ജോലിയും കുടുംബവും പിന്നെ കുട്ടികളും; എല്ലാം എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുമെന്ന ആശങ്കയിലാണോ?

Mail This Article
ജോലിക്ക് പോകുന്ന പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ് രക്ഷാകര്‍തൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ വീഴ്ചകള്‍ സംഭവിക്കാതെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകുക എന്നത്. എന്നാല്‍ ശ്രമകരമായ ഈ ദൗത്യം ബുദ്ധിപരമായി നേരിടുകയല്ലാതെ ഏതെങ്കിലും ഒരു ഭാഗം ഉപേക്ഷിക്കുക പ്രായോഗികമല്ല എന്നതാണ് വാസ്തവം. കുഞ്ഞുങ്ങളുടെ പരിപാലനവും മാതാപിതാക്കളുടെ ജോലിയും സന്തുലിതാവസ്ഥയില്‍ കൊണ്ട് പോകുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഫലപ്രദമായ സമയ ക്രമീകരണം
ഫലപ്രദമായ സമയ ക്രമീകരണമാണ് ആദ്യപടി. ജോലി ചെയ്യുന്നതിനും കുട്ടികളെ പരിപാലിക്കുന്നതിനും വ്യക്തമായ സമയക്രമം ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുക. പലപ്പോഴും പ്രായോഗിക രീതിയില്‍ എത്തുമ്പോള്‍ ഈ തീരുമാനങ്ങളില്‍ മാറ്റം വന്നേക്കാമെങ്കിലും ഒരു സമയക്രമം നിങ്ങളുടെ മനസിലുള്ളതിനാല്‍ ഏറെക്കുറെ നിങ്ങള്‍ ഉദ്ദേശിക്കുന്ന സമയം രണ്ട് കാര്യങ്ങള്‍ക്കും നല്‍കാനാവും. ജോലിക്കും കുടുംബസമയത്തിനും ഇടയില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ ഉണ്ടാക്കിയെടുക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. അതോടൊപ്പം സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ കൂടുതല്‍ സമയം ലഭിക്കാന്‍ മാതാപിതാക്കള്‍ക്കാവും. അതിനാല്‍ സാങ്കേതിക വിദ്യകള്‍ നന്നായി ഉപയോഗിക്കുന്നതിലൂടെ ജോലിസ്ഥലത്തും വീട്ടിലും മെച്ചപ്പെട്ട സമയ ക്രമീകരണം നടത്താന്‍ കഴിയും.
മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക
രണ്ടാമതായി, കുടുംബാംഗങ്ങളുടെയോ പ്രൊഫഷണലായ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെയോ സഹായം ഉപയോഗപ്പെടുത്തുന്നതിലൂടെ മാതാപിതാക്കള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്‍ പങ്ക് വെക്കാന്‍ സാധിക്കും. അമ്മയും അച്ഛനും ജോലിക്ക് പോകുന്ന ഒരു സംസ്‌ക്കാരത്തില്‍ നമ്മള്‍ എത്തി നില്‍ക്കുന്നതിനാല്‍ പ്രൊഫഷണലായ നിരവധി ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, പ്രത്യേകിച്ചും നഗരങ്ങളില്‍ നമ്മുടെ ചുറ്റുമുണ്ട്. അവയെ ഉപയോഗപ്പെടുത്തുന്നത് അമിതഭാരം കുറക്കാനും കൂടുതല്‍ കാര്യക്ഷമമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും മാതാപിതാക്കളെ സഹായിക്കും.
സമ്മര്‍ദ്ദം കുറയ്ക്കുക, ശാരീരിക ക്ഷമത കാത്ത് സൂക്ഷിക്കുക
ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നതിനും വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും പങ്കാളികളുമായി തുറന്ന ആശയവിനിമയം വളര്‍ത്തിയെടുക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുകയും കുടുംബ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. കുടുംബത്തിനും കുട്ടികള്‍ക്കും മാത്രമായല്ല, സ്വന്തം കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനും നിര്‍ബന്ധമായും സമയം നീക്കി വെക്കണം. യോഗയും ശാരീരിക വ്യായാമവും പോലുള്ള സ്വയം പരിചരണ രീതികള്‍ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും