സമൂഹമാധ്യമത്തിൽ അക്കൗണ്ട് തുടങ്ങാനുള്ള പ്രായപരിധി 13 വയസ്സിനു മുകളിലുള്ളവര്‍ക്കാണ്. എന്നാല്‍ യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തിയുടെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ 13 വയസ്സുകാർക്ക് അനുയോജ്യമല്ലെന്നാണ്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ദോഷകരമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു. മാറിവരുന്ന ജീവിതസാഹചര്യത്തിൽ നമ്മള്‍ മനസ്സിലാക്കേണ്ട പ്രധാന കാര്യം കുട്ടികള്‍ക്ക് അവരുടെ മൂല്യബോധവും വ്യക്തിബന്ധങ്ങളും ഉണ്ടെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ കാണപ്പെടുന്ന അശാന്തമായ പ്രവണതകള്‍ പല കുട്ടികളെയും വിവിധ രീതികളില്‍ ബാധിക്കുന്നു എന്നുള്ളതുമാണെന്നും മൂര്‍ത്തി പറയുന്നു.
ഗൂഗിള്‍, യൂട്യൂബ് എന്നീ മാധ്യമങ്ങളില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങാനുള്ള പ്രായപരിധിയും 13 ആണ്. അതില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ പറയുന്ന മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങാന്‍ അനുവാദമില്ല. യൂട്യൂബില്‍ പകരം സൂപ്പര്‍വൈസഡ് അക്കൗണ്ട് എന്ന ഓപ്ഷനിലൂടെ പേരെന്റ്‌സിന്റെ മേല്‍നോട്ടത്തില്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യമാണുള്ളത്.
എന്നാല്‍ രക്ഷിതാക്കള്‍ക്കൊപ്പമാണെങ്കില്‍ 16-17 വയസ്സെങ്കിലുമായിട്ടേ കുട്ടികള്‍ ഇപ്രകാരമുളള സമൂഹമാധ്യമം ഉപയോഗിച്ച് തുടങ്ങാവൂയെന്നും ഡോ. മൂര്‍ത്തി അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ യുവാക്കള്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുമെന്നും എന്നാല്‍ കുട്ടികളെ അനാരോഗ്യകരമായ പല അവസ്ഥകളിലെക്കും നയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുട്ടികളില്‍ വിഷാദം, ഉല്‍ക്കണ്ഠ എന്നിവയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019-ല്‍ എബിസി ന്യൂസിന്റെ ഡയാന്‍ സോയര്‍ സ്‌ക്രീന്‍ സമയത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും സ്വാധീനം പരിശോധിക്കുന്ന ഒരു പ്രത്യേക റിപ്പോര്‍ട്ടിന് നേതൃത്വം നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ കുട്ടികളുടെയും കൗമാരക്കാരുടെയും, സാങ്കേതികവിദ്യയുടെ ഉപയോഗം കുറയ്ക്കുന്നതിന് രക്ഷിതാക്കള്‍ക്ക് നല്‍കുന്ന കുറച്ച് ടിപ്‌സുകള്‍ ഇവയൊക്കെയാണ്.
1. 18 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ടെമ്പിള്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍ഫന്റ് ലാംഗ്വേജ് ലാബിന്റെ ഡയറക്ടര്‍ കാത്തി ഹിര്‍ഷ്-പാസെകിന്റേയും ന്യൂയോര്‍ക്കിലെ ഹണ്ടര്‍ കോളേജിലെ സൈക്കോളജി പ്രൊഫസറും ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിലെ ഗ്രാജ്വേറ്റ് സെന്ററുമായ ട്രേസി ഡെന്നിസ്-തിവാരിയുടേയും അഭിപ്രായം.
2. 2 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക്, മാതാപിതാക്കളുടെ മേല്‍നോട്ടത്തോടെ സ്‌ക്രീന്‍ ഉപയോഗം ഒരു മണിക്കൂറായി പരിമിതപ്പെടുത്തുക, ഹിര്‍ഷ്-പാസെക്കും ഡെന്നിസ്-തിവാരിയും പറയുന്നു.
3. വീട്ടിലെ സ്‌ക്രീന്‍ സമയത്തെക്കുറിച്ചും കുടുംബാംഗങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് തോന്നുന്നതിനെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്തുക. സിയാറ്റിലിലെ പ്രശസ്തമായ ഗോട്ട്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെറാപ്പിസ്റ്റ് ദമ്പതിമാരായ ഡോണിന്റെയും കാരി കോളിന്റെയും അഭിപ്രായത്തില്‍ കുടുംബാംഗങ്ങളെല്ലാം തുറന്നു സംസാരിക്കണമെന്ന് പറയുന്നു.
4. അത്താഴത്തിന് ശേഷം ഫോണ്‍ രഹിത മണിക്കൂര്‍ സ്ഥാപിക്കുന്നത് പോലെയുള്ള ചില ലളിതമായ കാര്യങ്ങള്‍ കുടുംബത്തില്‍ കൊണ്ടുവരിക. ഡോണും കാരി കോളും അഭിപ്രായപ്പെടുന്നു.
5. കോള്‍സിന്റെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയയെ ശത്രുവാക്കി മാറ്റുന്നതിനു പകരം പരസ്പരം ബന്ധപ്പെടാന്‍ ഉപയോഗിക്കുക.
6. സ്‌ക്രീന്‍ സമയ പരിധി ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ഇരുവരും അഭിപ്രായപ്പെടുന്നു.സോഷ്യല്‍ മീഡിയ ഉപയോഗത്തിന് 13 വയസു വളരെ ചെറുതാണെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ അഭിപ്രായപ്പെടുന്നു
Content Summary : Thirteen year olds are too young to be on social media