' അവരെ അറിഞ്ഞിരുന്നെങ്കിൽ തിയറ്ററിൽ കയ്യടി വാങ്ങാൻ ഇത്രയും നാണം കെട്ട ഡയലോഗ് വിളിച്ചുപറയില്ലായിരുന്നു '

social-media-post-of-aparna-karthika-about-brother-and-differently-abled-kids
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം
SHARE

അച്ഛനമ്മമാർ ചെയ്ത പാപത്തിന്റെ ഫലമാണ്  ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാവുന്നത്  ഡയലോഗിന്റെ പേരിൽ പൃഥ്വിരാജ് ചിത്രം കടുവ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. സംഭവത്തിൽ തെറ്റുമനസിലാക്കിയ അണിയറ പ്രവർത്തകർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് മാധ്യമ പ്രവർത്തകയാണ് അപർണ കാർത്തിക. ഒരിക്കലെങ്കിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ കുറിച്ച്, അവരുടെ അമ്മയെയും അച്ഛനെയും കുറിച്ച് അവരുടെ കൂടെപ്പിറപ്പിനെ കുറിച്ച് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്ന ആമുഖത്തോടെയാണ് അപർണ കുറിപ്പ് പങ്കുവയ്ക്കുന്നത്. വിവിധ ജീവിത സാഹചര്യങ്ങളിൽ‌ ഭിന്നശേഷിക്കാരനായ തന്റെ കൂടപ്പിറപ്പ് നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെക്കുറിച്ചും അവഗണനകളെക്കുറിച്ചും അപർണ ഹൃദയം തുറന്നെഴുതുന്നു. കടുവ സിനിമയുമായി ബന്ധപ്പെട്ട് വന്നപരാമർശം വലിയ മാനസിക പ്രയാസമുണ്ടാക്കിയ സാഹചര്യത്തിലാണ് കുറിപ്പെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അപർണയുടെ കുറിപ്പ് വായിക്കാം.

ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാവുന്നത് അച്ഛനമ്മമാർ ചെയ്ത പാപത്തിന്റെ ഫലമാണെന്ന് ഒരു മൊഴിമുത്ത് കൂടി വീണു കിട്ടിയിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ സ്ത്രീപക്ഷ സൃഷ്ടികൾക്കൊപ്പം ചേർത്തുവെക്കേണ്ട ഒരു മഹത് വചനമാണത്. ഒരിക്കലെങ്കിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ കുറിച്ച്, അവരുടെ അമ്മയെയും അച്ഛനെയും കുറിച്ച് അവരുടെ കൂടെപ്പിറപ്പിനെ കുറിച്ച് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഞാനും ചിന്തിക്കുമായിരുന്നില്ല. അങ്ങനെയൊരു ആങ്ങളയില്ലായിരുന്നുവെങ്കിൽ. ഈ സമൂഹത്തിൽ അവർ എങ്ങനെ ജീവിക്കുന്നു എന്നോ അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എന്തൊക്കെയെന്നോ ചിന്തിക്കാൻ കഴിയുമായിരുന്നെങ്കിൽ, എതിരാളിയെ നേരിടാൻ, തിയറ്ററിൽ കയ്യടി വാങ്ങാനായി ഇത്രയും നാണം കെട്ട ഡയലോഗ് വിളിച്ചുപറയില്ലായിരുന്നു.

സ്വന്തം വീട്ടിൽ പോലും പുറത്തിറങ്ങാൻ നല്ല നേരം നോക്കേണ്ടി വരുന്ന ആയിരക്കണക്കിന് ഭിന്നശേഷിക്കാരുള്ള നാടാണ് നമ്മളുടേത്. സാമ്പത്തികമായും സാമൂഹികമായും പലരും തകർന്നു പോയത് ആ കുട്ടികൾക്ക് വേണ്ടിയാണ്. അസുഖം മാറാൻ മരുന്നിനൊപ്പം മന്ത്രവും പൂജയുമൊക്കെ പരീക്ഷിക്കുന്നവരുണ്ട്. അവരുടെ ഇമോഷൻസ് ചൂഷണം ചെയ്യുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ?

പൊതു സമൂഹത്തെ പേടിച്ച് അവരുടെ സഹതാപം തുളുമ്പുന്ന ചോദ്യങ്ങളെ പേടിച്ച് കുടുംബങ്ങളിലെ കല്യാണത്തിനോ ഉത്സവത്തിനോ മറ്റ് പരിപാടികൾക്കോ പോവാതിരുന്ന ബാല്യവും യൗവനും നിങ്ങൾക്ക് പരിചയമുണ്ടോ? അതത്ര സുഖമുള്ള കാര്യമല്ല. വ്യക്തിവികാസത്തിനും പെരുമാറ്റത്തിലും പഠിക്കേണ്ട പല പാഠങ്ങളും പഠിക്കാൻ പറ്റാതെ പോയ കൗമാരക്കാരെ പരിചയമുണ്ടോ? പെരുമാറ്റ വൈകല്യത്തിന്റെ പേരിൽ അവരൊറ്റപ്പെട്ടു പോവുന്നതിനെ കുറിച്ച് ചിന്തിക്കാനെങ്കിലും പറ്റുമോ?

