ADVERTISEMENT

കുട്ടികളിൽ കണ്ടുവരുന്ന ബലക്കുറവും തളർച്ചയും നിസാരമായി തള്ളിക്കവയരുതേ. കൃത്യമായി ചികിത്സിച്ചു മാറ്റാവുന്ന വിളർച്ചയാകാമത്.

കുട്ടികളിൽ എന്തുകൊണ്ട് കൂടുതൽ ?കുട്ടികളിൽ ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് വിളർച്ച അഥവാ അനീമിയ, ഹീമോഗ്ലോബിൻ സാധാരണയേക്കാൾ കുറവായി കാണപ്പെടുന്ന അസ്ഥയാണിത്. ഹീമോഗ്ലോബിനിലെ അവിഭാജ്യ ഘടകമായ ഇരുമ്പുസത്ത് കുറയുന്നതാണ് വിളർച്ചയുടെ പ്രധാന കാരണം. ശാരീരികമായ വളർച്ച അധികമായിരിക്കുന്ന കുട്ടിക്കാലത്ത് ഇരുമ്പു സത്തിന്റെ ആവശ്യം ഇരട്ടിയാണ്. പശുവിൻ പാൽ, പൊടിപ്പാൽ എന്നിവ ധാരാളമായി കുടിക്കുന്ന കുട്ടികളിൽ ഇരുമ്പുസത്തിന്റെ അഭാവം ഉണ്ടാകാം. പഴയകാലത്തെ പോലെ ഇപ്പോൾ സാധാരണമല്ലെങ്കിലും വിരബാധയുള്ള കുട്ടികളിലും വിളർച്ച കൂടുതലായി കാണപ്പെടാം.

2380335245
Representative image. Photo Credits: Irina Mikhailichenko/ Shutterstock.com

ലക്ഷണങ്ങൾ ഇവ…
ഇളംനിറമുള്ള ചർമവും കവിളുകളും ചുണ്ടുകളും കൺപോളകളുടെ പാളികൾക്കും നഖത്തിനും സാധാരണയെക്കാൾ കുറഞ്ഞ ചുവപ്പു നിറം എന്നിവയെല്ലാം പരിശോധനയിൽ കാണപ്പെടും. ശാരീരികമായ ബലക്കുറവ്, എളുപ്പത്തിൽ തളരുക എന്നിവയും വിളർച്ച ഉള്ള കുട്ടികളിൽ കാണാം. വിളർച്ച തീവ്രമാകുമ്പോൾ ശ്വാസംമുട്ടൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കയ്യിലും കാലിലും നീരു വരിക, തലവേദന, തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടും. വിളർച്ചയുള്ളവരിൽ പകർച്ചവ്യാധികൾ പെട്ടെന്നു പിടിപെടാം. കുട്ടിക്കാലത്ത് വിളർച്ച ഉണ്ടാകുന്നതു ശാരീരിക വളർച്ച, വൈജ്ഞാനിക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെ സാരമായി ബാധിക്കും. ഗുരുതരമായ രക്തജന്യരോഗങ്ങളുടെ ലക്ഷണമായും വിളർച്ച ഉണ്ടാകാം.

Representative image. Photo Credit:siamionau pavel/Shutterstock.com
Representative image. Photo Credit:siamionau pavel/Shutterstock.com

തടയാൻ മാർഗങ്ങൾ
∙കുഞ്ഞിന് ഒരു വയസ്സു കഴിഞ്ഞതിനു ശേഷമേ പശുവിൻ പാൽ നൽകാവൂ.

∙മുലയൂട്ടുന്ന അമ്മമാർ ഇരുമ്പുസത്ത് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

∙ഒരു വയസ്സു കഴിഞ്ഞ കുട്ടിക്ക് ഒരു ദിവസം രണ്ടു കപ്പിൽ കൂടുതൽ പശുവിൻ പാൽ നൽകരുത്.

∙ചീര, ഇലക്കറികൾ, തവിടു കളയാത്ത അവൽ, എള്ള്, കപ്പലണ്ടി, മുളപ്പിച്ച പയർ, ഈന്തപ്പഴം, മുന്തിരി, ശർക്കര എന്നീ ഇരുമ്പ് സത്ത് കൂടുതലടങ്ങിയ ആഹാരങ്ങൾ കൂടുതലായി നൽകണം.

∙മത്സ്യത്തിലും മാംസത്തിലും ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്. ഇതു പെട്ടെന്ന് ആഗീകരണം ചെയ്യപ്പെടുന്നതാണ്.

∙ചായ, കാപ്പി എന്നിവ ഇരുമ്പുസത്തിന്റെ ആഗിരണം തടയുന്ന പാനീയങ്ങളാണ്. ഇവ പ്രധാന ഭക്ഷണത്തോടൊപ്പം കുട്ടികൾക്കു നൽകരുത്. വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക, നാരങ്ങാ, ഓറഞ്ച് എന്നിവ ഇരുമ്പുസത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്ന പദാർഥങ്ങളാണ്. ഇവ കുട്ടികൾക്കു ധാരാളമായി നൽകാം.

∙വിരബാധയുണ്ടെങ്കിൽ കുട്ടികൾക്കു വിരമരുന്നു കൊടുക്കണം.

∙ഗുരുതരമായ വിളർച്ച ബാധിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഇരുമ്പുസത്ത് അടങ്ങിയ സിറപ്പോ ഗുളികയോ നൽകാം.

വിവരങ്ങൾക്ക് കടപ്പാട് 

ഡോ. സജികുമാർ ജെ.
കൺസൽറ്റന്റ് പീഡിയാട്രീഷൻ, പരബ്രഹ്മ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ഓച്ചിറ.

English Summary:

Pale Skin & Exhaustion: Recognizing the Signs of Anemia in Kid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com