ADVERTISEMENT

മക്കൾക്ക് ശരി തെറ്റുകൾ പറഞ്ഞു കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. എന്നാൽ അതിനു സ്വീകരിക്കേണ്ട മാർഗത്തിൽ ഇപ്പോഴും പല മാതാപിതാക്കൾക്കും വ്യക്തതയില്ല. കുട്ടിയെ വൈകാരികമായി തകർക്കുന്ന സമീപനമാണ് ചിലപ്പോൾ മാതാപിതാക്കളിൽ നിന്നുണ്ടാകുന്നത്. എന്താണ് തെറ്റെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മറിച്ച് അവരെ ഭയപ്പെടുത്തുകയല്ല. മക്കളെ അവഹേളിച്ചും പുച്ഛിച്ചും തെറ്റുതിരുത്താൻ ശ്രമിച്ചാൽ അത് അവരുടെ മനസ്സിലൊരു മുറിവായി മാറാം. ഇതു മൂലം കുട്ടികളുടെ വ്യക്തിത്വത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ സങ്കൽപിക്കാനാവുന്നതിനും അപ്പുറമായിരിക്കും.

 

നാടകമല്ല, വേണ്ടത് ശ്രദ്ധ

 

മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഒരോ കുട്ടിയും ആഗ്രഹിക്കുന്നു. അതിനായി അവർ പലതും ചെയ്യും. ശ്രദ്ധിക്കുന്നില്ലെന്ന തോന്നൽ അവരെ കൂടുതൽ വികൃതികളാക്കാം. അതു മനസ്സിലാക്കുന്നതിനു പകരം കുട്ടികൾ അഭിനയിക്കുന്നുവെന്നും നാടകം വേണ്ടെന്നും പറഞ്ഞ് അവഹേളിക്കരുത്. വികാരങ്ങൾ പ്രകടിപ്പിക്കാൻ അവർ മടിക്കും. ഒന്നും ചെയ്യാതെ എപ്പോഴും ഒതുങ്ങിക്കൂടാനുളള സാധ്യതയുമുണ്ട്. 

 

വിഡ്ഢി വിളി വേണ്ട

 

മാതാപിതാക്കൾ ചിലപ്പോൾ അസ്വസ്ഥരാകുകയും കുട്ടികളെ വിഡ്ഢിയെന്ന് വിളിക്കുകയും ചെയ്യും. അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിക്കുന്നതാണെങ്കിലും ഇതത്ര നിസ്സാരകാര്യമല്ല. കുട്ടിയുടെ ആത്മവിശ്വാസം തകർക്കാനും അപകർഷതാബോധം ഉണ്ടാകാനും ഇത് കാരണമാകുന്നു. മാനസികവും വൈകാരികവുമായി കുട്ടിയെ തളർത്താനും അരക്ഷിതാവസ്ഥ ഉടലെടുക്കാനുമേ ഇത്തരം കാര്യങ്ങൾ ഉപകരിക്കൂ എന്നു മനസ്സിലാക്കുക. 

 

ഭീഷണി

 

ഭീഷണിപ്പെടുത്തിയും ശാരീരകമായി ശിക്ഷിച്ചും തെറ്റുകൾ തിരുത്തുന്നത് കുട്ടികളിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കും. പല രാജ്യങ്ങളും കടുത്ത ശിക്ഷയാണ് ഇത്തരത്തിൽ പെരുമാറുന്ന മാതാപിതാക്കൾക്ക് നൽകുന്നത്. ഭയം, ഉത്കണ്ഠ, അവിശ്വാസം എന്നിവ കുട്ടികളിൽ വളരാൻ ഇത് കാരണമാകുന്നു. മാതാപിതാക്കളോട് അകലം പാലിക്കാനും തുടങ്ങും.

 

എന്താണ് നിന്റെ പ്രശ്നം?

 

കുട്ടി എന്തെങ്കിലും ചോദ്യം ചോദിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്താൽ ഈയൊരു ചോദ്യത്തിലൂടെ അവരെ അടക്കിയിരുത്താൻ ശ്രമിക്കുന്നവരുണ്ട്. സന്തോഷം കാരണം ഓടി നടക്കുമ്പോഴാകാം ചിലപ്പോൾ ഈയൊരു ചോദ്യം വരുന്നത്. അപ്പോൾ അത് അവരെ എത്ര വേദനിപ്പിക്കുമെന്ന് ഊഹിക്കാമല്ലോ. അവരുടെ തെറ്റു ചൂണ്ടികാട്ടാനാണെങ്കിലും ഇത്തരം വാക്കുകൾ വേണ്ട. അവരെ വിശ്വാസത്തിലെത്തും സ്നേഹിച്ചുമാണ് തിരുത്തേണ്ടത്. ആത്മവിശ്വാസം കെടുത്താനല്ല തെറ്റുതിരുത്താനാണ് ശ്രമിക്കേണ്ടതെന്നു മനസ്സിലാക്കുക.

 

Content Summary : Common parenting mistakes to avoid

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com