എത്ര വയസ്സ് മുതല്‍ കുട്ടികളെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്താം? മാതാപിതാക്കളറിയാന്‍

Mail This Article
കേരളത്തില്‍ കാറുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. തീരെ ചെറിയ കുട്ടികളുമായി യാത്ര ചെയ്യണമെങ്കില്‍ കാര്‍ പോലെയുള്ള വാഹനങ്ങൡാതെ പറ്റുകയുമില്ല. കുട്ടികളുമായി കാറില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മിക്ക മാതാപിതാക്കള്‍ക്കും ചില സംശയങ്ങളുണ്ടാകാറുണ്ട്. കുട്ടികളെ എത്ര വയസ്സ് മുതല്‍ കാറിന്റ മുന്‍ സീറ്റില്‍ ഇരുത്താം അല്ലെങ്കില്‍ തീരെ ചെറിയ കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ഇടേണ്ടതുണ്ടോ എന്നൊക്കെ.
നിങ്ങളുടെ കുട്ടിക്ക് 13 വയസ്സ് തികയുന്നത് വരെ മുന്‍ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കരുതെന്നാണ് രക്ഷിതാക്കളോട് വിദഗ്ധര്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ മാംസപേശികളും എല്ലുകളുമൊക്കെ വളര്‍ച്ചയുടെ ഘട്ടത്തിലായതിനാല്‍ അപകടത്തിലുണ്ടാവുന്ന പരിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കൂടാതെ, നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എയര്‍ബാഗുകള്‍ അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എയര്‍ബാഗുകള്‍ ഏകദേശം 322kmph വേഗതയില്‍ അല്ലെങ്കില്‍ ഒരു സെക്കന്റിന്റെ 1/20-നുള്ളില്‍ ശക്തിയായി പ്രവര്‍ത്തിക്കുകയാണ്. ഇത് ഒരു കൊച്ചുകുട്ടിക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കും. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ചൈല്‍ഡ് സീറ്റില്‍ അവരെ ഇരുത്തുന്നതാണ് സുരക്ഷിതം.
NGO സേവ് ലൈഫ് ഫൗണ്ടേഷന്റെ ഒരു പഠനമനുസരിച്ച്, 2008 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ 55,000-ത്തിലധികം കുട്ടികള്‍ റോഡപകടങ്ങളില്‍ മരിച്ചു. അതേസമയം, ഇന്ത്യയിലെ 76 ശതമാനം രക്ഷിതാക്കളും തങ്ങളുടെ വാഹനങ്ങളുടെ ചൈല്‍ഡ് നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. 'ഏഴു വയസ്സുവരെയുള്ള കുട്ടികള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് സീറ്റില്‍ ഇരിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് മുംബൈ പോലീസിന്റെ ഓണററി ട്രാഫിക് ഉപദേഷ്ടാവ് ആയിരുന്ന ശങ്കര്‍ വിശ്വനാഥ് പറയുന്നു.
ഹാര്‍ഡ് ബ്രേക്കിംഗ് സമയത്ത് കുട്ടിക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മുതിര്‍ന്നവരുടെ മടിയിലോ, സീറ്റിലോ അവരെ ഇരുത്തുന്നതും കഴുത്തിന് കുറുകെ സാധാരണ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതും സുരക്ഷിതമായ മാര്‍ഗങ്ങളല്ല. യാത്രയ്ക്കിടെ കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്താനുള്ള ആഗ്രഹം മാതാപിതാക്കള്‍ക്കോ മുത്തശ്ശിമാര്‍ക്കോ ഉണ്ടായാലും അപകടം ഉണ്ടായാല്‍ സംഭവിക്കാവുന്ന നിര്‍വചിക്കാനാവാത്ത ദുരന്തത്തെ ഓര്‍ത്ത് അത്തരം സന്തോഷങ്ങള്‍ വേണ്ടെന്ന് വെക്കുന്നതാണ്നല്ലത്.
Content Highlight - Age for sitting in front seat of car | Child safety tips for car travel | Child seat for car travel | Dangers of airbags for young children | Child restraint systems in vehicles | Parenting