ADVERTISEMENT

പുന്തോട്ടത്തിലെ വിടരാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകൾ പോലെയാണ് കുട്ടികൾ.അവർ നമുക്ക് ചുറ്റും മനോഹരമായ ഒരു ലോകം തീർക്കും. കളിയും ചിരിയും കരച്ചിലും എല്ലാം അവരുടെ ലോകത്തിന്റെ ഭാഗമാണ്. ചിലപ്പോഴെല്ലാം കുഞ്ഞു കുഞ്ഞു പരാതികളും ഉണ്ടാകും. എന്നാൽ, ഒരു പരിധി വിട്ട് എല്ലാത്തിലും കുഞ്ഞുങ്ങൾ പരാതി പറഞ്ഞ് തുടങ്ങുമ്പോൾ അത് മാതാപിതാക്കൾക്ക് ചെറിയ തലവേദനയാകും. 'ഇന്ന് ഭയങ്കര ചൂടാണ്', 'എനിക്ക് അമ്മമ്മയുടെ അടുത്ത് പോകണ്ട' തുടങ്ങി ചെറുതും വലുതുമായി നിരന്തരം പരാതികൾ ഉന്നയിക്കുന്ന കുട്ടികളാണോ നിങ്ങളുടേത് ? എങ്കിൽ പരാതി പറച്ചിൽ കളിയല്ല. ഇതിനെ കാര്യമായി തന്നെ സമീപിക്കണം.

സ്ഥിരമായി കുട്ടികൾ പരാതി പറഞ്ഞു തുടങ്ങുമ്പോൾ അത് നിങ്ങളുടെ ക്ഷമയെ പരീക്ഷിച്ച് തുടങ്ങും. നിങ്ങളുടെ ക്ഷമ നശിച്ച് തുടങ്ങുമെന്ന് മാത്രമല്ല ഇത്തരത്തിൽ സ്ഥിരമായി പരാതി പറയുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തിനും നല്ലതല്ല. എല്ലാ കാര്യങ്ങളിലും എപ്പോഴും നെഗറ്റീവ് മാത്രമാണ് കാണുകയും പറയുകയും ചെയ്യുന്നതെങ്കിൽ  ആ കുട്ടിക്ക് വിഷാദം, ഉത്കണ്ഠ തുടങ്ങിയ വിവിധ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കൂട്ടുകാരും അകലം പാലിക്കും
നിരന്തരം എല്ലാക്കാര്യങ്ങളിലും പരാതിപ്പെടുന്നയാളാണ് നിങ്ങളുടെ കുട്ടിയെങ്കിൽ അവരുടെ അടുത്തു നിന്ന് സമപ്രായക്കാരായ കൂട്ടുകാരും അകലം പാലിക്കും. കാരണം, എന്ത് കാര്യത്തിനും പരാതി പറയുന്ന ആളെ ആർക്കാണ് ഇഷ്ടമാകുക. ഇത്തരത്തിലുള്ള കുട്ടികൾ വളർന്നു വരുമ്പോൾ പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളും നേരിടേണ്ടി വരും. എല്ലാ കാര്യത്തിനും നിലവിളിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന ആളാണ് കുട്ടിയെങ്കിൽ കാര്യങ്ങളെ പോസിറ്റീന് മനോഭാവത്തോടെ സമീപിക്കാൻ പരിശീലിപ്പിച്ചെടുക്കണം. ചെറുപ്പത്തിൽ തന്നെ ഇക്കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ വളർന്നു വരുമ്പോൾ എല്ലാ കാര്യത്തിലും നെഗറ്റിവിറ്റിയും പരാതിയും മാത്രം കണ്ടെത്തുന്ന ഒരാളായി ആ കുട്ടി മാറും.

