കൊടും തണുപ്പത്ത് മകനെ തെരുവിൽ ജോലിക്കിറക്കി അച്ഛൻ: ജീവിതം പഠിപ്പിക്കേണ്ടത് ഇങ്ങനെയോ എന്ന് സോഷ്യൽ മീഡിയ
Mail This Article
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് സുഖസൗകര്യങ്ങൾ അധികമാണെന്ന് പലരും പറയാറുണ്ട്. കുട്ടികൾ ജീവിതത്തിലെ ബുദ്ധിമുട്ടുകളൊന്നും അറിയുന്നില്ലെന്നും ഇതുമൂലം പ്രതിസന്ധികൾ ഉണ്ടാവുന്ന സമയത്ത് അവർക്ക് അത് നേരിടാനാവാതെ ജീവിതം തന്നെ മടുത്തു പോകുമെന്നുമാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ എങ്ങനെയാണെന്ന് അനുഭവിച്ചറിയാൻ മകന് അവസരം ഒരുക്കി സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ് ചൈനക്കാരനായ ഒരു പിതാവ്. മരംകോച്ചുന്ന തണുപ്പത്ത് സ്വന്തം മകനെ തെരുവിൽ ജോലിക്കിറക്കിയിരിക്കുകയാണ് ഇദ്ദേഹം.
വടക്കു കിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഷെൻയാങ്ങിൽ നിന്നും പകർത്തിയിരിക്കുന്ന ഒരു വിഡിയോയില്ണ് മകനെ ജീവിത പാഠം പഠിപ്പിക്കാനുള്ള അച്ഛന്റെ ശ്രമങ്ങൾ വെളിവായിരിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന ചില ഉത്പന്നങ്ങൾ പാക്കറ്റുകളിൽ നിറച്ച് നിരത്തിൽ വിൽപ്പന ചെയ്യുകയാണ് കുട്ടി. സൂര്യകാന്തിയുടെ വിത്തുകളും സ്വീറ്റ് കോണും ഒക്കെയാണ് പായ്ക്കറ്റുകളിൽ ഉള്ളത്. കൊടും തണുപ്പിനെ നേരിടാൻ കട്ടിയേറിയ ജാക്കറ്റ് ധരിച്ച് കുട്ടി അനുസരണയോടെ വഴിയരികിൽ നിൽക്കുന്നത് വിഡിയോയിൽ കാണാം.
എന്നാൽ വിൽപ്പന സ്റ്റാളിന് സമീപം സ്ഥാപിച്ച ബോർഡാണ് അതുവഴി കടന്നു പോകുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്നത്. തനിക്ക് പഠന കാര്യങ്ങളിൽ ആത്മവിശ്വാസമില്ല എന്നും അതിനാൽ ബിസിനസ് ചെയ്ത് ജീവിത ചിലവിനുള്ള പണം കണ്ടെത്താൻ ശ്രമിക്കുകയാണ് എന്നുമാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. ഇതിന് എല്ലാവരും പിന്തുണയ്ക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. സ്റ്റാളിനടുത്തുതന്നെ മകനെ നിരീക്ഷിച്ചുകൊണ്ട് അച്ഛനും നിൽക്കുന്നുണ്ടായിരുന്നു.
ഈ കാഴ്ച കണ്ട ഒരു വനിതയാണ് ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. മൈനസ് പത്ത് ഡിഗ്രിയിലും താഴെ തണുപ്പുണ്ടായിരുന്ന ഒരു ദിവസം കണ്ട കാഴ്ചയാണിതെന്ന് അവർ ദൃശ്യത്തിനൊപ്പം കുറിക്കുന്നു. എന്നാൽ അതിശൈത്യത്തെ വകവയ്ക്കാതെയായിരുന്നു കുട്ടിയുടെ നിൽപ്പ്. ബിസിനസ് ചെയ്യാനുള്ള ആഗ്രഹം മൂലമാണ് ഇറങ്ങിയതെന്ന് ബോർഡിൽ എഴുതിവച്ചിരുന്നെങ്കിലും പഠനത്തിൽ അത്ര മിടുക്കനല്ലാത്ത കുട്ടിയെ ജീവിതം പഠിപ്പിക്കാനാണ് ഇത്തരത്തിൽ നിരത്തിൽ നിർത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ പലരും സാധനങ്ങൾ വാങ്ങാൻ തയ്യാറായിരുന്നില്ല.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇതിലും മികച്ച ഒരു പാഠവും കുട്ടിക്ക് പുസ്തകത്തിൽ നിന്നും ലഭിക്കില്ല എന്നാണ് ചിലരുടെ പ്രതികരണം. ആളുകൾ സാധനം വാങ്ങാതെ കടന്നു പോകുമ്പോൾ മാത്രമേ പണം സമ്പാദിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് അവന് മനസ്സിലാകു എന്നും ഈ നിരത്തിൽ നിന്നും പഠിക്കുന്ന പാഠം അവന് ജീവിതകാലം മുഴുവൻ സഹായകമാകും എന്നും പ്രതികരണങ്ങളുണ്ട്. എന്നാൽ എത്ര വലിയ പാഠങ്ങൾ പകർന്നു നൽകാനാണെങ്കിലും ഒരു കൊച്ചു കുട്ടിയെ ഇത്രയും ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. കുട്ടിയുടെ ആരോഗ്യത്തിന് പിതാവ് വേണ്ടത്ര പ്രാധാന്യം നൽകിയില്ല എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.