ADVERTISEMENT

ചോദ്യം : കറുത്ത കാറിൽ എത്തിയ ഒരു സംഘം ആൾക്കാർ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നും താൻ കുതറി ഓടി രക്ഷപ്പെട്ടു എന്നും ഒൻപതു വയസ്സുള്ള ഒരു കുട്ടി പരാതിപ്പെടുകയും എന്നാൽ, പോലീസ് അന്വേഷിച്ചപ്പോൾ അത് സത്യമാകാൻ സാധ്യത ഇല്ല എന്നും കുട്ടി വെറുതെ കഥ ഉണ്ടാക്കിയതാണെന്ന് മനസ്സിലായി എന്നും പത്രവാർത്ത ഈയിടെ കണ്ടിരുന്നു. ഇതിന് മുൻപും ഇത്തരം വാർത്തകൾ കണ്ടിട്ടുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികൾ മനഃപൂർവം ഇങ്ങനെ കഥ ഉണ്ടാക്കി ആൾക്കാരെ പറ്റിക്കാൻ സാധ്യത ഉണ്ടോ? എങ്കിൽ എന്തുകൊണ്ടായിരിക്കണം?

ഉത്തരം : അനുകരിക്കാനുള്ള പ്രവണത പൊതുവേ ചെറിയ കുട്ടികളിൽ സഹജമായി ഉള്ളതാണ്. കുട്ടികൾ ഭാഷ പഠിക്കുന്നതിലും അവരുടെ പെരുമാറ്റം രൂപപ്പെടുന്നതിലും അനുകരണത്തിനു വലിയ പങ്കുണ്ട്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ കണ്ടിട്ടും കേട്ടിട്ടും അതുപോലെ ചെയ്തിട്ടും ആണ് കുട്ടികൾ പഠിക്കുന്നത്. മസ്തിഷ്കത്തിന്റെ വളർച്ചയിലും ഈ അനുകരണ സ്വഭാവത്തിനു പങ്കുണ്ട്. ചെറിയ കുട്ടികൾ അച്ഛനെ, അമ്മയെ, ടീച്ചറെ, മുതിർന്ന കുട്ടികളെ ഒക്കെ അനുകരിക്കുന്നത് നമ്മൾ കാണാറുള്ളതാണ്. ചെറിയ കുട്ടികൾ ഇങ്ങനെ അനുകരിക്കുന്നത് മിക്കപ്പോഴും ബോധപൂർവം ചെയ്യുന്നതല്ല. അറിയാതെ തന്നെ നടക്കുന്നതാണ്. കുട്ടികൾ വലുതാകുന്നതനുസരിച്ച് ബോധപൂർവം അനുകരിക്കാനുള്ള പ്രവണത കൂടുന്നു. തങ്ങൾ ഹീറോ ആയി കാണുന്ന സിനിമാതാരങ്ങളെയോ സ്പോർട്സ് താരങ്ങളെയോ ഒക്കെ കുട്ടികൾ അനുകരിക്കുന്നത് സാധാരണ കാണുന്നതാണല്ലോ.

baby-shoes-child-kidnap-liia-galimzianova-istock-photo-com
Photo Credit : Chivi Yuliya / Shutterstock.com

ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്തു മുൻപു കണ്ട നാടകത്തിലെ കഥാപാത്രങ്ങളെ അനുകരിച്ചു കളിക്കുന്നത്, അല്ലെങ്കിൽ ഉത്സവത്തിന് കണ്ട വെളിച്ചപ്പാടിനെ അനുകരിച്ചു കളിക്കുന്നത് ഒക്കെ ആയിരുന്നു സാധാരണം. ഇന്നിപ്പോൾ അതിനു പകരം ദൃശ്യമാധ്യമങ്ങളെയാണ് കുട്ടികൾ അനുകരിക്കുന്നത്. ടെലിവിഷൻ സീരിയലുകളിൽ (അല്ലെങ്കിൽ സിനിമയിൽ) കാണുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഒക്കെ കുട്ടികൾ അനുകരിക്കാനും അതുപോലെ ചെയ്യാനും സാധ്യത കൂടുതലാണ്. കണ്ണു കൊണ്ടു കാണുന്ന ഒരു കാര്യം യഥാർഥത്തിൽ ഉള്ളതല്ല. അങ്ങനെ നടക്കാൻ സാധ്യത ഇല്ല എന്ന് പലപ്പോഴും ചെറിയ കുട്ടികൾക്കു മനസ്സിലാകണം എന്നില്ല. അതുകൊണ്ട്, ടിവിയിലോ സിനിമയിലോ കാണുന്ന കാര്യങ്ങൾ അതുപോലെ അനുകരിക്കാൻ സാധ്യത കൂടുതലാണ്. ഈ പത്രവാർത്തയിലെ കുട്ടി ഇങ്ങനെ അനുകരിച്ചതാകാനാണു സാധ്യത. ഒരുപക്ഷേ, ചെറിയ ഒരു കാര്യത്തെ കുറച്ചു ഭാവനകൂടി ചേർത്ത് പൊലിപ്പിച്ചെടുത്തതും ആകാം. ചെറിയ കുട്ടികൾ ഒറ്റയ്ക്കിരുന്നു ടിവിയോ സിനിമയോ ഒക്കെ കാണുന്നതിനു പകരം കഴിയുന്നതും രക്ഷിതാക്കൾ കൂടെയിരുന്നു കാണുന്നതാണു നല്ലത്. കാണുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്യുകയും അവയുടെ യാഥാർഥ്യം എത്രത്തോളം ഉണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം.

(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്

English Summary:

False Abduction Alert: When children mimic that they watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com