കുഞ്ഞുങ്ങളുടെ വികാരങ്ങളെ മാനിക്കുക
ചെറിയ ചെറിയ സങ്കടങ്ങളുമായി കുഞ്ഞ് എത്തുമ്പോൾ അത് ശ്രദ്ധാപൂർവം കേൾക്കുക. 'ഒന്ന് മിണ്ടാതിരിക്കൂ, എപ്പോഴും നിന്റെയൊരു പരാതി' എന്ന തരത്തിലുള്ള കുത്തുവാക്കുകൾ കുഞ്ഞുങ്ങളോട് പറയുന്നത് ഒഴിവാക്കണം. കുഞ്ഞിന്റെ പരാതി ശ്രദ്ധാപൂർവം കേട്ട് എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും അത്തരം സംഭവങ്ങൾ വരുമ്പോൾ എങ്ങനെ നേരിടണമെന്നും കുട്ടിയെ പറഞ്ഞ് മനസിലാക്കുക. ശാരീരികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് ചോദിച്ച് മനസിലാക്കണം. അല്ലാത്ത പക്ഷം, മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നും അറിഞ്ഞിരിക്കണം. നിരാശയും വിഷാദവും മറ്റും കുട്ടിക്കുണ്ടെങ്കിൽ സഹാനുഭൂതിയോടെ പറയാനുള്ളത് കേട്ട് കാര്യങ്ങൾ എങ്ങനെ പരിഹരിക്കണം എന്നുള്ളത് പറഞ്ഞുകൊടുക്കാം. എന്നാൽ, സാധനങ്ങൾ വലിച്ചെറിയുക, നശിപ്പിക്കുക, ദേഹോപദ്രവം ഏൽപിക്കുക തുടങ്ങിയ കാര്യങ്ങൾ അനുവദിച്ച് കൊടുക്കരുത്. അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ കുട്ടികളെ അവഗണിക്കുക. ശ്രദ്ധ നേടാനുള്ള നിഷേധാത്മക പ്രവർത്തനങ്ങൾ ഒരിക്കലും സമ്മതിച്ച് കൊടുക്കരുത്.

പ്രശ്നപരിഹാരത്തിന് കുട്ടിയെ സഹായിക്കുക
ഭയങ്കര ചൂടാണെന്ന് പരാതി പറയുന്ന കുട്ടിയോട് ആ ചൂടിൽ നിന്ന് രക്ഷപ്പെടാൻ എന്തൊക്കെ ചെയ്യാമെന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും പഠിപ്പിക്കുക. കുറച്ച് വെള്ളം കുടിക്കാം അല്ലെങ്കിൽ തണലത്തേക്ക് മാറിയിരിക്കാം. അങ്ങനെ ഒരു പ്രശ്നം വരുമ്പോൾ അതിനെ എങ്ങനെയെല്ലാം മറികടക്കാമെന്നും പരിഹരിക്കാമെന്നും സ്വയം ചിന്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. സ്വയം പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ പരിഹരിക്കാനും അല്ലാത്തപക്ഷം സഹായം തേടേണ്ടത് സഹായം തേടി പരിഹരിക്കാനും കുട്ടികൾക്ക് കഴിയണം. പ്രശ്നങ്ങളെ പരിഹരിക്കാൻ പ്രാപ്തിയുള്ള കുട്ടികൾ പരാതിപ്പെടുന്നത് കുറവ് ആയിരിക്കും. കുട്ടികൾക്ക് സഹായം ആവശ്യമുണ്ടെന്ന് മനസിലായാൽ സഹായിക്കുക. എന്നാൽ, എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവരെ ചിന്താശേഷിയില്ലാത്തവരാക്കി മാറ്റുകയുമരുത്

പോസിറ്റീവ് ആയി ചിന്തിക്കാൻ കുട്ടിയെ ശീലിപ്പിക്കുക
എല്ലാ കാര്യങ്ങളിലും എപ്പോഴും നെഗറ്റീവ് മാത്രം കാണുന്ന കുട്ടിയെ പോസിറ്റീവ് ആയി കാര്യങ്ങളെ സമീപിക്കാൻ പരിശീലിപ്പിക്കുക. മോശമായതിലേക്ക് മാത്രം നോക്കാതെ നല്ലതിലേക്ക് നോക്കാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും. ഒരിക്കലും ഒരു ഇരയുടെ മാനസികാവസ്ഥയിൽ തുടരാൻ കുഞ്ഞിനെ അനുവദിക്കരുത്. അവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അവരെ കഴിവുള്ളവരാക്കണം. നമ്മുടെ സമീപനവും പരിശീലനവും കുഞ്ഞിനെ പോസിറ്റീവ് ആയി കാര്യങ്ങളെ കാണാൻ പ്രാപ്തമാക്കുന്നില്ലെങ്കിൽ ഒരു ചൈൽഡ് കൗൺസിലറുടെ സഹായം അഭ്യർത്ഥിക്കാവുന്നതാണ്.

English Summary:

Is your child always complaining? So be careful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com