ആർത്തവത്തെക്കുറിച്ച് എങ്ങനെ പറഞ്ഞു മനസിലാക്കും? സുപ്രിയ, ആലിക്ക് സമ്മാനിച്ച 'മെൻസ്ട്രുപീഡിയ കോമിക്'

Mail This Article
പെൺകുഞ്ഞുള്ള മാതാപിതാക്കൾക്കെല്ലാം പ്രത്യേകിച്ച് അമ്മമാർക്ക് അവൾ ഒരു പത്തു വയസിലേക്ക് അടുക്കുന്ന സമയം മുതൽ ഒരു ടെൻഷനാണ്. കാരണം, വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് മകൾ പോകുകയാണ്. ആർത്തവം ഏതു നിമിഷവും സംഭവിക്കാം. എന്നാൽ, എങ്ങനെ കുഞ്ഞിനെ അത് പറഞ്ഞ് മനസിലാക്കും. ആർത്തവം എന്താണെന്നും അത് എന്ത് മാറ്റമാണ് ഓരോ പെൺകുട്ടിയിലും ഉണ്ടാക്കുകയെന്നും പ്രിയപ്പെട്ട മകൾ ആലിയെ മനസിലാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് മാധ്യമപ്രവർത്തകയും സിനിമ നിർമാതാവുമായ സുപ്രിയ മേനോൻ. 'മെൻസ്ട്രുപീഡിയ കോമിക്' എന്ന പുസ്തകമാണ് മകൾ ആലിക്കായി സുപ്രിയ നൽകിയത്. ആർത്തവത്തെക്കുറിച്ചും പെൺകുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും വ്യക്തമാക്കുന്നതാണ് ഈ കോമിക് ബുക്ക്.

വളരെ മനോഹരമായ ഒരു കുറിപ്പോടെയാണ് സുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. 'ആദ്യമായി എനിക്ക് ആർത്തവം ആയപ്പോൾ ഞാൻ കരുതിയത് ഏതോ മാരകമായ അസുഖം വന്ന് ഞാൻ മരിക്കാൻ പോകുകയാണെന്നാണ്. കാരണം, അന്നുവരെ ആർത്തവത്തെക്കുറിച്ചോ അത് ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചോ എനിക്ക് അറിവില്ലായിരുന്നു. ആലിക്ക് ഇതിനെക്കുറിച്ച് ധാരണ ഉണ്ടാകണമെന്നും സമപ്രായക്കാരിൽ നിന്ന് ഇതിനെക്കുറിച്ച് കേൾക്കുന്ന പാതിവെന്ത കാര്യങ്ങൾ മാത്രമായിരിക്കരുത് അവളുടെ അറിവെന്നും എനിക്ക് ഉറപ്പു വരുത്തണമായിരുന്നു. ചെറിയ കുട്ടികളോട് ആർത്തവത്തെക്കുറിച്ചും അത് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും പറയുന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനെക്കുറിച്ച് ആലിയോട് എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ആർത്തവത്തെക്കുറിച്ചുള്ള ആശയം ആലിയോട് വിശദീകരിക്കാനും അതിനെക്കുറിച്ചുള്ള നിഗൂഢത ഇല്ലാതാക്കാനും ഈ പുസ്തകം എന്നെ സഹായിച്ചിട്ടുണ്ട്. ഇതിന് സമാനമായ ഒരു പുസ്തകം ആൺകുട്ടികൾക്ക് വേണ്ടിയും ഉണ്ട്. എന്നാൽ അത് ഞാൻ വായിച്ചിട്ടില്ല. ആൺകുട്ടികൾക്കു വേണ്ടിയുള്ള ബുക്കിന്റെ ചിത്രവും ഇതിനോടൊപ്പം ചേർക്കുന്നു. നമുക്ക് ആർത്തവത്തെക്കുറിച്ച് സംസാരിക്കാം. നമ്മുടെ കുട്ടികൾക്ക് അത് ഒരു സാധാരണ കാര്യമാക്കാം.' പിരീഡ്സ്, മെൻസ്ട്രുവേഷൻ, ശുചിത്വം, ഗ്രോയിംഗ് അപ് എന്നീ ഹാഷ് ടാഗുകൾക്ക് ഒപ്പമാണ് കുറിപ്പ് പങ്കുവെച്ചത്.

നിരവധി പേരാണ് സുപ്രിയയെ അഭിനന്ദിച്ചും ഇക്കാര്യം പങ്കുവെച്ചതിൽ നന്ദി പറഞ്ഞും കമന്റ് ബോക്സിൽ എത്തിയത്. പലരും തങ്ങൾക്ക് ആദ്യമായി ആർത്തവം സംഭവിച്ച ദിവസത്തെക്കുറിച്ച് ഓർത്തെടുത്തു. ആർത്തവത്തെക്കുറിച്ച് ഒരു ധാരണ ഇല്ലാത്തതിനാൽ മാരകമായ അസുഖം ബാധിച്ച് മരിക്കാൻ പോകുകയാണെന്ന് കരുതിയവരായിരുന്നു കമന്റ് ബോക്സിൽ എത്തിയ മിക്കവരും. അതേസമയം, സുപ്രിയയുടെ ഈ കുറിപ്പ് ഉപകാരപ്പെട്ട നിരവധി പേരും ഉണ്ട്. മകൾക്ക് എങ്ങനെ ഇക്കാര്യങ്ങൾ പറഞ്ഞുനൽകാമെന്ന ആശങ്കയിലായിരുന്നെന്നും ഇക്കാര്യം പങ്കുവെച്ചതിന് നന്ദിയെന്നും കുറിച്ച നിരവധി പേരുണ്ട്.
അതിഥി ഗുപ്ത, തുഹിൻ പോൾ എന്നിവർ ചേർന്നാണ് മെൻസ്ട്രുപീഡിയ എന്ന ബുക്ക് എഴുതിയത്. ആർത്തവത്തെക്കുറിച്ചും അത് പെൺകുട്ടികളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് ഈ ബുക്ക്. നിലവിൽ ഇന്ത്യയെ കൂടാതെ കെനിയ, യുകെ, മലേഷ്യ. ബ്രസീൽ, ഈജിപ്ത്, ഓസ്ട്രേലിയ, മാലിദ്വീപ്, ഉറുഗ്വേ, നേപ്പാൾ, ഹംഗറി, സിംബാംബ് വേ എന്നീ രാജ്യങ്ങളിൽ ഈ ബുക്ക് ലഭ്യമാണ്. ഇന്ത്യയിൽ മലയാളം ഉൾപ്പെടെ 17 ഓളം ഭാഷകളിൽ ഈ ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനിലും ഈ ബുക്ക് ലഭ്യമാണ്.