ADVERTISEMENT

മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സമപ്രായത്തിലുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നത് സാധാരണ കാര്യമാണ്. പലരും നല്ല ഉദ്ദേശ്യത്തോടെയാണ് ഇക്കാര്യം ചെയ്യുന്നത്. മറ്റുള്ള കുട്ടികളുടെ വളര്‍ച്ചയും നേട്ടങ്ങളുമെല്ലാം കാണുമ്പോള്‍ തങ്ങളുടെ കുട്ടികളും അതുപോലെ മിടുക്കരായി മാറണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതും വളരെ നല്ല കാര്യമാണ്. എന്നിരുന്നാലും, ഇത്തരം താരതമ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായ മോശം അവസ്ഥകളില്‍ ചെന്നെത്താറുണ്ട്.

താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാക്കുന്ന പുകിലുകള്‍ 
മാതാപിതാക്കള്‍ മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തി അവരെപ്പോലെയാകണം എന്ന് സ്വന്തം കുട്ടികളോട് പറയുമ്പോള്‍ അതവരുടെ ആത്മവിശ്വാസത്തെയാണ് നശിപ്പിക്കുന്നത്. തങ്ങളെ ഒന്നിനും കൊള്ളില്ലെന്ന ഏറ്റവും അപകടകരമായ മാനസിക അവസ്ഥയിലേക്കായിരിക്കും കുട്ടികള്‍ എത്തിപ്പെടുന്നത്. കുട്ടികള്‍ വളരെ സെന്‍സിറ്റീവ് ആയതിനാല്‍ നിരന്തരമായ ഇത്തരം താരതമ്യപ്പെടുത്തലുകള്‍ അവരുടെ ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. സമപ്രായക്കാരുമായുള്ള ഇത്തരം താരതമ്യങ്ങള്‍ക്ക് വിധേയരായ കുട്ടികളില്‍ ഉത്കണ്ഠയും വിഷാദവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് 'ജേണല്‍ ഓഫ് ചൈല്‍ഡ് സൈക്കോളജി ആന്‍ഡ് സൈക്യാട്രി' (2020) ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ഈ താരതമ്യപ്പെടുത്തലുകളെ മറികടക്കാന്‍ എന്ത് ചെയ്യും? 
സമപ്രായക്കാരായ കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലുകള്‍ ഒഴിവാക്കുന്നതിന് രക്ഷിതാക്കള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലാ കുട്ടികളും വ്യത്യസ്തരാണെന്ന് തിരിച്ചറിയുന്നതും സ്വന്തം കുട്ടികളുടെ കഴിവുകളും അനന്ത സാധ്യതകളും കണ്ടെത്തുന്നതുമാണ് ഇതിന്റെ ആദ്യപടി. തങ്ങളുടെ കുട്ടിയുടെ സാദ്ധ്യതകള്‍ തിരിച്ചറിയുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ആ കഴിവിനെ പരിപോഷിപ്പിക്കാനും അനാവശ്യമായ താരതമ്യപ്പെടുത്തലുകള്‍ ഒഴിവാക്കാനും കഴിയും. തൊട്ടടുത്ത വീട്ടിലെ കുട്ടി നന്നായി നൃത്തം ചെയ്യുമെന്ന് പറഞ്ഞു കായികമേഖലയില്‍ താല്പര്യമുള്ള നിങ്ങളുടെ കുട്ടിയെ നൃത്തം പഠിപ്പിക്കുന്നത് കുട്ടിയുടെയും നിങ്ങളുടെയും മാനസിക സമ്മര്‍ദം കൂട്ടാന്‍ മാത്രമേ സഹായിക്കൂ. മാതാപിതാക്കളും മക്കളും തമ്മിലുള്ള തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയാണ് രണ്ടാമത്തെ ഘടകം. കുടുംബത്തില്‍ പ്രശ്‌നങ്ങളും ആശങ്കകളും തുറന്ന് പറയാന്‍ കുട്ടികള്‍ക്ക് സാധിക്കുകയാണെങ്കില്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്താനും അത് പരിഹരിക്കാനും അങ്ങനെ അനാവശ്യ താരതമ്യപ്പെടുത്തലുകള്‍ ഒഴിവാക്കാനും സാധിക്കും. 

താരതമ്യപ്പെടുത്തലുകള്‍ വേണ്ടെങ്കില്‍ മത്സരങ്ങളും വേണ്ടേ?
മറ്റുള്ള കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലുകള്‍ ഒഴിവാക്കണം എന്ന് പറയുമ്പോള്‍ മത്സരത്തെ മൊത്തത്തില്‍ ഉപേക്ഷിക്കണം എന്നര്‍ത്ഥമില്ല. ആരോഗ്യകരമായ മത്സരങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. മത്സരാധിഷ്ഠിതമായ ഈ ലോകത്തില്‍ ജയിച്ചു കയറാന്‍ കുട്ടികള്‍ മത്സരങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. എന്നാല്‍ കുട്ടികളുടെ മത്സരങ്ങള്‍ തങ്ങളോട് തന്നെയായിരിക്കാന്‍ മാതാപിതാക്കള്‍ അവരെ പഠിപ്പിക്കണം. കഴിഞ്ഞ തവണ തന്നെക്കാള്‍ മാര്‍ക്ക് കൂടിയ ഒരു കുട്ടിയെ കടത്തി വെട്ടുകയല്ല അവരുടെ ലക്ഷ്യം. മറിച്ചു, കഴിഞ്ഞ തവണ ലഭിച്ച മാര്‍ക്കിനെക്കാള്‍ കൂടുതല്‍ വാങ്ങാന്‍ നിങ്ങളുടെ കുട്ടിയെ പ്രേരിപ്പിക്കുന്നതാണ് മത്സരം. തങ്ങളോട് തന്നെയുള്ള ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും അവരുടെ അനാവശ്യ സമ്മര്‍ദങ്ങള്‍ ഒഴിവാക്കാനും രക്ഷിതാക്കള്‍ക്ക് കഴിയും.

English Summary:

The hidden dangers of comparing your child to others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com