ADVERTISEMENT

ഒരു കുഞ്ഞിന്റെ വരവോടെ അച്ഛനമ്മമാരുടെ ജീവിതം മാറിമറിയുകയാണ്. ഇത്രയും കാലം ജീവിച്ചതല്ല ജീവിതം എന്ന തിരിച്ചറിവ് ലഭിക്കുന്ന സമയം. കുഞ്ഞിനെ വളർത്തി വലുതാക്കുന്നതിൽ അമ്മയോളം തന്നെ അച്ഛനും പ്രാധാന്യമുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതു കാരണമാണ് അമ്മമാരുടെ കഷ്ടപ്പാടുമായി തട്ടിച്ചുനോക്കുമ്പോൾ അച്ഛന്മാർ പലപ്പോഴും പിന്തള്ളപ്പെട്ടു പോകുന്നത്. അമ്മയുടെ ഉത്തരവാദിത്തങ്ങളും പങ്കിട്ടെടുത്ത് ഒരു നല്ല അച്ഛനാകുവാൻ എങ്ങനെയൊക്കെ ശ്രമിക്കാം എന്നു നോക്കാം.

ഒന്നിച്ചു പങ്കിടാം സമയം

പണ്ടത്തെപ്പോലെ കിടക്കയിലും സോഫയിൽ ചടഞ്ഞു കൂടിയിരുന്ന് സമയം കൊല്ലാം എന്നു വിചാരിക്കരുത്. കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കേണ്ടി വരുന്ന ഭാര്യയ്ക്ക് ഈ കാഴ്ച അത്ര സുഖകരമായിരിക്കില്ല. കുഞ്ഞിനു ഭക്ഷണം കൊടുക്കുക, കുഞ്ഞിനൊപ്പം കളിക്കുക, കുഞ്ഞിനെ ഉറക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ പങ്കിട്ടെടുത്ത് സ്നേഹനിധിയായ ഭർത്താവും അച്ഛനുമാകാം. ഉത്തരവാദിത്തങ്ങൾ പങ്കിടാനുള്ളതാണ് എന്ന സന്ദേശം ആയിരിക്കും ഈ പ്രവർത്തിയിലൂടെ കുഞ്ഞിനു ലഭിക്കുന്നത്.

വരുതിയിലാക്കാം ചെലവുകൾ

രണ്ടുപേർ മാത്രമുള്ളപ്പോൾ ഉള്ള ചെലവുകൾ ആയിരിക്കില്ല ഒരു കുഞ്ഞു കൂടി വരുമ്പോൾ. മരുന്ന്, ഡയപ്പർ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ ആവശ്യങ്ങളും ചെലവുകളും ഓരോവർഷവും വർദ്ധിക്കും. ഈ ആവശ്യങ്ങൾക്കനുസരിച്ച് നിക്ഷേപ ശീലം വളർത്തിയാൽ കുറച്ചു കാലങ്ങൾക്കു ശേഷം വേണ്ടിവരുന്ന പഠന ചെലവുകൾക്ക് ഒരു ആശ്വാസം കണ്ടെത്താം.

മനസ്സിലാക്കാം ഭാര്യയെ 

കുഞ്ഞിന്റെ വരവോടെ ഭാര്യക്ക് തന്നോടുള്ള താല്പര്യം കുറയാൻ തുടങ്ങിയോ എന്ന സംശയം ചിലർക്കെങ്കിലും തോന്നാറുണ്ട്. കുഞ്ഞിന്റെ ആവശ്യങ്ങൾക്ക് ഭാര്യ നൽകുന്ന മുൻഗണന മനസ്സിലാക്കി ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുത്താൽ വിവാഹജീവിതം കൂടുതൽ നിറമുള്ളതാക്കാം.

കുഞ്ഞിനു വേണ്ടി സമയം കണ്ടെത്താം 

നോക്കിനിൽക്കെ കുഞ്ഞുങ്ങൾ വളർന്നു വലുതാകും. കുഞ്ഞിന്റെ ഓരോ കാലഘട്ടത്തിലും അവരോടൊപ്പം ക്വാളിറ്റി ടൈം ചിലവഴിക്കുക. മധുരമുള്ള ഈ ഓർമ്മകൾ മാത്രമേ പിന്നീട് ഉണ്ടാകൂ, ആ കാലം പിന്നീട് തിരികെ ലഭിക്കില്ല.

പടിക്ക് പുറത്തു നിർത്താം സ്ട്രെസ്സിനെ

മേലധികാരിയുടെ ശകാരം കേട്ട വിഷമത്തോടെയോ, ടാർഗറ്റ് തികയാതെയുള്ള ടെൻഷനോടെയോ ആയിരിക്കും ഓഫീസിൽ നിന്നും ചിലപ്പോഴൊക്കെ നിങ്ങൾ വീട്ടിലെത്തുന്നത്. പക്ഷേ, നിങ്ങളോടൊപ്പം കളിക്കാനും സമയം ചെലവഴിക്കാനുമാകും കുഞ്ഞുങ്ങൾ കാത്തിരിക്കുന്നത്. ഓഫീസിലെ ടെൻഷനൊക്കെ അവിടെ തന്നെ ഉപേക്ഷിച്ച് കുട്ടികളുടെ പ്രിയപ്പെട്ട അച്ഛനായിട്ടായിരിക്കണം വീട്ടിലേക്കുള്ള മടക്കം.

English summary : Tips to be a good father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com