കുട്ടികളോട് നിങ്ങള്‍ മിടുക്കരാണെന്ന് പറയേണ്ടതെപ്പോള്‍? അഭിനന്ദനത്തിലെ പാളിച്ചകള്‍

HIGHLIGHTS
  • അവരുടെ വിജയങ്ങളുടെ പേരില്‍ മാത്രമല്ല അഭിനന്ദിക്കേണ്ടത്
  • നിങ്ങളുടെ കുട്ടികളോട് നിങ്ങള്‍ മിടുക്കരാണെന്ന് വെറുതെ പറയരുത്
effects-of-complimenting-childrens-efforts-vs-successes
Representative image.. Photo .credits: fizkes/ Shutterstock.com
SHARE

വിജയങ്ങളില്‍, നിങ്ങള്‍ മിടുക്കരാണെന്ന് കുട്ടികളോട് പറയാറുണ്ടോ? കുഞ്ഞുങ്ങളെ അവരുടെ വിജയങ്ങളുടെ പേരില്‍ മാത്രമല്ല അഭിനന്ദിക്കേണ്ടത്, മറിച്ചു അവരുടെ പ്രയത്നത്തിന്റെ പേരില്‍ കൂടെയാണ്. നിങ്ങളുടെ കുട്ടികളോട് നിങ്ങള്‍ മിടുക്കരാണെന്ന് വെറുതെ പറയരുത്. കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത് ഉപരിപ്ലവമായ അഭിനന്ദനങ്ങളല്ല. അവരെ അവരുടെ പരിശ്രമത്തിന്റെ പേരില്‍ അഭിനന്ദിക്കുമ്പോഴാണ് വീഴ്ചകളില്‍ പോലും പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറാനും പ്രതിസന്ധികളെ അഭിമുഖീകരിക്കാനും കുട്ടികള്‍ പ്രാപ്തരാകുന്നത്. ഉദാഹരണത്തിന്, നമ്മുടെ കുട്ടി ഒരു പസിലിന്റെ (puzzle) ഉത്തരം കണ്ടെത്തി എന്ന് കരുതുക. നമ്മള്‍ അവരോട് മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കി ഉത്തരം കിട്ടിയല്ലോ എന്ന് പറയുമ്പോള്‍ കുട്ടി കരുതുന്നത് അവനോ അവള്‍ക്കോ ഉത്തരം കിട്ടിയത് കൊണ്ടാണ് അവര്‍ മിടുക്കരായത് എന്നാവും. 

അടുത്ത തവണ മുതല്‍ കുട്ടി നമ്മുടെ ഈ മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കി വിളിക്ക് വേണ്ടി കാതോര്‍ക്കും. ഉത്തരം കിട്ടിയാല്‍ മാത്രമേ മിടുക്കരാകു എന്ന ചിന്ത അറിയാതെ അവരുടെ മനസ്സില്‍ രൂപപ്പെടും. ഉത്തരം കിട്ടാതാവുമ്പോള്‍ അഭിനന്ദനം ഇല്ലാതാകുന്നതോടെ തോറ്റു പോകുന്നിടത്തെല്ലാം കുട്ടി നിരാശയിലേക്കും സങ്കടത്തിലേക്കും പോകും. അങ്ങനെ വളരെ പോസിറ്റീവ് ആയി നമ്മള്‍ നമ്മുടെ കുട്ടിയോട് പറഞ്ഞ കാര്യം അവരെ വളര്‍ത്തുന്നതിന് പകരം തളര്‍ത്തും. ഒരു തോല്‍വിയും അഭിമുഖീകരിക്കാന്‍ കഴിവില്ലാത്തവരാകും. അവരുടെ വിജയത്തെ അഭിനന്ദിക്കുന്നതിന് പകരം അവരുടെ പരിശ്രമത്തെ അഭിനന്ദിച്ചാല്‍ തോല്‍വികളെ പോലും ഒരു പുഞ്ചിരിയോടെ നേരിടാന്‍ അവര്‍ പഠിക്കും.

കുട്ടികളെ അഭിന്ദിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ മനഃശാസ്ത്രജ്ഞയായ കാരള്‍ ദ്വേക്ക് ഒരു പഠനം നടത്തിയിരുന്നു. അവര്‍ ഏതാനും കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഈ രണ്ട് വിഭാഗം കുട്ടികള്‍ക്കും രണ്ട് തരത്തിലുള്ള അഭിനന്ദനങ്ങള്‍ നല്‍കി. ഒന്നാമത്തെ വിഭാഗത്തിലുള്ള കുട്ടികളെ അവരുടെ ബുദ്ധിയുടെ പേരിലും രണ്ടാമത്തെ ഗണത്തിലെ കുട്ടികളെ അവരുടെ പരിശ്രമത്തിന്റെ പേരിലുമാണ് അഭിനന്ദിച്ചത്. ഇനിയാണ് രസകരമായ കാര്യം സംഭവിക്കുന്നത്. ഈ കുട്ടികള്‍ക്ക് രണ്ട് തരത്തിലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ കൊടുത്തു. ഒന്ന് വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളും രണ്ടാമത്തേത് വളരെ എളുപ്പമുള്ള കാര്യങ്ങളും. 

പരീക്ഷണത്തിന്റെ ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു. തങ്ങളുടെ ബുദ്ധിസാമര്‍ഥ്യത്തിന്റെ പേരില്‍ അഭിനന്ദിക്കപ്പെട്ട ഒന്നാമത്തെ വിഭാഗത്തിലെ കുട്ടികളില്‍ 67 ശതമാനം പേരും എളുപ്പമുള്ള കാര്യങ്ങള്‍ ചെയ്തപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ പെട്ട കുട്ടികളില്‍ 92 ശതമാനം പേരും ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്തു. തുടര്‍ന്ന് കാരള്‍ ഈ കുട്ടികള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കൊടുത്തു. അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു ഇപ്രാവശ്യം നല്‍കിയത്. തങ്ങളുടെ പരിശ്രമത്തിന് അഭിനന്ദനം ലഭിച്ച രണ്ടാമത്തെ ഗ്രൂപ്പിലെ കുട്ടികള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യമായിരുന്നിട്ടു കൂടി സ്ഥിരോത്സാഹത്തോടെയും സന്തോഷത്തോടെയും ആ മത്സരത്തെ നേരിട്ടു. 

എന്നാല്‍ തങ്ങളുടെ കഴിവിന്റെ പേരില്‍ അഭിനന്ദനം ലഭിച്ച കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയും സങ്കടപ്പെടുകയും ചെയ്തു. മാതാപിതാക്കള്‍ നല്‍കുന്ന വ്യത്യസ്ത തരത്തിലുള്ള അഭിനന്ദനങ്ങള്‍ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തുകയോ തളര്‍ത്തുകയോ ചെയ്യുമെന്ന് ഈ പരീക്ഷണം വ്യക്തമാക്കുന്നു.

മാതാപിതാക്കള്‍ നല്‍കുന്ന അഭിനന്ദനങ്ങള്‍ പ്രധാനമായും രണ്ട് തരത്തിലുള്ള മാനസിക നിലകളാണ് കുട്ടികളില്‍ രൂപപ്പെടുത്തുന്നതെന്ന് 2022 ല്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. ({Parental Praise and Children's Exploration (Brummwlman, E. Grapsas, S. & Vander Kooij, K.) നിശ്ചല മനസും ചലനാന്മക മനസും. നിശ്ചല മനസുള്ള കുട്ടികള്‍ ഓരോ കാര്യത്തിലും തങ്ങള്‍ ഒന്നുകില്‍ നല്ലതോ അല്ലെങ്കില്‍ മോശമോ ആണെന്ന് കരുതുന്നു. അവര്‍ക്ക് തെറ്റ് പറ്റുമോ എന്ന ഭയമുള്ളതിനാല്‍ പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്നു. അതേസമയം ചലനാന്മക മനസുള്ള കുട്ടികള്‍ ഏതു കാര്യവും ചെയ്യാന്‍ ധൈര്യമുള്ളവരാണ്. അവര്‍ക്ക് തോല്‍വിയെക്കുറിച്ചുള്ള ഭയമില്ല. എത്ര ബുദ്ധിമുട്ടേറിയ കാര്യവും അവരെ നിരാശരാക്കുന്നില്ല. ഏതു കാര്യവും പരിശ്രമത്തിലൂടെ മെച്ചപ്പെടുത്താമെന്ന് അവര്‍ കരുതുന്നു.

കുട്ടികളെ എങ്ങനെ അഭിന്ദിക്കണം എന്നതിനുള്ള ഒരു കുറുക്കു വഴി കൂടി പറയാം. കുഞ്ഞുങ്ങളെ അവര്‍ക്ക് നിയന്ത്രണമുള്ള കാര്യങ്ങളില്‍ അവര്‍ ചെയ്യുന്ന പരിശ്രമത്തിന് അഭിനന്ദിക്കുക. അവര്‍ക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളില്‍ അഭിനന്ദിക്കാതിരിക്കുക. അവരുടെ നിറമോ ബുദ്ധിയോ അവരുടെ നിയന്ത്രണത്തിലല്ല. ഇക്കാര്യങ്ങളിലൊന്നും അവരെ അഭിനന്ദിക്കാതിരിക്കുക. അതേസമയം, അവര്‍ പല്ല് തേക്കുമ്പോള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ചിത്രം വരയ്ക്കുമ്പോള്‍ മറ്റൊരാളെ സഹായിക്കുമ്പോള്‍ എല്ലാം അവരെ അഭിനന്ദിക്കുക. അതവരുടെ നിയന്ത്രത്തിലുള്ള കാര്യമാണ്. നമ്മളുടെ അഭിനന്ദനം അവരെ കൂടുതല്‍ മെച്ചപ്പെട്ട പരിശ്രമം കാഴ്ച വെക്കാന്‍ സഹായിക്കും. അവനോ അവളോ പുസ്തകത്തില്‍ കുത്തി വരച്ചതിന്റെ ഭംഗി പോരെങ്കിലും ആ പരിശ്രമത്തെ അഭിനന്ദിക്കുക. നാളെ കൂടുതല്‍ നല്ല ചിത്രങ്ങള്‍ അവര്‍ ഈ ഭൂമിയില്‍ വരയ്ക്കും.

Content Highlight -  Parental praise and children's exploration | Complimenting children on efforts | Building confidence in children | Fixed mind vs. dynamic mind in children | Praising children for their efforts

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS