കളിയില്‍ അല്പം കാര്യം; വൈകാരിക പക്വത വളര്‍ത്താന്‍ സഹായിക്കുന്ന കായിക വിനോദങ്ങള്‍

Mail This Article
കുട്ടികളുടെ സമഗ്രവികസനത്തില്‍ കായിക വിനോദങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അവയുടെ സ്വാധീനം ശാരീരികക്ഷമതയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ചില മാതാപിതാക്കളെങ്കിലും കരുതും പോലെ സമയ നഷ്ടവുമല്ല. കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസനത്തിന് സ്‌പോര്‍ട്‌സിലെ പങ്കാളിത്തം എങ്ങനെ സഹായിക്കുന്നുവെന്ന് തിരിച്ചറിയുന്ന മാതാപിതാക്കള്‍ക്ക് മാത്രമേ അത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുകയുള്ളു.
കുട്ടികളുടെ ശാരീരിക വികസനം
കുട്ടികളുടെ ശാരീരിക വളര്‍ച്ചയ്ക്ക് കായികരംഗത്തെ പങ്കാളിത്തം അനിവാര്യമാണ്. ഫുട്‌ബോള്‍, ബാസ്‌കറ്റ്ബാള്‍ അല്ലെങ്കില്‍ അത്‌ലറ്റിക്‌സ് പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളുടെ മാംസപേശികളുടെയും എല്ലുകളുടെയും വളര്‍ച്ചയ്ക്കും അവയുടെ ഏകോപനത്തിനും മൊത്തത്തിലുള്ള ശാരീരിക ക്ഷമതയ്ക്കും സഹായിക്കുന്നു.
കുട്ടികളുടെ വൈജ്ഞാനിക വികസനം
സ്പോര്‍ട്സ് കുട്ടികളിലെ വൈജ്ഞാനിക കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ചെസ്സ്, ടേബിള്‍ ടെന്നീസ്, സ്ട്രാറ്റജിക് ടീം സ്പോര്‍ട്സ് എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെ തീരുമാനങ്ങളെടുക്കാനുള്ള കഴിവുകള്‍, വിമര്‍ശനാത്മക ചിന്ത, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവുകള്‍ എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.
കുട്ടികളുടെ സാമൂഹിക വികസനം
കായിക വിനോദങ്ങളില്‍ പ്രതേകിച്ചു ടീം സ്‌പോര്‍ട്‌സ്, കുട്ടികളില്‍ സാമൂഹിക കഴിവുകള്‍ വളര്‍ത്തുന്നു. മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും നന്നായി ആശയവിനിമയം നടത്താനും ടീം വര്‍ക്കിന്റെ സാദ്ധ്യതകള്‍ മനസിലാക്കാനും അവര്‍ പഠിക്കുന്നു. ഇക്കാര്യങ്ങള്‍ ജീവിത വിജയത്തിന് അവരെ സഹായിക്കും.
കുട്ടികളുടെ വൈകാരിക വികസനം
കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ കളിയിലെ വിജയങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നു പോകുന്നു. ഇത് കുട്ടികളില്‍ വൈകാരിക പക്വത വളരാന്‍ സഹായിക്കുന്നു. പരാജയങ്ങളെ എങ്ങനെ നേരിടാമെന്നും നേട്ടങ്ങള്‍ ആഘോഷിക്കാമെന്നും അവര്‍ പഠിക്കുന്നു. ജീവിതത്തില്‍ വീണ് പോകുമ്പോള്‍ തിരുത്തലുകള്‍ വരുത്തി പ്രതിരോധിക്കാനും പുത്തന്‍ സ്ട്രാറ്റജികള്‍ രൂപപ്പെടുത്തി വീണ്ടും മത്സരത്തിലേക്ക് തിരിച്ചു വരാനും കായിക വിനോദങ്ങളില്‍ നിന്നും നേടിയ ഈ അനുഭവസമ്പത്ത് മാനസികമായി അവരെ സഹായിക്കുന്നു.
കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയില്‍ സ്‌പോര്‍ട്‌സിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. കായിക വിനോദങ്ങള്‍ കുഞ്ഞുങ്ങളുടെ ശാരീരിക ക്ഷമത, വൈജ്ഞാനിക വികസനം, സാമൂഹിക കഴിവുകള്‍, വൈകാരിക പ്രതിരോധം എന്നിവയെ പരിപോഷിപ്പിക്കുന്നു. അതിനാല്‍, കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കായി കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം.