ADVERTISEMENT

കുട്ടികൾ പ്രീസ്കൂളിലേക്ക് പോകുന്ന കാലയളവിൽ മാതാപിതാക്കൾ അവരിൽ അടിസ്ഥാന ജീവിത നൈപുണ്യങ്ങൾ വളർത്തിയെടുക്കാൻ തുടങ്ങണം. 3 മുതൽ 5 വയസ്സുവരെയുള്ള കാലഘട്ടമാണിത്. ഇങ്ങനെ വളർത്തിയെടുക്കുന്ന നൈപുണ്യങ്ങൾ അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് തീർച്ചയായും മുതൽക്കൂട്ടാകും. അത്തരത്തിലുള്ള ചില അടിസ്ഥാന കാര്യങ്ങളിതാ.

 

∙ മര്യാദകൾ

നല്ല പെരുമാറ്റം ജീവിതകാലത്തേക്കുള്ള നിക്ഷേപമാണ്. നല്ല പെരുമാറ്റമുള്ള കുട്ടികളെ ആളുകൾ ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ നിരവധി അവസരങ്ങളും സാധ്യതകളും ഇത് ഒരുക്കി കൊടുക്കുന്നു. ഒരു കാര്യം ആവശ്യമുണ്ടെങ്കിൽ അത് വിനയത്തോടെ ചോദിക്കുക, തങ്ങൾക്ക് ആരെങ്കിലും സഹായം ചെയ്തു തന്നാൽ നന്ദി പറയുക, ആളുകളെ മാന്യമായി അഭിസംബോധന ചെയ്യുക, മറ്റുള്ളവർക്ക് ആവശ്യമുള്ള സഹായങ്ങൾ കണ്ടറിഞ്ഞ് ചെയ്യുക എന്നിവ ഈ മര്യാദകളിൽ പെടുന്നു. 

കുട്ടികളെ മര്യാദ പഠിപ്പിക്കാൻ അവർക്ക് മാതൃക കാട്ടുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. ഈ പ്രായത്തിൽ കുട്ടികൾ പലതും അനുകരണത്തിലൂടെയാണ് പഠിക്കുന്നത്. 

 

∙വസ്ത്രം ധരിക്കലും അഴിക്കലും

നിങ്ങളുടെ കുട്ടിയെ അറിഞ്ഞിരിക്കേണ്ട ഏറ്റവും ഉപയോഗപ്രദമായ കഴിവുകളിൽ ഒന്നാണിത്. വസ്ത്രങ്ങൾ വൃത്തിയായി സ്വയം ധരിക്കാൻ അവരെ പഠിപ്പിക്കുക. പലപ്പോഴും മാതാപിതാക്കൾ ചെയ്തു കൊടുക്കുന്നതു കൊണ്ട് മുതിർന്നാലും കുട്ടികൾക്ക് ശരിക്ക് ഒരുങ്ങാൻ സാധിക്കാതെ വരുന്നു. അതുകൊണ്ട് അവരെ സ്വയം പഠിപ്പിക്കുക. അവർ ഒരുങ്ങിയതിനുശേഷം ആവശ്യമെങ്കിൽ ചെറിയ മിനുക്കുപണികൾ മാത്രം മാതാപിതാക്കൾ ചെയ്യുന്നതാണ് ഉചിതം. അങ്ങനെ ഒരുങ്ങാനും ആകർഷകമായി സ്വയം അവതരിപ്പിക്കാനും അവർക്ക് സാധിക്കട്ടേ.

 

∙ ഷൂലേസ് കെട്ടൽ

ഒരു ചെറിയ കുട്ടിക്ക് ഇത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. എങ്കിലും പ്രീസ്‌കൂളിൽ ആയിരിക്കുമ്പോൾ നിങ്ങൾ അവനെ പഠിപ്പിക്കേണ്ട ഏറ്റവും ആവശ്യമായ കഴിവുകളിൽ ഒന്നാണിത്. ഇത് ഒരു രസകരമായ പ്രവൃത്തിയാക്കി മാറ്റി അവരെ പഠിപ്പിക്കാം. അങ്ങനെ അവർ അത് ആസ്വദിച്ച് ചെയ്യും. 

 

∙ ഭക്ഷണത്തിന് മുമ്പ് കൈ കഴുകുക

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്ന് നിങ്ങളുടെ കുട്ടികൾക്ക് അറിയാമെങ്കിൽ നിരവധി രോഗങ്ങളെ തടയാൻ കഴിയും. ടാപ്പ് തുറക്കുക, സോപ്പ് ഉപയോഗിക്കുക, അഴുക്ക് കളയാൻ കൈകൾ ഒരുമിച്ച് തടവുക, കൈകൾ നന്നായി കഴുകുക എന്നിങ്ങനെ കൈ കഴുകുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘട്ടങ്ങളിലൂടെയും അവരെ കൊണ്ടുപോകുക. ഇത് ഒരു ശീലമായിക്കഴിഞ്ഞാൽ, അവർ പറയാതെ തന്നെ എല്ലായ്പ്പോഴും ഇത് ചെയ്യും.

 

∙ സാധനങ്ങൾ ഒതുക്കിവയ്ക്കട്ടെ

കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എന്തും എടുത്തിടത്തു വയ്ക്കാൻ അവരെ ശീലിപ്പിക്കുക. കാരണം മാതാപിതാക്കളെ വലയ്ക്കുന്ന ഒരു കാര്യമാണിത്. തോന്നിയതെല്ലാം വലിച്ചു വാരി ഇടുന്ന മക്കൾ മാതാപിതാക്കളുടെ ജോലിഭാരം വർധിപ്പിക്കുന്നു. യുവത്വത്തിൽ എത്തിയാലും ഈ ശീലം മാറാത്ത മക്കളുണ്ട്. ചെറുപ്പത്തിൽ പഠിപ്പിക്കുക മാത്രമാണ് പോംവഴി. ഭക്ഷണം കഴിച്ചശേഷം പാത്രം സിങ്കിലാണ് വയ്ക്കേണ്ടത്. മാറിയ വസ്ത്രം അതിനു വേണ്ടി വച്ചിരിക്കുന്ന ബക്കറ്റിലാകണം ഇടേണ്ടത്. കളിപ്പാട്ടങ്ങൾ അതാതു സ്ഥാനത്തു സൂക്ഷിക്കണം എന്നിങ്ങനെ നീളുന്ന ആ കാര്യങ്ങൾ. 

 

∙ അവരുടെ മുടി ചീകുന്നത്

നിങ്ങളുടെ കുട്ടി അൽപ്പം പ്രായമാകുന്നതുവരെ ഇത് നിങ്ങളുടെ മേൽനോട്ടത്തിൽ ചെയ്യണം. പതിയെ സ്വയം ചെയ്യാൻ അനുവദിക്കുക. ഫലങ്ങളിൽ നിങ്ങൾ തൃപ്തനല്ലെങ്കിൽ നിങ്ങൾക്ക് അത് ശരിയാക്കാം. എങ്ങനെയാണ് മികച്ച രീതിയിൽ മുടി ചീകുക എന്നു പറഞ്ഞു കൊടുക്കുക. 

 

∙ നീന്തൽ

ഇതൊരു പ്രധാന ജീവിത നൈപുണ്യവും രസകരമായ പ്രവർത്തനവുമാണ്. കുട്ടികൾ നീന്തൽ പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഒരു ജീവൻ രക്ഷിക്കാനുള്ള കഴിവാണ്. ചെറുപ്പത്തിൽ തന്നെ പഠിക്കുന്നതാണ് നല്ലത്.

 

∙ പണം കൈകാര്യം ചെയ്യൽ

നിങ്ങളുടെ കുട്ടികൾക്ക് വീടിന് ചുറ്റുമുള്ള ജോലികൾക്കായി ചെറിയ തുകകൾ നൽകാം. അങ്ങനെ ചെയ്യുന്നതിലൂടെ പണത്തിന്റെ പ്രാധാന്യം നിങ്ങൾ അവർക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അവരുടെ കയ്യിലെ പണം എങ്ങനെ ബജറ്റ് ചെയ്യണമെന്ന് അവരെ പഠിപ്പിക്കുക. പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള മുതിർന്നവരായി വളരാൻ ഇത് അവരെ സഹായിക്കും.

 

ഇക്കാര്യങ്ങൾ സൗമ്യമായും സ്നേഹത്തോടെയും വേണം അവരെ പഠിപ്പിക്കാൻ. മിക്ക കാര്യങ്ങളും പോസിറ്റീവായി കാണിക്കുമ്പോഴും മാതൃകാപരമായി പഠിപ്പിക്കുമ്പോഴുമാണ് കുട്ടികൾ എളുപ്പത്തിൽ പഠിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് അവർ എല്ലാം പഠിക്കും എന്നു കരുതുകയോ അതിന് വാശിപിടിക്കുകയോ ചെയ്യരുത്.

 

Content Highlight - Preschool life skills ​| Teaching manners to children | Dressing and undressing skills for kids | Teaching children to wash hands before eating | Money management for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com