ക്ലാസ് മുറികളിൽ ഒറ്റപ്പെട്ടുപോയ കുട്ടിക്കാലം അനുഭവിച്ചിട്ടുണ്ടോ? കാണുന്നവർ കാണുന്നവർ മുറിവേറ്റ ഹൃദയത്തിൽ ഒന്ന് തോണ്ടിയിട്ടു പോവുന്നത് അറിഞ്ഞിട്ടുണ്ടോ ? കൂട്ടുകുടുംബത്തിൽ സ്വന്തമെന്ന് കരുതിയവർ കല്യാണത്തിനും മറ്റും വിളിച്ചിട്ടു പോവുമ്പോൾ കൂടപ്പിറപ്പിനെ കൂടെ കൂട്ടേണ്ട എന്ന് പറയാതെ പറഞ്ഞത് കേട്ടിട്ടുണ്ടോ ? അതൊക്കെ ഒരിക്കലെങ്കിലും അനുഭവിച്ചിരുന്നെങ്കിൽ, അനുഭവിച്ചവരെ അറിഞ്ഞിരുന്നെങ്കിൽ ഈ വക വാക്കുകൾ പുറത്തുവരില്ലായിരുന്നു. പെരുമാറ്റങ്ങൾ അതിരുവിടുമ്പോൾ നിനക്കത് തന്നെ വേണമെന്ന് പ്രാകി പോവുന്ന സഹപ്രവർത്തകരെ അറിഞ്ഞിട്ടുണ്ടോ? അല്ലെങ്കിലും കൂടെപ്പിറപ്പിന്റെ ഫീലിങ്സ് എന്താണെന്നറിയില്ല കാരണം നിനക്ക് ബോധമുള്ള കൂടപ്പിറപ്പില്ലല്ലോ എന്ന് പറയുന്ന സുഹൃത്തുക്കളെ അറിയുമോ?

ഞാനറിഞ്ഞിട്ടുണ്ട് ..പിന്നിൽ നിന്നുള്ള പരിഹാസ ചിരിയും അർത്ഥം വെച്ചുള്ള വാക്കുകളും കേട്ടിട്ടുണ്ട്...പലതവണ.

അനിയന്റെ കൈപിടിച്ച് മാർക്കറ്റിലോ മാളിലോ പോവുമ്പോൾ കേൾക്കേണ്ടി വന്ന വാക്കുകൾ ... അന്നൊക്കെ കരഞ്ഞ് നീന്തി കടന്നത് ചെറിയ പുഴയല്ല. പിന്നീട് ഓരോ സ്ഥലത്തും അവനൊപ്പം നടക്കുമ്പോൾ ഞാനാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ ചിരിയോളം സ്നേഹം വേറെ ഞാനറിഞ്ഞിട്ടേയില്ല, അവൻ തന്ന സ്നേഹക്കടലോളം തിരികെ കൊടുക്കാൻ പറ്റിയിട്ടില്ലെന്ന സങ്കടമേയുള്ളൂ, വെറുപ്പോ വിദ്വേഷമോ പകയോ പരിഹാസമോ ഇല്ലാതെ കെട്ടിപ്പിടിച്ച് സ്നേഹത്തിലൊരുമ്മ എനിക്ക് തരാൻ അവനല്ലേ കഴിയൂ അത് കിട്ടാനുള്ള ഭാഗ്യം നിങ്ങൾക്കില്ലാതെ പോയല്ലോ എന്നേ എനിക്ക് പറയാനാവൂ..

പക്ഷേ അമ്മ ചെയ്ത പാപത്തിന്റെ ഫലമാണ് എന്നൊക്കെ പറയുന്നവന്റെ കരണം പുകക്കാനേ പറ്റൂ. അത് വാക്കുകൊണ്ടെങ്കിൽ അങ്ങനെ. വീരവാദങ്ങൾ അന്തസ്സായി കാണുന്നവരോട് മറ്റെന്തു പറഞ്ഞിട്ടും കാര്യമില്ല. കുറച്ച് നാളുകൾക്ക് മുൻപാണ് ഒരു എഴുത്തുകാരൻ ഇതിന് സമാനമായി മറ്റൊരു കണ്ടുപിടിത്തം നടത്തിയത്. സമുദ്രശിലയായി ഉറച്ച വാക്കുകൾ. ഇവരൊക്കെ ഇപ്പോഴും കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ സ്വയം കസേര വലിച്ചിട്ട് കോളാമ്പിയുമായി ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്.

കടുവ സിനിമയുമായി ബന്ധപ്പെട്ട് വന്ന ഒരു പരാമർശം വലിയ മാനസിക പ്രയാസമുണ്ടാക്കിയ സാഹചര്യത്തിൽ മാത്രമാണ് ഈ കുറിപ്പ്.

English Summary : Social media post of Aparna Karthika about her brother and differently abled kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS