പണവും മൊബൈൽ ഫോണും മോഷ്ടിക്കും പതിമൂന്നുകാരൻ; സ്വഭാവവൈകല്യത്തിനു ചികിത്സ ആവശ്യമോ?
Mail This Article
ചോദ്യം : എന്റെ ഒരു സുഹൃത്തിന്റെ 13 വയസ്സുള്ള മകൻ ഈയിടെ ഒരു കടയിൽനിന്ന് ഒരു മൊബൈൽ ഫോൺ കാണാതെ എടുത്തു കൊണ്ടു വന്നു. അത് വലിയ പ്രശ്നം ആയി. ഇതിനു മുൻപും ഇങ്ങനെ വീട്ടിൽ നിന്നു പണം ചോദിക്കാതെ എടുത്തുകൊണ്ടു പോയി ചെലവാക്കിയ അനുഭവം ഉണ്ട്. ഇത് ചികിത്സ ആവശ്യം ഉള്ള പ്രശ്‌നം ആണോ ?
ഉത്തരം : തുടർച്ചയായി മോഷണം പോലുള്ള സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്ന കുട്ടികളിൽ കോണ്ടക്ട് ഡിസോർഡർ എന്ന സ്വഭാവവൈകല്യം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. തുടർച്ചയായി കളവു പറയുന്നതിന് മടിയില്ലാതിരിക്കുക, മോഷണം പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, അക്രമവാസന പ്രകടിപ്പിക്കുക, മറ്റാളുകളോട് അനുകമ്പ ഇല്ലാതെ പെരുമാറുക, മൃഗങ്ങളോടും മറ്റും വലിയ ക്രൂരത കാണിക്കുക എന്നിവ ഒക്കെ കോണ്ടക്ട് ഡിസോർഡർ ഉള്ള കുട്ടികളിൽ ഉണ്ടാകുന്ന സ്വഭാവ പ്രത്യേകതകളാണ്. സ്‌കൂളിലേക്കെന്നു പറഞ്ഞു പുറപ്പെട്ടിട്ടു ക്ലാസിൽ കയറാതെ കറങ്ങി നടന്നു വൈകുന്നേരം വീട്ടിലേക്കു വരുന്ന സ്വഭാവം ഇങ്ങനെ ഉള്ള കുട്ടികളിൽ കാണാറുണ്ട്. ബുദ്ധിക്കുറവ് ഒന്നും ഇല്ലെങ്കിലും പഠനത്തിൽ പിന്നാക്കം ആകാനുള്ള സാധ്യതയും കൂടുതലാണ്. തെറ്റ് ചെയ്‌താലോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാലോ അതിനെക്കുറിച്ചു കുറ്റബോധം ഈ കുട്ടികളിൽ കാണാറില്ല എന്ന പ്രത്യേകതയും ഉണ്ട്.
ഇത്തരം സ്വഭാവവൈകല്യങ്ങൾ ഉണ്ടാകുന്നതിനു ജനിതക ഘടകങ്ങൾക്കും ജീവിത സാഹചര്യങ്ങൾക്കും ഒരുപോലെ പങ്കുണ്ട്. ചില കുട്ടികളിൽ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ഇത്തരം സ്വഭാവ പ്രത്യേകതകൾ പ്രകടമാക്കാൻ തുടങ്ങും. എന്നാൽ, മറ്റു ചിലപ്പോൾ കൗമാരപ്രായം എത്തുമ്പോഴാണ് ഈ സ്വഭാവ വൈകല്യങ്ങൾ പ്രകടമാക്കാൻ തുടങ്ങുക. എഡിഎച്ച്ഡി (ADHD) എന്ന ബുദ്ധിവികാസവുമായി ബന്ധപ്പെട്ട പ്രശ്നം ഉള്ള കുട്ടികളിൽ കോണ്ടക്ട് ഡിസോർഡർ കൂടി ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതുപോലെ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ ചിലപ്പോൾ ഇത്തരത്തിൽ പെരുമാറ്റ പ്രശ്നങ്ങൾ ആയി പുറത്തു വരാറുണ്ട്. കോണ്ടക്ട് ഡിസോർഡർ ഉള്ള കുട്ടികൾ ലഹരി ഉപയോഗത്തിന് സാധ്യത കൂടുതലാണ്. കുട്ടികൾ വളരുമ്പോൾ സാമൂഹിക വിരുദ്ധ വ്യക്തിത്വം (anti social personality disorder) ഉള്ളവരാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് ഇത്തരം സ്വഭാവവൈകല്യങ്ങൾ കാണിക്കുന്ന കുട്ടികളിൽ വിശദമായ മാനസിക പരിശോധനകൾ നടത്തുകയും ആവശ്യമായ ചികിത്സ നൽകുകയും വേണം.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)