കുട്ടികളിലെ വേർപിരിയൽ ഉത്കണ്ഠക്ക് പരിഹാരം കാണാം!
Mail This Article
ജനിക്കുന്ന നാൾ മുതൽ കുട്ടികൾ വളരുന്നത് അച്ഛനമ്മമാരുടെ തണലിലും സംരക്ഷണയിലുമാണ്. എന്നാൽ മാതാപിതാക്കൾക്ക് ജോലി സംബന്ധമായി കുട്ടികളെ വിട്ടു നിൽക്കേണ്ട അവസ്ഥ അനിവാര്യമായി വരുന്നു. കുഞ്ഞുങ്ങളെ ഈ സന്ദർഭങ്ങളിൽ വീട്ടിൽ മറ്റ് അംഗങ്ങളുടെ സംരക്ഷണയിലോ ഡേ കെയറിലോ ആക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ അവസ്ഥയോടു കുട്ടി അത്ര പെട്ടന്ന് ഇഴുകി ചേരണമെന്നില്ല. തന്നെ സ്ഥിരമായി പരിചരിക്കുന്നവരിൽ നിന്ന് വേർപെടുത്തുമ്പോൾ കുട്ടികൾക്ക് ഉത്കണ്ഠയോ ഭയമോ അനുഭവപ്പെടുക പതിവാണ്. ഇതിനെയാണ് വേർപിരിയൽ ഉത്കണ്ഠ അഥവാ സെപ്പറേഷൻ ആങ്സൈറ്റി എന്ന് പറയുന്നത്.
പിഞ്ചുകുട്ടികളിലും നവജാത ശിശുക്കളിലും വേർപിരിയൽ ഉത്കണ്ഠ സാധാരണ വികസനത്തിന്റെ ഭാഗമാണ്, സാധാരണയായി ഏകദേശം 8 അല്ലെങ്കിൽ 9 മാസങ്ങളിൽ ഇത്തരം വേർപിരിയൽ ഉത്കണ്ഠ ആരംഭിക്കുന്നു. ഇത് 3 വയസ്സുവരെ നീണ്ടുനിൽക്കും. അമ്മയെ അൽപ നേരത്തേക്ക് കണ്ടില്ലെങ്കിൽ പോലും ഇത്തരം ഉത്കണ്ഠ ഉണ്ടാകുകയും അത് വലിയൊരു കരച്ചിലിൽ വന്ന് അവസാനിക്കുകയും ചെയ്യും. എന്നാൽ വേർപിരിയൽ ഉത്കണ്ഠ മുതിർന്ന കുട്ടികളെയും മുതിർന്നവരെയും ബാധിക്കും. നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ കുട്ടിയെ ശാരീരികമായും മാനസികമായും വേർപിരിയൽ ഉത്കണ്ഠ വരിഞ്ഞു മുറുക്കും.
കുറച്ചു നേരത്തേക്കാണെങ്കിൽ പോലും കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളെ വിട്ടു നില്ക്കാൻ കഴിയില്ല എന്നതാണ് വേർപിരിയൽ
ഉത്കണ്ഠയ്ക്ക് പിന്നിലെ പ്രധാന കാരണം. കുറച്ച് മണിക്കൂറുകളോളം ആണെങ്കിൽ പോലും ഡേ കെയർ, ബന്ധുവീട്, പ്ലേ സ്‌കൂൾ എന്നിവിടങ്ങളിൽ കുട്ടികളെ പെട്ടന്ന് ആക്കുന്നത് അവരിൽ ഭയം ജനിപ്പിക്കുന്നു. കുട്ടികളിൽ ഉണ്ടാകുന്ന അകാരണമായ ഇത്തരം ഭയത്തെ ഇല്ലാതാക്കുക എന്നതാണ് വേർപിരിയൽ ഉത്കണ്ഠ ഒഴിവാക്കാനായി ആദ്യം ചെയ്യേണ്ടത്. ഇതിന്റെ ആദ്യ പടിയായി കുട്ടിയിൽ നിന്നും കുറച്ചു നേരം മാറി നിൽക്കുക. ശേഷം, തിരിച്ചെത്തി മാതാപിതാക്കൾ കുട്ടിക്കൊപ്പം സമയം ചെലവഴിക്കുക.
സാവധാനം, ഇത്തരത്തിൽ കുഞ്ഞിനെ പിരിഞ്ഞു നിൽക്കുന്ന ഇടവേള കൂട്ടിക്കൊണ്ട് വരിക. അമ്മയും അച്ഛനും നിശ്ചിത സമയത്തിനുള്ളിൽ തന്റെ അരികിലേക്ക് തിരിച്ചെത്തും എന്ന ബോധ്യം കുട്ടികളിൽ വളർത്തിയെടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വേർപിരിയൽ ഉത്ക്കണ്ഠ നല്ല രീതിയിൽ കുറയ്ക്കാൻ കഴിയും. കൊച്ചുകുട്ടികൾക്ക് സമയത്തെക്കുറിച്ചുള്ള ബോധമില്ല എന്നതിനാൽ തന്നെ വരും എന്ന ഉറപ്പാണ് അവരുടെ മനസ്സിൽ ഉറപ്പിക്കേണ്ടത്. കുട്ടികളെ മേൽപ്പറഞ്ഞ രീതിയിൽ ഡേ കെയർ, ബേബി സിറ്റർ എന്നിവരുടെ കൈവശം ആകുന്നതിനു മുൻപായി കുഞ്ഞ് അവരുമായി നല്ല ചങ്ങാത്തത്തിലാണെന്നും ഏത് അടിയന്തര സന്ദർഭവും മാനേജ് ചെയ്യാൻ അവർക്ക് സാധിക്കുമെന്ന് ഉറപ്പാക്കുക.
കുട്ടികളോട് ബൈ പറയുക, ആൾകൂട്ടത്തിൽ ഇരുത്തുക, ഉറങ്ങാൻ കിടത്തുക എന്നതെല്ലാം ഒരർത്ഥത്തിൽ കുട്ടികളിൽ ഉത്കണ്ഠ ജനിപ്പിക്കുന്ന കാര്യങ്ങളാണ്. മാതാപിതാക്കളുടെ ശരീരത്തോട് കൂടുതൽ ചേർന്നിരിക്കുക, ഒറ്റക്ക് നില്‍ക്കാനോ ഇരിക്കാനോ കൂട്ടാക്കാതിരിക്കുക, വാശിപിടിക്കുക, സാധനങ്ങൾ വലിച്ചെറിയുക എന്നതെല്ലാം വേർപിരിയൽ ഉത്കണ്ഠയുടെ വിവിധ തലങ്ങളാണ് കാണിക്കുന്നത്. കൃത്യമായ ഒരു ദിനചര്യ ഉണ്ടാക്കുക, കുട്ടികൾക്കൊപ്പം കളിയ്ക്കാൻ സമയം കണ്ടെത്തുക, അവരുടെ ചിന്തയുടെ തലങ്ങൾ മനസിലാക്കുക തുടങ്ങിയവയിലൂടെ വേർപിരിയൽ ഉത്കണ്ഠ ഒരു പരിധിവരെ തടയാൻ സാധിക്കും.