ADVERTISEMENT

ധ്രുതഗതിയിൽ പുരോഗമിക്കുന്ന, ഈ ലോകത്താണ് നമ്മുടെ മക്കൾ വളർന്നു മുന്നേറേണ്ടത്. ഈ ആധുനിക ഡിജിറ്റൽ സമൂഹത്തിൽ മക്കളുടെ ഭാവി വിജയത്തിന് അടിത്തറ പാകുന്നത് ഏതാനും ചില വൈദഗ്ദ്ധ്യങ്ങളാണ്. ഇവ വളർത്തിയെടുക്കാൻ പരിശീലിച്ചെങ്കിൽ മാത്രമേ കുട്ടികൾക്ക്  വിജയം കൈവരിക്കാനാകൂ. പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസം കൊണ്ട് മാത്രം കുട്ടികളിലെ ‘സ്കിൽ’ വികസിക്കുകയില്ല. ഈ പത്തു ‘സ്കിൽ’ മക്കളിൽ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കാം.

 

1. പ്രശ്നപരിഹാരം

ഒരു പ്രശ്നമുണ്ടായാല്‍ പരിഹരിക്കാനുള്ള മാർഗ്ഗവും സ്വയം കണ്ടെത്തണമെന്ന് മക്കൾക്ക് പറഞ്ഞു കൊടുക്കണം. ആ പ്രശ്നം പരിഹരിക്കാനുള്ള ആത്മവിശ്വാസവും സ്വാതന്ത്ര്യവും മക്കൾക്ക് നൽകുക. തന്റെ സാമർത്ഥ്യം തെളിയിക്കാനായി ഒരവസരം കിട്ടുമ്പോൾ അവർ പലവിധ പരിഹാര മാർഗ്ഗങ്ങൾ ആലോചിക്കും. വെള്ളത്തിന് ക്ഷാമം ഉണ്ടാകുമ്പോൾ, മാലിന്യം വേണ്ട രീതിയിൽ സംസ്ക്കരിക്കാനാകാതെ വരുമ്പോഴോ ഒക്കെ കുട്ടികളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. 

 

2. ടീം വർക്ക്

ഈ ഡിജിറ്റൽ യുഗത്തിൽ, ടീം വർക്കിനുള്ള സന്നദ്ധതയും സഹകരണവുമൊക്കെ കുട്ടികൾക്കിടയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെ ബഹുമാനിച്ചും അവരോട് ഒത്തൊരുമിച്ചും സഹകരിച്ചും ഓരോ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ വിജയം നിശ്ചയമാണെന്ന സത്യം മക്കൾക്ക് പറഞ്ഞു കൊടുക്കുക. 

 

3. സാംസ്ക്കാരിക അവബോധം

എല്ലാ സമൂഹത്തിന്റെയും സംസ്ക്കാരങ്ങളും ആചാരങ്ങളും നല്ലതാണെന്നും അതിനെയെല്ലാം ബഹുമാനിക്കാനും പഠിപ്പിച്ചു കൊടുക്കണം. സാധ്യമാകുമെങ്കിൽ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മക്കളെ വിനോദയാത്ര കൊണ്ടുപോയി കാര്യങ്ങളെല്ലാം അനുഭവവേദ്യമാക്കി കൊടുക്കണം.

 

4. ആശയവിനിമയം

കൂട്ടുകാരോടായാലും മുതിർന്നവരോടായാലും നന്നായി ആശയവിനിമയം നടത്താൻ കുട്ടികൾക്ക് കഴിയണം.  നന്നായി ആശയവിനിമയം നടത്താനായെങ്കിലേ ഏതു രാജ്യത്തേയും ഏതു മേഖലയിലും ഭാവിയിൽ ശോഭിക്കാനാകൂ. 

 

5. സാമൂഹിക ഉത്തരവാദിത്തങ്ങള്‍

നമ്മൾ ഒരു സമൂഹജീവിയാണെന്നും ഒരു സമൂഹത്തില്‍ ജീവിക്കുമ്പോൾ ചുറ്റുപാടുമുള്ളവരുടെ വേദനകളെയും ആവശ്യങ്ങളെയും മനസ്സിലാക്കി പെരുമാറുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കുട്ടികൾ മനസ്സിലാക്കിയിരിക്കണം. മറ്റുള്ളവരെ ബഹുമാനിക്കുക, സ്നേഹിക്കുക, അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കുക, സ്വന്തം കാര്യങ്ങളെക്കുറിച്ച് മാത്രം ആവലാതിപ്പെടാതിരിക്കുക തുടങ്ങി സദാചാരപരവും സന്മാർഗ്ഗികവുമായി നമ്മൾ ഉയർത്തിപ്പിടിക്കേണ്ട നല്ല ശീലങ്ങൾ കുട്ടികൾ മനസ്സിലാക്കി പരിശീലിക്കണം. 

 

6. ക്രിയാത്മകത

ക്രിയാത്മകതയുണ്ടെങ്കിൽ പല വെല്ലുവിളികളെയും ഭാവനാപരമായി നേരിടാൻ കഴിയും. ക്രിയാത്മകമായി ചിന്തിക്കാൻ കഴിയുന്നവർക്ക്, സാധാരണതലത്തിൽ നിന്നുകൊണ്ട് ചിന്തിക്കുന്നവരേക്കാൾ വ്യത്യസ്തമായി, അപരിചിതമായ പല മേഖലകളിലേക്കും എളുപ്പത്തിൽ ഇറങ്ങി ചെല്ലാനാകും.

 

7. വിശകലനം ചെയ്യുക

ചില കുട്ടികൾക്ക് എന്തെങ്കിലും ഒരു കാര്യം കണ്ടാൽ അതേക്കുറിച്ച് നിരവധി ചോദ്യങ്ങൾ ചോദിച്ചറിയാനുള്ള പ്രവണതയുണ്ടായിരിക്കും. കാണുന്നത് അതേപടി ഉൾക്കൊള്ളാതെ അവർ ആ സംഭവത്തിനെ നന്നായി വിശകലനം ചെയ്യാൻ ശ്രമിക്കുകയും, അതിലെ വെല്ലുവിളികളെ കണ്ടെത്തുകയും, എല്ലാത്തിനെയും വിലയിരുത്താൻ ശ്രമിക്കുകയും ചെയ്യുക. 

 

8. വെല്ലുവിളികളെ നേരിടുക‌

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ചില സാഹചര്യങ്ങളിൽ ധൈര്യപൂർവ്വം കാര്യങ്ങൾ ചെയ്യാനുള്ള കഴിവും കുട്ടികൾക്ക് ഉണ്ടായിരിക്കണം. മാതാപിതാക്കൾ വീട്ടിലില്ലാതെ വരുന്ന ദിവസങ്ങളിൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ഇളയകുട്ടികളുടെ കാര്യങ്ങൾ ചെയ്തു കൊടുക്കാനും പ്രാപ്തിയുണ്ടായിരിക്കണം.

 

9. സാങ്കേതിക പരിജ്ഞാനം

ഈ ഡിജിറ്റല്‍ യുഗത്തിൽ ടെക്നോളജിയുമായി ബന്ധപ്പെട്ട സാമാന്യവിവരം എല്ലാ കുട്ടികൾക്കും ഉണ്ട് എന്നതാണ് സത്യം. ഇല്ലെങ്കിൽ, ഉണ്ടായിരിക്കണം. നല്ല രീതിയിൽ ടെക്നോളജിയെ ഉപയോഗപ്പെടുത്തിയാൽ, അറിവിന്റെ വിശാലമായ വാതായനങ്ങൾ തുറന്നു കിട്ടുകയും ചെയ്യും.  ഇന്റർനെറ്റ് ദോഷകരമായി ഉപയോഗിച്ചാലുള്ള പരിണതഫലങ്ങളെക്കുറിച്ചും കുട്ടികൾ ബോധവാന്മാരായിരിക്കണം.

 

10. പൗരബോധം

ഈ സമൂഹത്തിൽ ഒരു പൗരനായി ജീവിക്കുമ്പോഴുള്ള ഓരോരുത്തരുടേയും കടമകളും കുട്ടികൾ അറിഞ്ഞിരിക്കണം. ഭരിക്കുന്ന സർക്കാറിനെക്കുറിച്ചും അവരുടെ നയങ്ങൾ, സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ, സർക്കാർ നടപടികളോട് എങ്ങനെ പെരുമാറണം, സമൂഹത്തിലെ മറ്റുള്ളവർക്ക് ശല്യമുണ്ടാകാത്ത വിധത്തിൽ എങ്ങനെ ജീവിക്കണം, അടിസ്ഥാനപരമായി പാലിക്കേണ്ട നിയമങ്ങൾ തുടങ്ങിയ പൗരബോധം കുട്ടികളില്‍ ഉണ്ടായിരിക്കണം. 

 

Content Summary : Ten super skills for smart child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com