ഹെലികോപ്റ്റര്‍ പേരന്റിങ് ദോഷകരമോ ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

HIGHLIGHTS
  • ഹെലികോപ്റ്റര്‍ പേരന്‍റ് ആണോ എന്നറിയാം.
  • ഹെലികോപ്റ്റര്‍ പേരന്‍റ് ആകാനുള്ള കാരണങ്ങള്‍
helicopter-parenting-should-know-these-things
Representative image. Photo Credits: Nicoleta Ionescu/ Shutterstock.com
SHARE

കുട്ടികളുടെ എല്ലാ വിജയത്തിന്റെയും പരാജയത്തിന്റെയും എന്തിന്, പരിചയസമ്പത്തിന്റെ വരെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കുന്നവരാണ് ഈ ഹെലികോപ്റ്റര്‍ പേരന്‍റ്സ്. ഇവര്‍ മക്കളെ അമിതമായി നിയന്ത്രിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ്‌ ചെയ്യുന്നത്. ഒരു നിഴലായി ഞങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മക്കള്‍ക്ക് എന്തെങ്കിലും ചെയ്യാനാകൂവെന്ന് വിശ്വസിക്കുന്നവരാണ് ഹെലികോപ്റ്റര്‍ പേരന്‍റ്സ്. അല്ലെങ്കില്‍ ആ ഒരു രീതിയിലേക്ക് മക്കളുടെ സ്വഭാവത്തെ അവര്‍ മാറ്റിയെടുത്തിട്ടുണ്ടാകും എന്നര്‍ഥം. അത്തരം പേരന്റിങ്ങിലാണോ നിങ്ങളും പെടുന്നത്. ഒന്ന് സ്വയം തിരിച്ചറിയാന്‍ ശ്രമിക്കൂ. 

ഹെലികോപ്റ്റര്‍ പേരന്‍റ് ആണോ എന്നറിയാം.

helicopter-parenting-should-know-these-things2
Representative image. Photo Credits:Prostock-studio/ Shutterstock.com

കുട്ടികള്‍ എന്ത് കളിക്കണം, എന്ത് പഠിക്കണം, ടി വി യില്‍ എന്ത് കാണണം, ഏതുതരം പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം, ഏത് വസ്ത്രം ഇടണം തുടങ്ങി എല്ലാ കാര്യത്തിലും താല്പര്യങ്ങളും അഭിപ്രായങ്ങളും പേരന്റ്സിന്റേത് തന്നെ ആയിരിക്കും. അത് കുട്ടികള്‍ അനുസരിച്ചു കൊള്ളണം. ചെറിയ കുട്ടികളുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആകാം. എന്നാല്‍ ഏഴു വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്വന്തമായ താല്പര്യങ്ങളും ഇഷ്ടങ്ങളും ഉണ്ടാകും. അതെല്ലാം മനസ്സിലാക്കി നല്ലതെന്ന് തോന്നുന്നുവെങ്കില്‍ അത് സാധിപ്പിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.

ഹെലികോപ്റ്റര്‍ പേരന്‍റ് ആകാനുള്ള കാരണങ്ങള്‍

ചില മാതാപിതാക്കള്‍ ഹെലികോപ്റ്റര്‍ പേരന്റ്സ് ആയി പോകുന്നതിനും അവരുടേതായ കാരണങ്ങളുണ്ട്.

1. മികച്ചത് കിട്ടാതെ വരുമോ എന്നുള്ള ഭയം

helicopter-parenting-should-know-these-things1
Representative image. Photo Credits: fizkes/ Shutterstock.com

കുഞ്ഞിനെ എല്‍കെജിയില്‍ ചേർക്കുമ്പോഴേ, ഭാവിയില്‍ ഇവരെ ആരാക്കി മാറ്റണമെന്ന് പല മാതാപിതാക്കളും സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങും. അപ്പോള്‍ വേണ്ട മെച്ചപ്പെട്ട പ്രകടനം ഇപ്പോഴേ കാഴ്ച വച്ചില്ലെങ്കില്‍ എൻട്രന്‍സ് പാസ്സാകുമോ, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ കിട്ടുമോ, നല്ല ജോലി കിട്ടുമോ എന്നുള്ള ടെന്‍ഷനും അവരോടൊപ്പം കൂടും. നല്ല കായിക പ്രകടനം കാഴ്ച വയ്ക്കുന്ന മക്കളാണെങ്കില്‍ അവരെ പിന്നീട് നല്ല ടീമിലേക്ക് ചേര്‍ക്കാനുള്ള ശ്രമമായിരിക്കും. ഇതെല്ലാം നേടണമെങ്കില്‍ ഞങ്ങള്‍ ഒപ്പം ഉണ്ടായേ പറ്റൂ എന്ന് വിചാരിക്കുന്നവരാണ് ഹെലികോപ്റ്റര്‍ പേരന്റ്സ്.

2. ഉത്കണ്ഠ

സാമ്പത്തികകാര്യങ്ങളെ കുറിച്ചുള്ള ആധി, തന്‍റെ ജോലി കൊണ്ട് കുട്ടികളുടെ ആവശ്യങ്ങള്‍ എല്ലാം നിയന്ത്രിക്കാന്‍ കഴിയുമോ എന്നുള്ള ആവലാതി, ഇത്ര പൈസ ചിലവാക്കി പഠിപ്പിക്കുമ്പോള്‍ കുട്ടികളുടെ അലസത മൂലം അതെല്ലാം പാഴായി പോകുമോ എന്ന ഭയം തുടങ്ങിയ മാനസിക വ്യാധികള്‍ എല്ലാം കുട്ടികളുടെ എല്ലാ കാര്യങ്ങളിലും അമിതമായി ഇടപെടാനുള്ള തോന്നല്‍ മാതാപിതാക്കളില്‍ സൃഷ്ടിക്കുകയാണ്.

3. അമിതമായ പകരം കൊടുക്കല്‍

ചിലര്‍ക്ക് അവരുടെ കുട്ടിക്കാലത്ത് വേണ്ടത്ര സ്നേഹം, സുഖസൗകര്യങ്ങള്‍ ഒന്നും കിട്ടിയിട്ടുണ്ടാകില്ല. അവരുടെ ഉയര്‍ച്ചക്ക് വേണ്ടി മാതാപിതാക്കള്‍ക്ക് ഒന്നും നല്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അങ്ങനെ അവഗണിക്കപ്പെട്ട ഒരു കുട്ടിക്കാലം ആയിരിക്കരുത് തന്‍റെ മക്കള്‍ക്ക് ഉണ്ടാകേണ്ടത്, എന്ന് കരുതി ആവശ്യത്തിലധികം വസ്തുക്കള്‍ വാങ്ങി കൊടുത്ത് കൊണ്ട് എല്ലാത്തിനും മക്കളുടെ നിഴല്‍ പോലെ ജീവിക്കുന്ന മാതാപിതാക്കളും ഈ ഗണത്തില്‍ ഉണ്ട്.

4. മറ്റു പേരന്റ്സ്‌ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം

മറ്റുള്ളവര്‍ അവരുടെ മക്കള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവോ അതെല്ലാം അനുകരിക്കണോ അതിലും ഉപരിയായി ചെയ്യണോ എന്നുള്ള സമ്മർദ്ദവും ഹെലികോപ്റ്റര്‍ പേരന്റ്സിനിടയില്‍ ഉണ്ടാകുന്നുണ്ട്. ചിലപ്പോള്‍ സ്വന്തം നിലനില്‍പ്പ്‌ മറന്നു പോലും അവര്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കും.

ഹെലികോപ്റ്റര്‍ പേരന്റിങ്ങിന്‍റെ പരിണത ഫലങ്ങള്‍ 

പേരന്റ്സ്‌ ഓരോ കാര്യവും കുട്ടികള്‍ക്ക് വേണ്ടി ചെയ്തു കൊടുക്കുന്നതിനു പിന്നില്‍ നല്ല ഉദ്ദേശങ്ങള്‍ ആയിരിക്കാം. പക്ഷെ പേരന്റ്സിന്‍റെ അമിതമായ സ്വാധീനം കുട്ടികളില്‍ പലവിധ ദോഷങ്ങളും സൃഷ്ടിക്കുന്നുണ്ട്.

1. ആത്മവിശ്വാസം കുറയ്ക്കുന്നു

ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ തന്നെ മക്കളുടെ പ്രൊജക്റ്റ്‌ എല്ലാം ചെയ്തുകൊടുക്കുന്ന പേരന്റ്സ് ഉണ്ട്. ‘നീ ചെയ്താല്‍ ശരിയാകില്ല’ എന്നായിരിക്കും കുട്ടികളോടുള്ള അവരുടെ മനോഭാവം. ആ രീതി കുട്ടികള്‍ മുതിര്‍ന്നാലും പേരന്റ്സ് തുടര്‍ന്നു കൊണ്ടേയിരിക്കും. ‘അത് ഞാന്‍ ചെയ്താല്‍ ശരിയാകില്ല’ എന്ന തോന്നല്‍ കുട്ടികളില്‍ വളര്‍ന്നു വരുന്നതിനു ഇടയാക്കും. ഭാവിയില്‍ എല്ലാ കാര്യങ്ങളോടുമുള്ള അവരുടെ സമീപനം അങ്ങനെ ആയിരിക്കും. സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാത്തവരാക്കി കുട്ടികളെ മാറ്റാനെ ഹെലികോപ്റ്റര്‍ പേരന്റിംഗ് ഉപകരിക്കൂ.

2. മനോധൈര്യം കുറയ്ക്കുന്നു

എത്ര മുതിര്‍ന്നാലും സ്വന്തമായി കഴിച്ച പാത്രം പോലും മക്കളെ കൊണ്ട് കഴുകിപ്പിക്കാത്ത മാതാപിതാക്കളുണ്ട്. ഒരു പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ അവര്‍ക്ക് അവസരം നല്‍കാതെ, ശാന്തമായി ചിന്തിക്കാനുള്ള സമയം പോലും കൊടുക്കും മുന്‍പ് എല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന ഹെലികോപ്റ്റര്‍ പേരന്റ്സ്‌ സൃഷ്ടിക്കുന്നത് നഷ്ടങ്ങളെയും, പരാജയങ്ങളെയും, നിരാശകളെയും ധീരമായി നേരിടാന്‍ കഴിവില്ലാത്ത മക്കളെ ആയിരിക്കും.

3. ഉത്കണ്ഠ കൂട്ടുന്നു

മാതാപിതാക്കള്‍ ഉദ്ദേശിച്ച രീതിയില്‍ തനിക്ക് വിജയങ്ങള്‍ നേടാന്‍ സാധിക്കുമോ എന്ന ടെന്‍ഷന്‍ ആയിരിക്കും കുട്ടികള്‍ക്ക് എപ്പോഴും. വളരെ ചെറിയ പരാജയങ്ങളെ പോലും സ്വന്തമായി നേരിടാനാകാതെ വരുന്ന കുട്ടികളില്‍ വിഷാദ രോഗം വരാന്‍ കാരണമാകുന്നു.

4. ഒന്നിനും അര്‍ഹതയില്ലെന്ന തോന്നലുണ്ടാക്കുന്നു

പഠിക്കുന്ന കാര്യത്തിലായാലും കലാ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന കാര്യത്തിലായാലും ഇഷ്ടമുള്ളതൊന്നും സ്വാതന്ത്ര്യത്തോടെ ചെയ്യാന്‍ പല കുട്ടികള്‍ക്കും കഴിയുന്നില്ല. മാതാപിതാക്കള്‍ തിരഞ്ഞെടുക്കുന്ന മേഖലകളെ അവര്‍ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട സാഹചര്യം വരുമ്പോള്‍, ഹെലികോപ്റ്റര്‍ പാരന്റിംഗ് മൂലം തങ്ങള്‍ക്ക് അര്‍ഹതയുള്ള പലകാര്യങ്ങളും അനുഭവിക്കാന്‍ സാധിക്കാതെ വരികയാണല്ലോ എന്ന തോന്നലും കുട്ടികളില്‍ ഉണ്ടാകുന്നു.

സ്കൂളിലേക്ക് പറഞ്ഞയക്കുന്നതിനു മുന്‍പ് ലഞ്ച് ബോക്സ്‌ ബാഗിലാക്കി കൊടുക്കുകയും ഷൂവിന്‍റെ ലേസ് കെട്ടി കൊടുക്കുകയും ഒക്കെ ചെയ്യുന്ന പേരന്റ്സ് ഉണ്ട്. ഇതൊന്നും മക്കള്‍ക്ക് വേണ്ടി ചെയ്തു കൊടുക്കാന്‍ പാടില്ല എന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. മൂന്നു വയസ്സു വരെ മക്കളെ പരിപാലിച്ചിരുന്ന അതെ മനസ്ഥിതിയോടെ ആകരുത് പതിമൂന്നാം വയസ്സിലും അവരെ പരിപാലിക്കേണ്ടത്. നിങ്ങളുടെ ഒരു കണ്ണ് എപ്പോഴും മക്കളുടെ സംരക്ഷണത്തിനായി അവരിൽ തന്നെ വേണം. എന്നാല്‍ അവര്‍ മുതിര്‍ന്ന കുട്ടികളായി കഴിഞ്ഞാല്‍, മാനസികമായും ശാരീരികമായും ആത്മവിശ്വാസമുള്ള നല്ല പൗരന്മാരായി വളരാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമൊരുക്കണം എന്ന വീക്ഷണത്തിലായിരിക്കണം മറ്റേ കണ്ണ് കൊണ്ട് പേരന്റ്സ്‌ മക്കളെ നോക്കി കാണേണ്ടത്. പുല്‍ത്തകിടിയിലൂടെ സഞ്ചരിക്കുന്ന സുഖം നല്‍കുന്ന വിധത്തില്‍ എന്നര്‍ത്ഥത്തില്‍ ലോണ്‍ മൂവര്‍ പേരന്റിങ്, കൊസ്സെട്ടിംഗ് പേരന്റിങ്, ഭയപ്പെടുത്തി പരിപാലിക്കുക എന്നര്‍ഥത്തില്‍ ബുള്‍ ഡോസ് പേരന്റിങ് എന്നെല്ലാം ഹെലികോപ്റ്റര്‍ പേരന്റിങ് അറിയപ്പെടുന്നുണ്ട്. ഹെലികോപ്റ്റര്‍ പേരന്റിങ് ഭാവിയില്‍ ദോഷമായി മാത്രമേ കുട്ടികള്‍ക്ക് അനുഭവത്തില്‍ വരൂ.

Content Summary : Helicopter parenting

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA