ADVERTISEMENT

അമ്മമാരും പെൺമക്കളും തമ്മിലുള്ള ബന്ധംപോലെയല്ല പലപ്പോഴും അച്ഛന്മാരും ആൺമക്കളും തമ്മിലുള്ള ബന്ധം. വ്യത്യസ്ത താല്‍പ്പര്യങ്ങളുള്ള പിതാക്കന്മാര്‍ക്കും പുത്രന്മാര്‍ക്കും പരസ്പരം നല്ല ബന്ധം സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണ് രണ്ടുപേരും തമ്മിലൊരു നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള തടസം. ഒരു പിതാവും മകനും തമ്മില്‍ ശക്തമായൊരു ബന്ധം  കെട്ടിപ്പടുക്കുന്നതിനുമുള്ള ചില പ്രധാന ഘടകങ്ങള്‍ ഇതാ.

നല്ല മാതൃകയാവണം

ഒരു അച്ഛനെന്നും മകന് നല്ല മാതൃകയായിരിക്കണം. അച്ഛന്റെ പ്രവര്‍ത്തിയും പെരുമാറ്റവും കണ്ടു വേണം മകന്റെ വ്യക്തിത്വം രൂപപ്പെടുവാന്‍. അച്ഛനെ കണ്ട് മകന്‍ പഠിക്കണമെങ്കില്‍ മികച്ച മാതൃകയായിരിക്കണം ഓരോ പിതാവും.

ഒരുമിച്ചു സമയം ചെലവഴിക്കുക

ഒരു പിതാവെന്ന നിലയില്‍, നിങ്ങളുടെ മകനുമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വളരെ തിരക്കുള്ള ഷെഡ്യൂളുകള്‍ക്കിടയിലും അവരുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. ഇതവരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനമുണ്ടാക്കും. അവര്‍ കുട്ടികളായിരിക്കുമ്പോള്‍, അവരുമൊത്ത് കളികളില്‍ ഏര്‍പ്പെടാം, പുസ്തകങ്ങള്‍ വായിക്കാം, പുറത്തു കൊണ്ടുപോകാം തുടങ്ങിയവയെല്ലാം ചെയ്യാം. ഇനി അവര്‍ കുറച്ച് മുതിര്‍ന്നവരായാല്‍ അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കാം. മകന് ഇഷ്ടമുള്ള കാര്യങ്ങള്‍ അറിഞ്ഞ് ചെയ്തു കൊടുക്കാം.

ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുക

അച്ഛന്മാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മക്കളേയും പങ്കെടുപ്പിക്കുക. പുന്തോട്ടം നിര്‍മ്മിക്കുക, വണ്ടി കഴുകുക, ഇഷ്ടപ്പെട്ട ഗെയിം കളിക്കുക. ഇത്തരം പ്രവര്‍ത്തികളില്‍ മക്കളേയും ഉള്‍പ്പെടുത്തുക. അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുക. മകനെ അച്ഛന്‍ പരിഗണിക്കുന്നുണ്ടെന്ന തോന്നലുണ്ടാവുന്നത് വളരെയധികം ഗുണം ചെയ്യും. 

പാചകം

അതുപോലെ തന്നെ ഒരുമിച്ച് പാചകം ചെയ്യുന്നതും പോലും ഒരുമിച്ച് ആസ്വദിക്കാം. രുചികള്‍ പരീക്ഷിച്ചും പുതിയ പാചകക്കുറിപ്പുകള്‍ സൃഷ്ടിക്കുന്നതിനും മാസത്തില്‍ കുറച്ച് ദിവസങ്ങള്‍ ചെലവഴിക്കാം. നിങ്ങള്‍ക്ക് ഒരുമിച്ച് പാചക മത്സരങ്ങളില്‍ പോലും പങ്കെടുക്കാം. അതൊക്കെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കും.

കേള്‍ക്കുക

മകന് പറയാമുള്ളത് മുഴുവനായും കേള്‍ക്കണം. തങ്ങളുടെ മക്കളെ ന്യായവിധി കൂടാതെ, കാര്യങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കാതെ അവര്‍ പറയുന്നത് മുഴുവനായും കേള്‍ക്കാന്‍ പഠിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ ചെയ്യുന്നത്, ശാശ്വതമായ ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിനും ഫലപ്രദമായ ആശയവിനിമയത്തിനും സഹായിക്കും. അവരുടെ മനസ്സിലുള്ളത് അല്ലെങ്കില്‍ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കഴിയുമ്പോള്‍ അത് മകന് നിങ്ങളോടുള്ള വിശ്വാസ്യത വര്‍ധിപ്പിക്കും.

സംസാരിക്കുക

നമ്മുടെ കുട്ടികളോട് എല്ലാത്തിനേയും കുറിച്ച് സംസാരിക്കണം. അവരില്‍ നിന്നും ഒന്നും മറച്ചു വെക്കേണ്ടതില്ല. ശരിയും തെറ്റുമെല്ലാം വീട്ടില്‍ നിന്നു തന്നെ പഠിക്കണം. ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ച് നിങ്ങളുടെ മകനോട് തുറന്നു സംസാരിക്കുക. ഇതു കുട്ടിക്ക് ലൈംഗികതയെന്തെന്നും പ്രണയബന്ധമെന്തെന്നും ശരിയായ രീതിയില്‍ തിരിച്ചറിയുന്നതിന് സഹായിക്കും. ആരോഗ്യകരമായ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കുറിച്ച് നിങ്ങളുടെ മകനോട് സംസാരിക്കുക. ആരോഗ്യകരമായ ഡേറ്റിംഗ് എന്താണെന്നും അതുപോലെ ദുരുപയോഗം ചെയ്യുന്ന പെരുമാറ്റം എന്താണെന്നും അവര്‍ക്കറിയാമെന്ന് ഉറപ്പാക്കുക.

പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങളുടെ മകനെ പഠിപ്പിക്കുന്നത് നിങ്ങള്‍ക്ക് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കഴിവുകളില്‍ ഒന്നാണ്. എങ്ങനെ പണം ലാഭിക്കാം, ചെലവ്, നിക്ഷേപം എന്നിവയുടെ പ്രാധാന്യങ്ങളെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുക. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം ഇവയുടെ ദോഷവശങ്ങളെ കുറിച്ചെല്ലാം സമയെടുത്ത് മനസിലാക്കി കൊടുക്കുക. ഇത്തരത്തില്‍ ഓരോ വിഷയങ്ങളെ കുറിച്ചും മകന് കൃത്യമായ അവബോധം നല്‍കുക.

Content Summary : Tips to strengthen a father son relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com