ADVERTISEMENT

പേരന്റിങ്ങിൽ മാതാപിതാക്കൾ വെച്ചുപുലർത്തുന്ന ചില മോശം ശീലങ്ങൾ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. പൊതുവായി കണ്ടുവരുന്ന ഈ ശീലങ്ങൾ കുട്ടികളെ ഭാവിയെ ബാധിക്കുന്നു. അവരിൽ ആശയക്കുഴപ്പും സൃഷ്ടിക്കുകയും സമ്മർദ്ദത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. മാതാപിതാക്കൾ പൂർണ്ണമായും ഒഴിവാക്കേണ്ട ശീലങ്ങൾ ആണിവ. പലപ്പോഴും അറിയാതെ സംഭവിക്കുന്നതാണെങ്കിൽ പോലും തെറ്റുകൾ എത്രയും വേഗം തിരുത്തേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ഭാവിക്ക് അത് വളരെയധികം സഹായം ചെയ്യും. അത്തരം ശീലങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

 

സ്ഥിരതയില്ലായ്മ

പ്രവർത്തികളിലും പറയുന്ന കാര്യങ്ങളിലും സ്ഥിരത പുലർത്താത്ത മാതാപിതാക്കൾ കുട്ടികളെ ആശയക്കുഴപ്പത്തിലേക്ക് തള്ളിയിടും. അവരിൽ നിരാശയ്ക്കും സ്വഭാവ വൈകല്യങ്ങൾക്കും ഇതു കാരണമാകുന്നു. തോന്നുമ്പോൾ തോന്നുന്ന പോലെ എന്നതല്ല പാരന്റിങ്ങിൽ പിന്തുടരേണ്ട രീതി.

 

അമിത ശ്രദ്ധ

കുട്ടികൾക്ക് ശ്രദ്ധ ആവശ്യമാണ്. അത് മാതാപിതാക്കളുടെ കടമയുമാണ്. എന്നാൽ അമിതമാകുമ്പോൾ അത് അപകടകരമായി മാറുന്നു. കുട്ടിയുടെ സ്വാതന്ത്ര്യം, സ്വയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവരെ ഇതു ബാധിക്കുന്നു. തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലാതാകുന്നു. മക്കളോടുള്ള സ്നേഹം കൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് അവകാശപ്പെട്ടാൽ പോലും അവരുടെ ഭാവി ജീവിതത്തിൽ ഇത് മോശം സ്വാധീനം ചെലുത്താം.

 

അവഗണന

കുട്ടികളുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങളെ അവഗണിക്കുന്ന സ്വഭാവം വച്ചു പുലർത്തുന്ന മാതാപിതാക്കളുണ്ട്. കുട്ടി മുന്നോട്ട് വയ്ക്കുന്ന ആവശ്യം എന്തു തന്നെയായാലും അതിനെ അവഗണിക്കുക എന്നതാണ് ചിലർ പിന്തുടരുന്ന രീതി. അപ്പോൾ പ്രശ്നമൊന്നും ഉണ്ടാകുകയില്ലെങ്കിലും കാലം പിന്നിടുമ്പോൾ മാതാപിതാക്കളോടുള്ള അവിശ്വാസത്തിനും വെറുപ്പിനും ഇത് കാരണമാകും.

 

വിമർശനം

പരിഹാസം: കുട്ടികളെ തുടർച്ചയായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത അവരുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നു. അവർ ചെയ്യുന്നത് തെറ്റാണെങ്കിൽ പോലും പരിഹാസവും വിമർശനവും ഒഴിവാക്കാം. പോസിറ്റീവായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതാണ് നല്ലത്. ഈ ഭൂമിയിൽ ഒരു മനുഷ്യനും പരിഹസിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല.

 

സ്വപരിചരണം

സ്വന്തം പരിചരണത്തിൽ ശ്രദ്ധിക്കാതെ മാതാപിതാക്കൾ കുട്ടികൾക്ക് സമ്മർദ്ദം നൽകുന്നവരായി മാറാറുണ്ട്. നിരാശ, അസ്വസ്ഥത, മുൻകോപം, ഉത്സാഹം ഇല്ലായ്മ എന്നീ അവസ്ഥകളിലൂടെ ഇത്തരം മാതാപിതാക്കൾ കടന്നുപോകുന്നു. ചിലർ തങ്ങളുടെ അസ്വസ്ഥത മക്കൾക്ക് നേരെ തിരിച്ചുവിടുന്നു. ഇതെല്ലാം കുട്ടികളുടെ മനസ്സിനെ വൈകാരികമായി തളർത്തുന്നു.

 

ഒച്ചയിടൽ

ശാരീരിക ശിക്ഷ: കുട്ടികളോട് പൊട്ടിത്തെറിക്കുകയും ശാരീരികമായി ശിക്ഷിക്കുകയും ചെയ്യുന്നത് അവരിൽ വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സമ്മർദം, ഉത്കണ്ഠ, വിഷാദം, ആക്രമണം മനോഭാവം എന്നിവ കുട്ടികളിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്.

 

നേട്ടങ്ങളിൽ മാത്രം ശ്രദ്ധ

കുട്ടികളുടെ സ്വഭാവത്തേക്കാൾ അവരുടെ അക്കാദമി നേട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കൾ ഉണ്ട്. ഇത് അവരെ സമ്മർദ്ദത്തിലാക്കുന്നു. ഇത്തരം നേട്ടങ്ങൾക്കു വേണ്ടി മാത്രം ജീവിക്കാനുള്ള പ്രവണത, അതിനുവേണ്ടി എന്തും ചെയ്യാനുള്ള മാനസിക നില എന്നിവ കുട്ടികളിൽ ഉണ്ടാകുന്നു.

 

ആശയവിനിമയം

കുട്ടികളുമായി ഫലപ്രദമായി ആശയവിനിമയം നടപ്പിലാത്ത മാതാപിതാക്കൾക്ക് ഒരിക്കലും ഒരു മികച്ച ബന്ധം സൃഷ്ടിച്ചെടുക്കാൻ സാധിക്കില്ല. ജന്മം നൽകിയത് കൊണ്ട് മാത്രമുള്ള ബന്ധം എന്ന അവസ്ഥയാണ് അവിടെ ഉണ്ടാകുന്നത്. ഒരു കടമ പോലെയായി കാര്യങ്ങൾ സംഭവിക്കുന്നു. അതല്ലാതെ അവിടെ സന്തോഷമോ സംതൃപ്തിയോ ഇണ്ടാകുന്നില്ല.

 

ഈ പ്രശ്നങ്ങളെ മനസ്സിലാക്കുകയും അതിനനുസരിച്ച് പേരന്റിങ്ങിൽ മാറ്റങ്ങൾ വരുത്തുകയും വേണ്ടത് അനിവാര്യമാണ്. പേരന്റിങ് ഒരു മഹത്തായ കാര്യമാണ്. സ്നേഹം കരുതൽ, വിശ്വാസം, പിന്തുണ, ആശയവിനിമയം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ചേരുമ്പോഴാണ് പേരന്റിങ് പൂർണ്ണതയിൽ എത്തുന്നത്. പേരന്റിങ്ങിൽ സംഭവിക്കുന്ന തെറ്റുകൾ ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് മനസ്സിലാക്കുക.

 

Content Summary : Common parenting mistakes to avoid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com