ADVERTISEMENT

താരാട്ട് പാട്ടും കുഞ്ഞുങ്ങളും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ട്. കുഞ്ഞുങ്ങളെ പാട്ടു പാടിയുറക്കാത്ത അമ്മമാരില്ലല്ലോ. സംഗീതത്തിന്റെ സ്വാധീനം ഗര്‍ഭകാലം മുതല്‍ ആരംഭിക്കുന്നുവെന്നാണ് പറയുന്നത്. ലബനീസ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സര്‍ ഡോ. ഇബ്രാഹിം ബാല്‍താജി ഇതുസംബന്ധിച്ച് പറയുന്ന കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാലോ. ഗര്‍ഭവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് സംഗീതം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഗര്‍ഭകാലത്തിന്റെ 16, 18 ആഴ്ചകളില്‍ കുഞ്ഞുങ്ങള്‍ ആദ്യമായി സ്വരം കേള്‍ക്കാന്‍ തുടങ്ങും. 24 ആം ആഴ്ച എത്തുമ്പോഴേക്കും കുഞ്ഞുങ്ങള്‍ ശബ്ദത്തിനോട് പ്രതികരിക്കാന്‍ തുടങ്ങും. അവസാന മാസങ്ങളില്‍ കുഞ്ഞിന് അമ്മയുടെ സ്വരവും പാട്ടുകളുമൊക്കെ തിരിച്ചറിയാന്‍ സാധിക്കും. സന്തോഷമുണ്ടാക്കുന്ന താരാട്ടു പാട്ടുകളും ക്ലാസിക്കല്‍ സംഗീതവുമൊക്കെ ഈ സമയത്തു കേള്‍ക്കുന്നത് വളരെ പോസിറ്റീവ് ആയ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ഡോ. ഇബ്രാഹിം തന്റെ റിസര്‍ച്ചിലൂടെ പറയുന്നു. 

സംഗീതം കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയെ എങ്ങനെ സ്വാധീനിക്കുന്നു 
പരിചയമുള്ള ഒരു പാട്ടോ മ്യൂസിക്കോ ഒക്കെ ഒരു മ്യൂസിക്ക് തെറാപ്പിയുടെ ഫലം ചെയ്യും. സാവധാനത്തിലുള്ളതും ആവര്‍ത്തിക്കുന്നതുമായ സംഗീതം ഹൃദയമിടിപ്പിനെ സാവധാനത്തിലാക്കുകയും ശാന്തവും ആഴത്തിലുള്ളതുമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും. കുഞ്ഞിന്റെ അച്ഛന്റെയോ അമ്മയുടേയോ വീട്ടിലുള്ളവരുടെയോ താരാട്ടുപാട്ടുകളെ അത്ര നിസ്സാരമായി കാണരുതെന്ന് ചുരുക്കം. അവരുടെ ശബ്ദം കുഞ്ഞിന് പരിചയമുള്ളതും ആ താളം കുഞ്ഞിനെ ശാന്തമാക്കുന്നതുമാണ്.

വളര്‍ച്ചയുടെ പടവുകളില്‍ ഭാഷകള്‍ സ്വായത്തമാക്കുന്നതിനും വായന ശേഷി വളര്‍ത്തുന്നതിനും സംഗീതം കുഞ്ഞുങ്ങളെ സഹായിക്കും. ഏതെങ്കിലും ഒരു സംഗീതോപകരണം വായിക്കാന്‍ പഠിക്കുന്നത് കുട്ടികള്‍ക്ക് ഗണിതത്തിലുള്ള താല്പര്യം വര്‍ധിപ്പിക്കുകയും ഉയര്‍ന്ന നിലവാരം പഠനത്തില്‍ പുലര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് പറ്റിയ ഏറ്റവും നല്ല സംഗീതം ഏതാണ്?
അമ്മയുടെയും അച്ഛന്റെയും താരാട്ടുപാട്ടുകള്‍ തന്നെയാണ് കുഞ്ഞുങ്ങള്‍ക്ക് പറ്റിയ ഏറ്റവും നല്ല സംഗീതം. കയ്യടിക്കുന്നതും താളം പിടിക്കുന്നതുമെല്ലാം കുഞ്ഞിന് വളരെ ഇഷ്ടപെട്ട സ്വരങ്ങളാണ്. ഒരു സ്പൂണ്‍ എടുത്തു നിങ്ങള്‍ താളം പിടിക്കുന്നത് പോലും കുഞ്ഞുങ്ങള്‍ ആസ്വദിക്കും.  

സംഗീതം കുഞ്ഞുങ്ങളെ സാമൂഹികമായി സ്വാധീനിക്കുന്നതെങ്ങനെ?
സംഗീതം കുഞ്ഞുങ്ങളില്‍ സാമൂഹികമായ ഒരു തലം സൃഷ്ടിക്കുന്നുണ്ട്. നിങ്ങളുടെ താരാട്ടിന്റെ താളത്തിനൊത്തു കൈകാലുകള്‍ ചലിപ്പിക്കുകയും സ്വരങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍ ആ സംഗീതത്തിലൂടെ ചുറ്റുമുള്ളവരിലേക്ക് പുതിയ ഒരു ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ആവര്‍ത്തിക്കപ്പെടുന്ന നിങ്ങളുടെ താരാട്ടുപാട്ട് കുഞ്ഞുങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിക്കും. പതിയെ ഒരു പടി കൂടെ കടന്ന് അവര്‍ അവരുടെ ഈണങ്ങള്‍ ഉണ്ടാക്കുന്നതും കേള്‍ക്കുന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്നതും മാതാപിതാക്കള്‍ പറയുന്ന വാക്കുകള്‍ മനഃപാഠമാക്കുന്നതുമെല്ലാം നിങ്ങള്‍ക്ക് കാണാനാകും.

Content Highlight - Lullabies and babies | Music and brain development in babies | Influence of music on babies in the womb |. Music therapy for babies |  Social influence of music on children | Parenting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com