ADVERTISEMENT

മക്കൾ ഉയർന്ന നിലയിൽ എത്തണമെന്ന് ആ​ഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. ആ ആ​ഗ്രഹം പൂർത്തിയാക്കാനായി എന്തിനും തയാറാവുന്ന മാതാപിതാക്കളുണ്ട്. എന്നാൽ ചില മാതാപിതാക്കളുടെ പ്രവൃത്തികൾ അതിരു കടന്നതായിരിക്കും. മക്കളുടെ വ്യക്തിത്വത്തിനും ജീവിതത്തിനും കടുത്ത പ്രതിസന്ധികളാണ് ഇത് സൃഷ്ടിക്കുക. 

 

താരതമ്യം ആണ് ഇക്കൂട്ടത്തിൽ ഒന്നാമത്. മക്കളിൽ വാശി വളർത്താനും അവരെ പ്രചോദിപ്പിക്കാനുമാണ് ചില മാതാപിതാക്കൾ താരതമ്യം നടത്തുക. എന്നാൽ മക്കളിൽ അപകർഷതാബോധം വളർത്താനും ദേഷ്വവും വെറുപ്പും നിറയ്ക്കാനും ഇവ കാരണമാകുന്നു. അവനെ കണ്ടു പഠിക്ക്, ഇവളുടെ മാർക്ക് കണ്ടോ, അവരുടെ സ്വഭാവം ഇങ്ങനെയാണ്, നിന്നെ എന്തിന് കൊള്ളാം.... ഇങ്ങനെ നീളുന്നു ചില മാതാപിതാക്കളുടെ താരമത്യം. 

 

ഇത്തരം അഭിപ്രായങ്ങൾ നിരന്തരം കേൾക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ മാതാപിതാക്കൾ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനും തെറ്റുകൾ തിരുത്തി മുന്നേറാനും അവരെ പറഞ്ഞു മനസ്സിലാക്കിക്കാനുമായി നിങ്ങളുടെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കാം. ചരിത്രത്തിലെയും പുരാണങ്ങളിലെയും കഥകൾ പറഞ്ഞു കൊടുക്കാം. അങ്ങനെ നിരവധി കരുത്തുറ്റ മാർ​ഗങ്ങൾ ഉണ്ട്. അതിനു പകരം നശീകരണശേഷിയുള്ള താരതമ്യം ഒഴിവാക്കാം.

 

മക്കളെ എല്ലാ മത്സരങ്ങൾക്കും നിർബന്ധിച്ച് പങ്കെടുപ്പിക്കുന്ന മാതാപിതാക്കളുണ്ട്. അവർ താൽപര്യമില്ലെന്ന് പറഞ്ഞാലും വിടില്ല. മക്കളിൽ മത്സരബുദ്ധി കുത്തിവയ്ക്കാൻ പരമാവധി ശ്രമിക്കുന്ന ഇത്തരം മാതാപിതാക്കളെ കാണാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ മതി. അവർക്ക് ഇഷ്ടമുള്ളത് ചെയ്യുക എന്നല്ല, മാതാപിതാക്കൾ ആവശ്യപ്പെടുന്നതെല്ലാം ചെയ്യുക എന്ന രീതിയിലാണ് കാര്യങ്ങൾ. അവർക്ക് വിജയിക്കാനായില്ലെങ്കിൽ കുറ്റപ്പെടുത്തിയും പരിഹസിച്ചും സംസാരിക്കുന്നതും ഇവരുടെ ശീലമാണ്.

 

മക്കൾ എന്നാൽ മാതാപിതാക്കളുടെ ഇഷ്ടങ്ങൾ അനുസരിച്ച് ജീവിക്കേണ്ടവരാണ് എന്ന ചിന്ത വച്ചു പുലർത്തുന്നത് ദോഷമേ ചെയ്യൂ. സ്വന്തമായി തീരുമാനങ്ങൽ എടുക്കാനോ, ചിന്തിക്കാനോ, പ്രതികരിക്കാനോ കഴിവില്ലാത്തവരായി അവർ മാറാൻ ഇതെല്ലാം കാരണമായേക്കാം. ഒരോരുത്തരിലും വ്യത്യസ്തമായ കഴിവുകളാണ് ഉണ്ടാവുക. ആർക്കും ആരും പകരക്കാരാവില്ല. മറ്റൊരു കുട്ടിയുടെ കഴിവുകൾ തന്റെ കുഞ്ഞിനും വേണമെന്നു വാശിപിടിച്ചിട്ട് കാര്യമില്ല. ആ കഴിവ് അടിച്ചേൽപ്പിച്ച് ഉണ്ടാക്കാനാവില്ല. മക്കളിലുള്ള കഴിവുകൾ വളർത്തിയെടുക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. മറ്റൊരാളായി വളരാനല്ല സ്വയം പ്രകടിപ്പിച്ച് വളരാനാണ് അവരെ പരിശീലിപ്പിക്കേണ്ടത്. വ്യക്തിത്വവും കഴിവുകളും മെച്ചപ്പെടാനുള്ള പരീശീലനവും സഹായവും പിന്തുണയും നൽകാം.

 

English Summary : Parenting mistakes to avoid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com