ADVERTISEMENT

കുട്ടികളുടെ അമിതമായ സ്‌ക്രീന്‍ സമയം പല മാതാപിതാക്കളുടെയും വലിയ ആശങ്കയാണ്. അമിതമായ സ്‌ക്രീന്‍ സമയം ഉറക്കക്കുറവും ഉദാസീനതയും ജീവിതശൈലി പ്രശ്‌നങ്ങളും ബുദ്ധിപരമായ ന്യൂനതകള്‍ക്കുമെല്ലാം കാരണമായേക്കാമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, 2016 ല്‍ നടത്തിയ പഠനം പറയുന്നു. അതിനാല്‍ കുട്ടികളിലെ സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ മാതാപിതാക്കാള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കാം. 

∙ വ്യക്തമായ സ്‌ക്രീന്‍ സമയം ക്രമീകരിക്കുക
കുട്ടികളുടെ സ്‌ക്രീന്‍ സമയം നിയന്ത്രിക്കുന്നതിലെ ആദ്യപടി സ്‌ക്രീന്‍ സമയം ക്രമീകരിക്കുക എന്നത് തന്നെയാണ്. കുട്ടികള്‍ മൊബൈല്‍ ഫോണോ മറ്റു മാധ്യമങ്ങളോ ഉപയോഗിക്കുന്നതിന് കൃത്യമായ സമയം നിശ്ചയിക്കേണ്ടതാണ്. ഒരു നിശ്ചിത സമയത്തില്‍ കൂടുതല്‍ യാതൊരു കാരണവശാലും ഫോണോ, ലാപ്‌ടോപ്പോ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.

∙ വീടിനുള്ളില്‍ ചിലയിടങ്ങള്‍ സ്‌ക്രീന്‍-ഫ്രീ സോണുകളാക്കാം
വീടിനുള്ളില്‍ ചിലയിടങ്ങള്‍ സ്‌ക്രീന്‍ രഹിത സ്ഥലങ്ങളായി തീരുമാനിക്കുന്നത് ഫലം ചെയ്യും.  ഉദാഹരണത്തിന്, കിടപ്പുമുറിയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ കര്‍ശനമായി തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക. കിടപ്പു മുറി ഉറങ്ങാന്‍ മാത്രമുള്ളതാണെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാക്കാനും സ്‌ക്രീന്‍ സമയം ക്രമീകരിക്കാനും ഇത് സഹായിക്കും. കിടപ്പുമുറിയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ള കുട്ടി സ്‌ക്രീനില്‍ കണ്ണും നട്ടിരുന്ന അവശനായിട്ടായിരിക്കും ഉറക്കത്തിലേക്ക് വഴുതി വീഴുന്നത്. 

∙ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക
ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്ന സ്‌ക്രീന്‍ സമയം ബാലന്‍സ് ചെയ്യുന്നതിനായി കുട്ടികളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഔട്ട്ഡോര്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിന് മാത്രമല്ല, അവരുടെ സാമൂഹികമായ കഴിവുകളും സര്‍ഗ്ഗാത്മകതയും പരിപോഷിപ്പിക്കുവാനും സഹായിക്കുന്നു. അനാരോഗ്യകരമായ സ്‌ക്രീന്‍ ഉപയോഗത്തിന് തടയിടാനും ഈ മാര്‍ഗം ഫലപ്രദമാണ്.

∙ സ്‌ക്രീന്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ മാതൃകകളാവാം
കുട്ടികള്‍ എല്ലാക്കാര്യങ്ങളിലും മാതാപിതാക്കളെ അനുകരിക്കുന്നു. കുട്ടികളോട് ഫോണ്‍ അമിതമായി ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ട് ഏറെക്കുറെ മുഴുവന്‍ സമയവും ഫോണില്‍ നോക്കിയിരിക്കുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് തെറ്റായ മാതൃകയാണെന്ന് പറയേണ്ടതില്ലല്ലോ. സ്വന്തം സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ സ്‌ക്രീന്‍ ഉപയോഗം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.  

∙ ഒറ്റയടിക്ക് നിയന്ത്രണം കൊണ്ട് വരേണ്ടതുണ്ടോ?
പെട്ടെന്നുള്ള നിയന്ത്രണങ്ങള്‍ കുട്ടികള്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയേക്കും. പകരം, സ്‌ക്രീന്‍ സമയം ക്രമേണ കുറയ്ക്കുന്നത് കുട്ടികളുടെ സ്വഭാവത്തില്‍ സുഗമമായ പരിവര്‍ത്തനത്തിന് സഹായിക്കും. ഈ പ്രക്രിയ കുട്ടിക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്ന സമയങ്ങളില്‍ വായന, കല, കരകൗശല വസ്തുക്കള്‍ അല്ലെങ്കില്‍ കായിക വിനോദങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നത് സാവധാനത്തിലുള്ള മാറ്റത്തിനു കൂടുതല്‍ സഹായകമാണ്.

English Summary:

Proven Strategies to Help Your Kids Break Free From the Screen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com