ADVERTISEMENT

കുട്ടികളുടെ പഠനം പലപ്പോഴും മാതാപിതാക്കൾക്ക് ഒരു തലവേദനയാണ്. മികച്ച സ്കൂളും ടൂഷ്യനുമെല്ലാം നൽകിയിട്ടും പഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന നിരവധി മാതാപിതാക്കളുണ്ട്. ഒരുപാട് നേരം ഇരുന്ന് പഠിച്ചിട്ടും മികച്ച ഫലം ലഭിക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. പഠിക്കാനുള്ള കഴിവ് ഒരോരുത്തരിലും വ്യത്യസ്തമാണ്. ഒരുപാട് നേരം നിർബന്ധിച്ചിരുത്തി പഠിപ്പിച്ചതുകൊണ്ട് പരീക്ഷയിൽ മാർക്ക് കൂടണമെന്നില്ല. എങ്കിലും പഠനം മെച്ചപ്പെടുത്താൻ ചില കാര്യങ്ങൾ ചെയ്തു നോക്കാം. ഒരു സമ്മർദം നൽകാതെ, പഠനത്തിൽ താൽപര്യം വളർത്തുന്ന രീതികളാണിവ. 

 

അനുയോജ്യമായ സാഹചര്യം: ശാന്തമായും സുഖകരമായും ഇരുന്ന് പഠിക്കാനാകുന്ന അന്തരീക്ഷം ഒരുക്കുക. കാറ്റും വെളിച്ചവും ഉള്ള, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഇല്ലാത്ത സാഹചര്യമാണ് വേണ്ടത്. കൂടുതൽ ശ്രദ്ധയോടെ പഠിക്കാൻ ഇത് അവരെ സഹായിക്കും. ചെലവിടുന്ന സമയം കുറവാണെങ്കിലും പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കും.

 

പഠന ക്രമം: തോന്നുമ്പോൾ പഠിക്കുക, തോന്നുന്നത് പോലെ പഠിക്കുക എന്നത് അനാരോഗ്യകരമായ പ്രവണതയാണ്. എത്ര പഠിച്ചാലും ഓർമയിൽ നിൽക്കാതിരിക്കാൻ ഇതു കാരണമാകും. അതിനാൽ പഠിക്കാൻ നിശ്ചിത സമയം തീരുമാനിക്കുക. അനുയോജ്യമായ രീതിയിൽ വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കുക. 

 

പ്രോത്സാഹിപ്പിക്കാം: പഠിക്കുന്നതിനിടയിൽ ഇടവേള എടുക്കാനും സമയത്തെ ഫലപ്രദമായി ഉപയോഗിക്കാനും പ്രാധാന്യമനുസരിച്ച് പഠിക്കാനും കുട്ടികളെ പരിശീലിപ്പിക്കുക. പ്രോജക്ടുകൾ അസൈമെൻറ്കൾ എന്നിവ കൃത്യസമയത്ത് പൂർത്തിയാക്കാൻ പഠിപ്പിക്കുക. കാര്യങ്ങൾ കൃത്യമായി ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുകയും ചെറിയ സമ്മാനങ്ങൾ നൽകുകയും ആവാം. 

 

ഓർഗനൈസർ: പഠിക്കാനുള്ള കാര്യങ്ങൾ, ചെയ്തു തീർക്കാനുള്ള അസൈമെൻറ്, പരീക്ഷാ സമയം എന്നിവ ഒരു ഓർഗനൈസറിന്റെ സഹായത്തിൽ രേഖപ്പെടുത്തി സൂക്ഷിക്കാൻ കുട്ടികളെ സഹായിക്കാം. ഡയറികളോ ഡിജിറ്റൽ കലണ്ടറുകളോ ഇതിനായി ഉപയോഗപ്പെടുത്താം. ഇതിലൂടെ പഠനം കൃത്യമായി മുന്നോട്ടു കൊണ്ടുപോകാനും അനാവശ്യ ചിന്തകളും ഭയങ്ങളും ഒഴിവാക്കാനും സാധിക്കും.

 

പിന്തുണയ്ക്കാം: കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഹോം വർക്കുകൾ ചെയ്യുന്നതിനും പിന്തുണ നൽകുക. എത്ര തിരക്കാണെങ്കിലും അതിനു വേണ്ടി എല്ലാ ദിവസവും സമയം കണ്ടെത്തുക. പിന്തുണയ്ക്കാൻ ഒരാൾ ഒപ്പമുണ്ടെന്ന് തോന്നൽ നൽകുന്ന ധൈര്യം എല്ലാവർക്കും പ്രധാനമാണ്. കുട്ടികളുടെ പഠനകാര്യത്തിൽ ഇത് ആവശ്യമാണ്. സഹായം ആവശ്യമുള്ളപ്പോൾ മടി കൂടാതെ ചോദിക്കാനും നിർദ്ദേശങ്ങൾ നൽകേണ്ട സമയത്ത് കൃത്യമായത് നൽകാനും മാതാപിതാക്കൾ ശ്രമിക്കുകയും ശ്രദ്ധിക്കുകയും വേണം. അവരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ആവശ്യമായ സഹായങ്ങൾ ചെയ്യുക. 

 

ഇഷ്ടം വളർത്താം: പുതിയ മേഖലകളിലേക്ക് അറിവ് വ്യാപിപ്പിക്കാനുള്ള താൽപര്യം കുട്ടികളിൽ വളർത്തേണ്ടതുണ്ട്. കഷ്ടപ്പെട്ട് പഠിക്കുകയല്ല ഇഷ്ടപ്പെട്ടു പഠിക്കുകയാണ് പഠനത്തെ ആയാസമാക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. അവർക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ. അവരിൽ കൗതുകം സൃഷ്ടിക്കുന്ന വിഷയങ്ങൾ എന്നിവ കണ്ടെത്താനും അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സാഹചര്യം ഒരുക്കുക. അവരുടെ ഇഷ്ടങ്ങളെ പിന്തുടരാൻ പ്രോത്സാഹനം നൽകുക. കുട്ടികളുടെ ഓരോ നേട്ടങ്ങളും ആഘോഷമാക്കുക. ഇതിലൂടെ പഠനത്തിൽ താൽപര്യം വളർത്താൻ സാധിക്കും.

 

സമ്മർദ്ദം കുറയ്ക്കാം: സമ്മർദം കുറയ്ക്കാനുള്ള മാർഗങ്ങൾ കുട്ടികൾക്ക് പറഞ്ഞു നൽകുക. മെഡിറ്റേഷൻ, വ്യായാമം, യോഗ തുടങ്ങിയ മാർഗങ്ങൾ അവരെ പരിശീലിപ്പിക്കുക. എപ്പോഴും പഠിച്ചുകൊണ്ടിരിക്കാതെ അതിനിടയിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി സമയം മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കാം.

 

പോസിറ്റീവായിരിക്കട്ടെ: പഠനത്തിൽ മികവ് പുലർത്താൻ വേണ്ടി കുട്ടി എടുക്കുന്ന കഠിനാധ്വാനത്തെ അഭിനന്ദിക്കാൻ മറക്കരുത്. മികവുപുലർത്താൻ അവരെ പ്രചോദിപ്പിക്കുക. ഒരിക്കലും അനാവശ്യ സമ്മർദ്ദം നൽകരുത്. ഫലത്തിൽ മാത്രം ശ്രദ്ധിക്കാതെ പഠനം എന്ന പ്രവർത്തിയെ മുൻനിർത്തി ആകണം മുന്നോട്ടു പോകേണ്ടത്. പഠനം ആസ്വാദ്യകരവും അനായാസവും ആയാൽ മികച്ച ഫലം ലഭിക്കും എന്നത് തീർച്ചയാണ്.

 

Content Summary : Ways parents can help children build effective study habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com