലെ ബ്രെസ്റ്റ് മിൽക്കിന്റെ കൂടെ കുഞ്ഞിന് റാഗി കൊടുത്ത് ശീലിപ്പിച്ച് വൈകുന്നേരം അടുത്ത ഒരു ഭക്ഷണം കൂടി പരിചയപ്പെടുത്താം . ഒരെണ്ണം മാറ്റി മറ്റൊന്ന് പരിചയപ്പെടുത്തുകയല്ല ചെയ്യേണ്ടത് പകരം നമ്മൾ ആദ്യം കൊടുത്ത റാഗിയുടെ കൂടെത്തന്നെ കണ്ണങ്കായ പൊടിച്ചതോ നുറുക്ക് ഗോതമ്പ് പൊടിച്ചതോ കൂടി കുറുക്കാക്കി പരിചയപ്പെടുത്താം. അതു രണ്ടാഴ്ച തുടരാം. ഈ രണ്ടു ഭക്ഷണവുമായി കുഞ്ഞ് പരിചയപ്പെട്ടതിനു ശേഷമേ അടുത്തതു നൽകാവൂ. ഈ സമയത്ത് ബ്രെസ്റ്റ് മിൽക്ക് നിർത്തരുത്. രണ്ടു നേരം അഡീഷനൽ ഫുഡ് കൊടുത്തിട്ട് ബാക്കി സമയങ്ങളിൽ ബ്രെസ്റ്റ് മിൽക്ക് തന്നെ നൽകാം.

smart-parenting-weaning-and-supplementary-foods
Representative image. Photo Credits: Shutterstock.com

സൂചി ഗോതമ്പ് നന്നായി കഴുകി ഉണക്കിപ്പൊടിച്ച് ഫൈൻ രൂപത്തിലാക്കി കുറുക്കി കൊടുക്കുന്നത് നല്ലതാണ്. പണ്ടൊക്കെ വീനിങ് തുടങ്ങുമ്പോൾ ഇത് കുതിർത്ത് ചാറ് പിഴിഞ്ഞെടുത്ത് അത് കുറുക്കി കൊടുക്കുകയായിരുന്നു. അപ്പോൾ അതിന്റെ മൊത്തം പോഷകമൂല്യം കുട്ടിക്ക് കിട്ടുന്നില്ല. അതിലെ ഫൈബർ കണ്ടന്റ് അരിച്ചെടുത്തു മാറ്റി ബാക്കിയുള്ള ചാറാണ് നമ്മൾ ഇത്തിരി ശർക്കരയോ കൽക്കണ്ടമോ ഒക്കെ ചേർത്തു രുചി കൂട്ടി കൊടുക്കുന്നത്. അതിനു പകരം മൊത്തത്തിൽ പൊടിച്ച് അരിച്ചെടുത്ത് കുറച്ച് വെള്ളവും കൽക്കണ്ടമോ ശർക്കരയോ കൂടിയും ചേർത്ത് കുറുക്കു രൂപത്തിൽ കൊടുക്കുകയാണു വേണ്ടത്.

ഇങ്ങനെ ഒരു മൂന്ന് ഭക്ഷണങ്ങൾ പരിചയപ്പെട്ടു കഴിയുമ്പോൾ കുഞ്ഞ് ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്ക് എത്തും. ആറേഴു മാസമാകുമ്പോൾ ചെറിയ രീതിയിൽ കട്ടിയുള്ള ഭക്ഷണം കൊടുക്കാം. കട്ടിയുള്ളത് എന്നുപറഞ്ഞാൽ മുതിർന്നവർ കഴിക്കുന്ന നിലയിലുള്ളതല്ല, അത് വേവിച്ച് ഉടച്ച് കുഞ്ഞുങ്ങൾക്കു കഴിക്കാൻ പറ്റുന്ന രീതിയിലാക്കണം. ഏഴെട്ടു മാസമാകുമ്പോൾ മുട്ടയുടെ മഞ്ഞ കൊടുത്തു തുടങ്ങാം. അതുപോലെ നല്ല ദശയുള്ള മീനിന്റെ കഷണം മുള്ളു കളഞ്ഞ് വേവിച്ചു കൊടുക്കാം. ചോറൂണ് പോലെയുള്ള ആചാരങ്ങൾ പിന്തുടരുന്നവർ അതു കഴിഞ്ഞ ശേഷമായിരിക്കും അരിയാഹാരവും മുട്ട, മീൻ പോലയുള്ളവയും കൊടുക്കുന്നത്.

ചോറൂണ് കഴിഞ്ഞു എന്നു കരുതി ചോറുരുട്ടി കൊടുക്കാതെ, അത് നന്നായി വേവിച്ചുടച്ച് മൃദുവാക്കി കുഞ്ഞിന് കഴിക്കാൻ പറ്റുന്ന രീതിയിൽ കൊടുക്കുക. പലരും മിക്സിയിൽ ചോറ് അരച്ചു കൊടുക്കാറുണ്ട്. അത് നല്ല പ്രവണതയല്ല. കാരണം കു‍ഞ്ഞ് ആഹാരത്തിന്റെ രുചി അറിഞ്ഞ് കഴിക്കുന്ന ഒരു പ്രോസസിലേക്ക് അത് എത്തുന്നില്ല. നന്നായി വേവിച്ചുടച്ച് കൊടുക്കുകയാണെങ്കിൽ അത് കഴിക്കുമ്പോൾ കുഞ്ഞുങ്ങളുെട ചവയ്ക്കുന്ന പ്രോസസ് കൂടി നല്ല രീതിയിൽ വരാൻ സാധ്യതയുണ്ട്. 

അതുപോലെ നമ്മൾ കഞ്ഞിയായിട്ടാണല്ലോ കുഞ്ഞുങ്ങൾക്ക് ചോറു കൊടുക്കുന്നത്. അതിനൊപ്പം എന്തെങ്കിലും ഒരു പയറോ പരിപ്പോ കൂടി ചേർത്തു കൊടുക്കാം. ചോറ് കാർബോഹൈഡ്രേറ്റ് ആണെന്ന് എല്ലാവർക്കും അറിയാം. എനർജി ഗിവിങ് ഫുഡ് ആണ്. പക്ഷേ പ്രോട്ടീൻ റിച്ചായ ഫുഡ് ശരീരത്തിൽ എത്തിയാൽ മാത്രമേ കുഞ്ഞുങ്ങളുടെ വളർച്ച നന്നായി നടക്കുകയുള്ളൂ. അതിന് പരിപ്പ്, പയർ തുടങ്ങിയവ അരിയുടെ കൂടെ ഇട്ട് നന്നായി വേവിച്ച് കുറച്ച് നെയ്യും ഉപ്പും ചേർത്ത് ഉടച്ചു കൊടുക്കുന്നത് നന്നായിരിക്കും.

പശുവിന്റെ പാൽ നല്ലതോ?

കുഞ്ഞിന് ഭക്ഷണം കൊടുത്തു തുടങ്ങുമ്പോൾ പല അമ്മമാർക്കും ഉള്ള സംശയം ആണ് പശുവിന്റെ പാൽ കൊടുക്കണോ എന്ന്. പശുവിന്റെ പാൽ കൊടുക്കുന്നതു കൊണ്ടു തെറ്റില്ല. പക്ഷേ ബ്രെസ്റ്റ് മിൽക്ക് രണ്ടു വയസ്സു വരെ കൊടുക്കണം. ബ്രെസ്റ്റ് മിൽക്കിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. കുട്ടികളുടെ വളർച്ച, രോഗപ്രതിരോധശക്തി എന്നിവയ്ക്കൊക്കെ ബ്രെസ്റ്റ് മിൽക്കിൽ കിട്ടുന്ന അത്രയും പോഷകമൂല്യം മറ്റൊരു പാലിലുമില്ല. ഓരോ ജീവിയുടെയും പാൽ അതിന്റെ കുഞ്ഞിനാണെന്നാണ് പറയുന്നത്. ഒരു മനുഷ്യക്കുഞ്ഞിന്റെ വളർച്ചയിൽ മസ്തിഷ്ക വികാസത്തിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ ശാരീരിക വളർ‌ച്ചയ്ക്കോ ശരീരഭാരം കൂടാനോ ഉള്ള പോഷകമൂല്യത്തെക്കാൾ കൂടുതൽ മസ്തിഷ്ക വികാസത്തിനുള്ള പോഷകമൂല്യം ആയിരിക്കും ബ്രെസ്റ്റ് മിൽക്കിന്.  പശുവിന്റെയോ ആടിന്റെയോ പാൽ അവയുടെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ളതാണ്. അവർക്ക് ബ്രെയിൻ ഡവലപ്മെന്റല്ല പകരം കൈയുടെയും കാലിന്റെയും കരുത്ത് ആണ് പ്രധാനം. പശുവിന്റെ പാൽ കൊടുത്താൽ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നത് അങ്ങനെയുള്ള ഒരു വെയ്റ്റ് ഗെയിനിങ് മാത്രമായിരിക്കും. അതുകൊണ്ട് പശുവിന്റെ പാൽ കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ ബ്രെസ്റ്റ് മിൽക്ക് ഉണ്ടെങ്കിൽ സപ്ലിമെന്ററി ഫുഡിനൊപ്പം ബ്രെസ്റ്റ് ഫീഡ് കൂടി ചെയ്യുന്നത് നല്ലതാണ്. 

അമ്മമാർക്ക് ബ്രെസ്റ്റ് മിൽക്ക് ഇല്ലാതെ വരുമ്പോഴോ ആരോഗ്യപ്രശ്നങ്ങളോ ജോലിത്തിരക്ക‍ോ മൂലം തുടർച്ചയായി ബ്രെസ്റ്റ് ഫീഡിങ് നടക്കാത്തപ്പോഴോ കുഞ്ഞിന് രണ്ടു നേരമൊക്കെ പശുവിൻ പാലോ കവർ പാലോ കാച്ചി കൊടുക്കുന്നതിൽ തെറ്റില്ല. അവർക്ക് അതു കൊണ്ടു ദോഷങ്ങളൊന്നും വരില്ല. പക്ഷേ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് പാൽ കുടിക്കുന്ന രീതി മാറ്റുന്നത് നന്നായിരിക്കും. കുഞ്ഞുങ്ങൾക്ക് ഈ പാൽ‍‍ ദഹിക്കാൻ കൂടുതൽ സമയം വേണം. 

ശ്രദ്ധിക്കേണ്ടത് പോഷകമൂല്യത്തിൽ

കു‍ഞ്ഞിനു വീനിങ് തുടങ്ങുമ്പോൾ വയറുനിറയുക എന്നതിനപ്പുറം എത്ര പോഷകമൂല്യം കിട്ടുന്നു എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. യാതൊരു പോഷകമൂല്യവും ഇല്ലാത്ത ഭക്ഷണം ധാരാളം കൊടുത്ത് വയറു നിറച്ചാൽ കുഞ്ഞ് കിടന്നുറങ്ങും. പക്ഷേ കുഞ്ഞിന്റെ വളർച്ചയും വികസനവും എത്രത്തോളം നടക്കുന്നുവെന്ന് നമുക്ക് ഉറപ്പു വരുത്താൻ പറ്റില്ല. അതുകൊണ്ടുതന്നെ ഭക്ഷണം എത്രത്തോളം പോഷകമൂല്യം ഉള്ളതാണ്, അത് ഏത് രീതിയിലാണ് കുഞ്ഞിന് ഗുണപ്രദമായി കിട്ടുന്നത്, എത്ര അളവ് കുഞ്ഞ് കഴിക്കും, അതിനെ ഏതൊക്കെ രീതിയിൽ ഡിവൈഡ് ചെയ്തു കൊടുക്കാം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി വേണം വീനിങ് തുടങ്ങാൻ. 

ഒരു വയസ്സു കഴിയുമ്പോൾ മുതൽ കുഞ്ഞിന് അമ്മ കഴിക്കുന്ന രീതിയിൽ ചോറ് വേവിച്ചുടച്ച് ഉരുള രൂപത്തിൽ കൊടുക്കാം. ഒപ്പം നെയ്യ്, വെണ്ണ, വെളിച്ചെണ്ണ  മുതലായവ കുഞ്ഞുങ്ങൾക്ക് കിട്ടുന്നത് നല്ലതാണ്. അതൊക്കെ എട്ടോ ഒമ്പതോ മാസം കഴിഞ്ഞ് പരിചയിപ്പിക്കാം. അതുപോലെ തന്നെ പ്രധാനമാണ് പച്ചക്കറികളും. പയർ, കടല തുടങ്ങിയവ വേവിച്ചുടച്ചു ചോറിനൊപ്പം കൊടുക്കുന്നതും കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയവ വേവിച്ചുടച്ച് നെയ്യോ വെണ്ണയോ ചേർത്ത് കൊടുക്കുന്നതും വളർച്ചയ്ക്ക് നല്ലതായിരിക്കും. 

അതുപോലെ തന്നെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും ഉൾപ്പെടുത്തണം. നന്നായി പഴുത്ത ഏത്തപ്പഴം പുഴുങ്ങി ഉടച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കാറുണ്ട്. കുഞ്ഞുങ്ങളുെട വളർച്ചയ്ക്കും ഭാരം കൂടാനും ഏത്തപ്പഴം നല്ലതാണ്. ആപ്പിൾ, ഓറഞ്ച് ജ്യൂസ് എന്നിവയും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. 

ബേബി ലെഡ് വീനിങ്

കുഞ്ഞിനെ ബേബി സിറ്റിങ് ചെയറിൽ ഇരുത്തി പുതിയ ഭക്ഷണം മുന്നിൽ വച്ചുകൊടുക്കും. അത് കുഞ്ഞു തന്നെ എടുത്തു കഴിക്കുന്ന രീതിയാണ് ബേബി ലെഡ് വീനിങ്. ഇരുന്നു തുടങ്ങിയ കുഞ്ഞിനു മാത്രമേ ഇതു തുടങ്ങാവൂ. പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച ഈ രീതി ഏതാനും വർഷമേ ആയിട്ടുള്ളൂ ഇവിടെയെത്തിയിട്ട്. അമ്മമാരും മറ്റും കുഞ്ഞുങ്ങൾക്കു ഭക്ഷണം വായിൽവച്ചു കൊടുക്കുന്നതിനു പകരം കുഞ്ഞുങ്ങൾതന്നെ എടുത്തു കഴിക്കുന്ന രീതിയാണിത്. ആറ്, എട്ട് മാസമൊക്കെ ആകുമ്പോൾ കുഞ്ഞുങ്ങൾ കൈ എപ്പോഴും വായില്‍ വച്ചു കൊണ്ടിരിക്കും. അല്ലെങ്കിൽ നിലത്തുനിന്നു കിട്ടുന്ന സാധനങ്ങള്‍ എടുത്തു വായിൽ വയ്ക്കും. ഇതാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. 

ആപ്പിൾ, കാരറ്റ്, ഏത്തയ്ക്ക ഇവയൊക്കെ കുഞ്ഞിന് പിടിക്കാൻ പാകത്തിൽ മുറിച്ച് നന്നായി വേവിച്ചു മുൻപിൽ വച്ചു കൊടുക്കാം. ഇതിനു പല ഗുണങ്ങളുണ്ട്. ഒന്ന്, കുഞ്ഞ് ഭക്ഷണം തിരിച്ചറിയുന്നു. അതിന്റെ രുചി, മണം, നിറം ഒക്കെ മനസ്സിലാക്കി കഴിക്കുന്നു. രണ്ട്, ഇവരുടെ ഫൈൻ മോട്ടർ സ്കില്ലും (കയ്യിലെ ചെറിയ മസിലുകളുടെ ചലനം) ഗ്രോസ് മോട്ടർ സ്കില്ലും (കൈകാലുകളിലെയും ശരീരത്തിലെയും വലിയ മസിലുകളുടെ ചലനം) കുറച്ചു കൂടി വികസിക്കും. കൈ കൊണ്ടു പിടിക്കുന്നതും വായിൽ വയ്ക്കുന്നതും കാർന്നു തിന്നുന്നതും ചവയ്ക്കുന്നതുമൊക്കെ എങ്ങനെയെന്ന് കുഞ്ഞുങ്ങൾ തനിയെ മനസ്സിലാക്കുകയാണ്.  കടല, പയർ, വൻപയർ, മുതിര ഇങ്ങനെയുള്ള സാധനങ്ങൾ വെറുതെ ഉപ്പിട്ട് വേവിച്ച് ചാറ് കളഞ്ഞ് ആ പയറും കുറുക്കുമൊക്കെ േടബിളിൽ വച്ചു കൊടുത്താൽ കുഞ്ഞ് തനിയെ പെറുക്കി തിന്നും. അപ്പോൾ അവരുടെ ഫൈൻ മോട്ടർ സ്കിൽസാണ് വികസിക്കുന്നത്. അതിനൊപ്പം അവരുടെ ബുദ്ധിവികാസവും സംഭവിക്കും. ഇതിന്റെ സ്വാദ് ഇങ്ങനെയാണ്, ഇത് കഴിക്കേണ്ടത് ഇങ്ങനെയാണ് എന്നൊക്കെ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും. 

 

ഭക്ഷണങ്ങളെല്ലാം കൂടി അരച്ച് ഉടച്ചു കൊടുക്കുമ്പോൾ കുഞ്ഞിന് അവ വേർതിരിച്ച് അറിയാൻ പറ്റില്ല. അതേസമയം ഓരോന്നും പ്രത്യേകം കാണിച്ചു കൊടുക്കുമ്പോൾ കുഞ്ഞിന് സ്വാദും തിരിച്ചറിയാനും ഓരോന്നും കഴിക്കേണ്ട രീതി മനസ്സിലാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ബേബി ലെഡ് വീനിങ് നല്ലൊരു രീതിയാണ്. ബേബി ലെഡ് വീനിങ് എന്നു പറഞ്ഞു കുഞ്ഞിന് ഭക്ഷണം മുന്നിൽ വച്ചു കൊടുത്തിട്ടു പോകരുത്. കുഞ്ഞിന്റെ കൂടെ ഇരിക്കണം. കുഞ്ഞ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ചിലപ്പോൾ ഭക്ഷണം ഇറങ്ങിപ്പോകാനുള്ള ബുദ്ധിമുട്ടൊക്കെ കുഞ്ഞ് കാണിക്കും. അവർ തന്നെ ചോക്ക് ചെയ്ത് അത് പുറത്തേക്കെടുത്തുകൊള്ളും. പക്ഷേ നമ്മൾ കൂടെയിരുന്ന് കറക്റ്റായിട്ടാണോ കുഞ്ഞ് കഴിക്കുന്നത്, എന്തെങ്കിലും ബുദ്ധിമുട്ട് കുഞ്ഞ് കാണിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. 

ജോലിക്കാരായ അച്ഛനമ്മമാർക്ക് പലപ്പോഴും അത്ര എളുപ്പമല്ല ബേബി ലെഡ് വീനിങ്. കുഞ്ഞിനു ഭക്ഷണം കൊടുത്തിട്ട് ഒപ്പമിരിക്കാനുള്ള സമയക്കുറവാണ് കാരണം. കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്കാണ് ഇത് എളുപ്പം സാധ്യമാകുക. 

മറ്റൊരു കാര്യം,  കുഞ്ഞുങ്ങളുടെ മുന്നിൽ ഭക്ഷണം വച്ചു കൊടുത്താൽ അവരത് വാരിവലിച്ചിടും എന്നതാണ്. നിലത്തും ടേബിളിലും ശരീരത്തിലുമൊക്കെ ഭക്ഷണാവശിഷ്ടങ്ങളുണ്ടാകും. നമ്മളതു വൃത്തിയാക്കേണ്ടിവരും. ആ ബുദ്ധിമുട്ടു കണക്കിലെടുക്കാതെ അവരെ ശീലിപ്പിച്ചാൽ വലുതാവും തോറും അവർ തനിയെ ഭക്ഷണം ആസ്വദിച്ചുകഴിച്ചുതുടങ്ങും 

അളവല്ല, ഗുണമാണ് പ്രധാനം

കുഞ്ഞിനു ഭക്ഷണം കൊടുക്കുമ്പോൾ എത്രത്തോളം കൊടുക്കുന്നു എന്നതിലല്ല, അതിന്റെ ഗുണത്തിലാണ് കാര്യം. ഭക്ഷണം നിർബന്ധിച്ചു കൊടുക്കരുത്. കുഞ്ഞ് തനിയെ ആസ്വദിച്ചു കഴിക്കട്ടെ. നിർബന്ധിച്ചാൽ കുഞ്ഞിന് ഭക്ഷണത്തിനോടുള്ള താൽപര്യം കുറയുകയും കഴിക്കാൻ മടി കാണിക്കുകയും ചെയ്യും. കുട്ടികളുടെ വയറു നിറഞ്ഞാലും പല അമ്മമാരും അവർക്കു തൃപ്തിയാവും വരെ ഭക്ഷണം കൊടുക്കും. അങ്ങനെ ചെയ്യേണ്ട. കുറച്ചു കഴിച്ചാൽ മതി. മൂന്നു നേരം എന്നുള്ളത് ആറു നേരമാക്കിയാൽ മതി. കഴിവതും അപ്പപ്പോൾ ഉണ്ടാക്കിക്കൊടുക്കുന്നതാവും നല്ലത്. ആവശ്യത്തിന് ആസ്വദിച്ച് കഴിക്കാനാണ് കുഞ്ഞുങ്ങളെ ശീലിപ്പിക്കേണ്ടത്. എങ്കിൽ മാത്രമേ കുഞ്ഞുങ്ങൾക്ക് ആ ഭക്ഷണശീലം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ പറ്റുകയുള്ളൂ.

ലേഖിക – ശാരിക സന്ദീപ് - സൈക്കളോജിക്കൽ കൗണ്‍സിലർ & പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനർ

English Summary : Smart parenting weaning and supplementary foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com