ADVERTISEMENT

വളരെയധികം പ്രാധാന്യമർഹിക്കുന്നതും സങ്കീർണമായതുമായ കാലഘട്ടമാണ് കൗമാരം. ശാരീരികവും മാനസികവുമായി കുട്ടികളിൽ വളരെയധികം മാറ്റങ്ങളും വികാസങ്ങളും പ്രാപിക്കുന്ന ഈ പ്രായത്തിൽ മാതാപിതാക്കൾ വളരെയധികം ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. ഇന്ന് നമ്മെ ആശങ്കപ്പെടുത്തുന്നത് കുട്ടികളിലെ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയാണ്. പലപ്പോഴും ചിന്തകൾക്ക് അതിരിടാൻ കഴിയാത്ത ഈ പ്രായത്തിൽ പല എടുത്തുചാട്ടങ്ങളും സംഭവിക്കുന്നു. കൗമാരത്തിലേക്കു കടക്കുവാൻ തുടങ്ങുന്നതു മുതൽ കുട്ടികൾക്ക് അവരെപ്പറ്റി പല ധാരണകളുമുണ്ടാകാം. രക്ഷിതാക്കൾ ഇതിനെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. കൗമാരപ്രായക്കാർക്കിടയിൽ കണ്ടുവരുന്ന വലിയൊരു പ്രശ്നമാണ് ആത്മഹത്യാ പ്രവണത. അമിതമായ നിരാശയോ വലിയ പ്രശ്നങ്ങളോ മുതൽ ചെറിയ കാരണങ്ങൾ പോലും ഇത്തരം കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നു. അതിനാൽ മാതാപിതാക്കളുടെ കൃത്യമായ ശ്രദ്ധയും പരിചരണവും ഇത്തരം കുട്ടികൾക്കു ലഭിക്കേണ്ടതുണ്ട്.

 

മക്കളെ ഏറ്റവും നല്ല രീതിയിൽ വളർത്തണമെന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. മാതാപിതാക്കളിൽ നിന്ന് സ്നേഹവും കരുതലും പരിചരണവും സുരക്ഷയും തണലും ലഭിക്കും എന്ന തോന്നൽ ചെറുപ്പം മുതലേ കുട്ടികളിൽ വളർത്തിയെടുക്കണം. ഒറ്റപ്പെട്ടുപോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് വളരെയധികം ആവശ്യമാണ്. പലപ്പോഴും ഒറ്റപ്പെടലാണ് കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നത്. അതിനാൽ ചെറുപ്പം മുതലേ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾക്കും മക്കൾക്കുമിടയിലുണ്ടാകണം.

 

സ്കൂളിലോ വീട്ടിലോ ഉണ്ടാവുന്ന എന്തെങ്കിലും പ്രത്യേക സംഭവങ്ങളോ അപമാനമോ സൗഹൃദത്തിലും പ്രണയത്തിലും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളോ ഒക്കെ കുട്ടികളിൽ മാനസിക സമ്മർദ്ദം വർധിപ്പിക്കാം. എന്നാൽ ദൃഢമായ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഊഷ്മളമായ ഇടപെടലുകളും ഒരു പരിധി വരെ ഇത്തരം സമ്മർദ്ദം കുറയ്ക്കും. 

 

പ്രധാനമായും കുടുംബ പ്രശ്നങ്ങൾ, പരീക്ഷാ തോൽവി, ഓണ്‍ലൈൻ ഗെയിം, പ്രണയ നൈരാശ്യം, ഭീഷണിപ്പെടുത്തലുകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ഗാർഹിക പീഡനം, അവഗണന, അമിതമായ പഠനസമ്മർദം, മാതാപിതാക്കൾക്ക് കുട്ടികളിലുള്ള അമിത പ്രതീക്ഷ, സമപ്രായക്കാരുടെ സമ്മർദം, എൽജിബിടിക്യു കുട്ടികൾ നേരിടുന്ന വിവേചനം, തിരസ്കരണം, ഉപദ്രവം, മുൻകാലങ്ങളിൽ ഉണ്ടായ ആത്മഹത്യാശ്രമങ്ങൾ  തുടങ്ങിയവയെല്ലാം കുട്ടികളിലെ ആത്മഹത്യയ്ക്കു കാരണമാകുമെന്ന് പറയുന്നുവെങ്കിലും മാനസികാരോഗ്യം ഇല്ലാത്തതു തന്നെയാണ് കുട്ടികളുടെ ആത്മഹത്യാ പ്രവണതയ്ക്കു പ്രധാന കാരണമായി മനസ്സിലാകുന്നത്. കുട്ടികളിൽ കായിക വിനോദങ്ങളുടെ അഭാവവും പിയർ ഗ്രൂപ്പ് ഇൻഫ്ലുവെൻസുകളും അവരുടെ സൈക്കോസോഷ്യൽ കോംപീറ്റൻസും ലൈഫ്‌സ്‌കിലും കുറഞ്ഞതും അതിനു കാരണമായി കരുതാം.

 

ഒറ്റപ്പെടുമോ എന്ന ഭയം കാരണം ചിലപ്പോൾ കുട്ടികൾ ഇത്തരം അവസ്ഥകൾ തുറന്നു പറയാതിരിക്കാം. അതുകൊണ്ടുതന്നെ അവർക്കു കാര്യങ്ങൾ തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കാൻ സ്കൂൾ കൗൺസിലർമാരും ടീച്ചർമാരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മഹത്യ പ്രവണത കാണിക്കുന്ന കുട്ടികളെ കുറ്റപ്പെടുത്തുന്നതും കളിയാക്കുന്നതും പരമാവധി ഒഴിവാക്കുക. കുട്ടിക്ക് സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ കഴിയുന്നതും ഒഴിവാക്കികൊടുക്കാൻ ശ്രദ്ധിക്കുക, കഴിയാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതോടൊപ്പം വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ശ്രമിക്കണം.

 

കുട്ടികൾ ആത്മഹത്യയെ കുറിച്ച് സംസാരിക്കുകയോ അത്തരം സൂചനകൾ തരുന്ന തരത്തിൽ പ്രവർത്തിക്കുകയോ ചെയ്താൽ ഒരിക്കലും അവരോട് ദേഷ്യപ്പെടുകയോ ഉപദ്രവിക്കുകയോ അടിച്ചമർത്തുകയോ ചെയ്യരുത്. പകരം അവരുടെ അവസ്ഥയും ആവശ്യങ്ങളും ചോദിച്ചറിയുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങളിൽ ഒറ്റപ്പെടുത്തലുകളും മുൻവിധികളും പരമാവധി ഒഴിവാക്കി പകരം നിങ്ങളെ വിശ്വസിക്കാൻ പാകത്തിലുള്ള സുരക്ഷിതമായ ഒരിടം അവർക്കു മുന്നിൽ തുറന്നു കൊടുക്കുക. പലപ്പോഴും മാതാപിതാക്കൾ ഇത്തരം സന്ദർഭങ്ങളിൽ അടിച്ചമർത്തലാണ് പതിവ് .എന്നാൽ അതിനുപകരം കുട്ടികൾക്ക് ആവശ്യമുള്ള കരുതലും സംരക്ഷണവും നൽകി ആവശ്യമുള്ളപ്പോൾ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുകയും ചെയ്യാം. 

 

പലപ്പോഴും മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ കുട്ടികളിൽ കേന്ദ്രീകരിക്കാത്തത് കൊണ്ടാണ്  ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.  പതിവിന് വിപരീതമായി അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പെരുമാറ്റങ്ങൾ, മോശം മാനസികാവസ്ഥയുടെ ലക്ഷണങ്ങൾ, പതിവായി ചെയ്യുന്ന കാര്യങ്ങളിൽ വീഴ്ച, സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള പിന്മാറ്റം എന്നിവ ശ്രദ്ധിക്കുകയും കൃത്യമായി ചോദിച്ചറിഞ്ഞ് അവരെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ തുറന്ന ആശയവിനിമയം വളരെയധികം അത്യന്താപേക്ഷിതമാണ്.

 

ആത്മഹത്യാ പ്രവണതയുള്ള കുട്ടികളും പലതരത്തിലുള്ള സൂചനകൾ നൽകാൻ ശ്രമിക്കാറുണ്ട്. കൗമാരക്കാർ പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന പല പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും ആത്മഹത്യാ സൂചനകൾ നൽകാറുണ്ട്. കൗമാരത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ അവരിൽ മൂഡ്‌സ്വിങ് അടക്കം പല മാനസിക സംഘർഷങ്ങളുമുണ്ടായേക്കാം. അവ തിരിച്ചറിഞ്ഞു കുട്ടികളെ പ്രത്യേകം പരിപാലിക്കേണ്ടതുണ്ട്. ഇതൊന്നും മനസ്സിലാകാത്ത രക്ഷിതാക്കൾ പലപ്പോഴും കുട്ടികളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും വഴക്കടിക്കുകയും ചെയ്യുമ്പോളാണ് അവർ വിഷാദ രോഗത്തിലേക്ക് പോകുന്നതും ആത്മഹത്യാ പ്രവണത അടക്കമുള്ള മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നതും.

 

മാതാപിതാക്കളുമായി ആരോഗ്യകരമായ ബന്ധം പുലർത്താത്തവരും കലാ-കായികവിനോദങ്ങളിലും മറ്റും ഏർപ്പെടാത്തവരും സൗഹൃദങ്ങൾ തീരെ കുറവുള്ളവരുമായ, ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികളിലാണ് ആത്മഹത്യാ പ്രവണത കൂടുതലായും കണ്ടുവരുന്നത്. 

 

കുട്ടികളെ ഒറ്റയ്ക്കിരിക്കാൻ സമ്മതിക്കാതെ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരുമൊക്കെയായി ഇടപഴകാൻ പ്രോത്സാഹിപ്പിക്കുക. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വ്യായാമങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക ഇത്തരം ശാരീരിക പ്രവർത്തനങ്ങൾ മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തും. പരമാവധി അവരെ സന്തോഷനിർഭരാക്കാൻ സമയം കണ്ടെത്തുകയും അവരുമായി ദൃഢബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. കുട്ടികളിൽ സ്വയം സ്നേഹിക്കാനും സ്വയം അവബോധം വളർത്തിയെടുത്ത് സ്വയം അറിയാനും തങ്ങളുടെ അഭിരുചികൾ (passion ) തിരിച്ചറിഞ്ഞ് അവയെ പിന്തുടരാനും പ്രോത്സാഹിപ്പിക്കുക. കുട്ടികളിലെ മാനസിക നില മെച്ചപ്പെടുത്തുന്നതിന്ന് ഹാപ്പിഹോർമോണുകൾ അടക്കം ലഭിക്കുന്ന ഭക്ഷണം നൽകാനും ശ്രദ്ധിക്കണം. 

 

കുട്ടികളിൽ ഉറക്കക്കുറവ്, ആത്മഹത്യാപ്രവണത, തുടർച്ചയായി നീണ്ടുനിൽക്കുന്ന വിഷാദഭാവം, അമിത ദേഷ്യം, മുൻപ് ആസ്വദിച്ചിരുന്ന കാര്യങ്ങളോടുള്ള താത്‌പര്യമില്ലായ്മ, അകാരണമായ ക്ഷീണം, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗക്കുറവ്, നിരാശ, പ്രതീക്ഷയില്ലായ്മ, മരണചിന്തകൾ എന്നീ ലക്ഷണങ്ങൾ തുടർച്ചയായി കാണുകയാണെങ്കിൽ കുട്ടിയെ എത്രയും വേഗം ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണിക്കുക

 

(ചൈൽഡ്‍ലൈൻ കോഓർഡിനേറ്ററും ചൈൽഡ്– അഡോളസെന്റ് ആൻഡ് റിലേഷൻഷിപ് കൗൺസിലറുമാണ് ലേഖകൻ)

 

Content Highlight –  Suicidal tendencies among children ​| Combating increasing suicide rate | Parental awareness of suicidal children | Mental health in adolescence | Prevention and support for suicidal children

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT