കുട്ടികളുടെ വൈകുന്നേരങ്ങൾ മൊബൈൽ കൊണ്ടുപോയോ? ഇതാ ഒരു ഹോം ടൈംടേബിൾ

Mail This Article
വൈകുന്നേരങ്ങൾ ചില വീടുകളിൽ യുദ്ധസമാനമാണ്. സ്കൂൾ വിട്ടു വരുന്ന കുട്ടി മൊബൈലും ടിവിയുമായി ഇരുന്നാൽ പിന്നെ അതിനു മുമ്പിൽ നിന്ന് എഴുന്നേൽക്കാൻ വലിയ പ്രയാസമാണ്. ഇടംവലം നോക്കാതെ ഇത് ഓഫ് ചെയ്തു വെക്കാമെന്ന് രക്ഷിതാക്കൾ കരുതിയാൽ പിന്നെ വീട് കലാപഭൂമിയാകാൻ അധികം സമയമൊന്നും വേണ്ട. ഇതെല്ലാം കണ്ടു കഴിഞ്ഞ് ഹോം വർക്ക് ചെയ്യാൻ എത്തുമ്പോഴേക്കും ഒരു നേരമായി. പിന്നെ രാത്രിയാകുമ്പോൾ കുളി, അതുകഴിഞ്ഞ് ഭക്ഷണം. നേരം പാതിരായോട് അടുക്കും കുട്ടികൾ ഉറങ്ങാനായി എത്താൻ. എന്നാൽ, സ്കൂൾ വിട്ടുവരുന്ന വൈകുന്നേരങ്ങളിൽ കൃത്യമായി ഒരു ടൈംടേബിൾ ഫോളോ ചെയ്ത് തുടങ്ങുകയാണെങ്കിൽ ഒരു പരിധി വരെ ഇതു പരിഹരിക്കാൻ സാധിക്കും.

പഠനമുള്ള ദിവസങ്ങളിൽ പഠനത്തിന് മുൻഗണന നൽകുന്ന വിധത്തിലായിരിക്കണം കുട്ടികളുടെ വൈകുന്നേരങ്ങൾ ക്രമീകരിക്കേണ്ടത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം എന്തൊക്കെ ചെയ്യണം എന്നത് സംബന്ധിച്ച് കുട്ടികൾക്ക് കൃത്യമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
സ്കൂൾ വിട്ടു വന്നാൽ ആദ്യം ചെയ്യേണ്ടത്
യൂണിഫോം അഴിച്ച് വൃത്തിയായി വിരിച്ചിടാൻ കുട്ടികളെ പരിശീലിപ്പിക്കണം. സോക്സ്, ഷൂസ് എന്നിവ കൃത്യസ്ഥാനങ്ങളിൽ വയ്ക്കാനും കുട്ടികൾ ശീലിക്കണം. അതിനു ശേഷം പ്രധാനപ്പെട്ട കാര്യം സ്കൂൾ ബാഗ് അൺപായ്ക്ക് ചെയ്യുന്നതാണ്. ലഞ്ച് ബോക്സ്, ടിഫിൻ ബോക്സ് എന്നിവ അടുക്കളയിൽ കൊണ്ടു പോയി വയ്ക്കാനും പുസ്തകങ്ങളും മറ്റും പഠനമേശയിൽ വെയ്ക്കാനും കുട്ടികൾ പരിശീലിക്കണം. സ്കൂളിൽ പോകുന്നത് തനിക്ക് വേണ്ടി തന്നെയാണെന്നും പഠനവും പുസ്തകങ്ങളും തനിക്ക് അത്രയേറെ പ്രധാനപ്പെട്ടതാണെന്നുമുള്ള ചിന്ത കുട്ടികളിൽ ചെറിയ പ്രായം മുതൽ തന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
ഒന്ന് റീഫ്രെഷ് ആകാം
ഒരു ദിവസത്തെ പഠനം കഴിഞ്ഞ് സ്കൂളിൽ നിന്ന് എത്തിയ കുട്ടികൾക്ക് നല്ല ക്ഷീണം ഉണ്ടാകും. അതുകൊണ്ടു തന്നെ ഒന്ന് റീഫ്രെഷ് ആകുന്നതാണ് അടുത്ത ഘട്ടം. കൈകൾ വൃത്തിയായി സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകണം. തുടർന്ന് ഒരു സ്നാക് ടൈം. കുടിക്കാൻ പാൽ, ഹോർലിക്സ്, ബൂസ്റ്റ്, ചായ അല്ലെങ്കിൽ എന്തെങ്കിലും ജ്യൂസ് എന്നിവയിൽ ഏതെങ്കിലും നൽകാം. കുട്ടികളുടെ ഇഷ്ടമനുസരിച്ച് പലഹാരങ്ങളോ പഴങ്ങളോ നൽകാം. സ്നാക്സ് ടൈം കഴിഞ്ഞാൽ നേരെ ഗൃഹപാഠത്തിലേക്ക്.

ഗൃഹപാഠം ചെയ്യാൻ മറക്കരുത്
സ്കൂളിൽ പഠിക്കുന്നത് മാത്രമല്ല, വീട്ടിൽ വന്ന് പഠിച്ച കാര്യങ്ങൾ എടുത്തു നോക്കാനും ചെയ്യാനുള്ള ഗൃഹപാഠങ്ങൾ കൃത്യമായി ചെയ്യാനും കുട്ടികളെ ശീലിപ്പിക്കണം. സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് കൃത്യമായി തീർക്കാനും എഴുതാനും പഠിക്കാനുമുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാനും കുട്ടികൾ ചെറുപ്പം തൊട്ടേ ശീലിക്കണം. വലിയ ക്ലാസുകളിലേക്ക് എത്തുമ്പോൾ ഈ ശീലം കുട്ടികൾക്ക് തന്നെ വലിയ ഉപകാരമായി മാറും.
വീട്ടിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ സഹായിക്കട്ടെ
സ്വന്തം കാര്യം മാത്രം നോക്കി മുന്നോട്ട് പോകുന്നതിനു പകരം വീട്ടിൽ കാര്യങ്ങളിൽ സഹായിക്കാനും കുട്ടികൾ പഠിക്കട്ടെ. ഗാർഡനിംഗ്, പച്ചക്കറി കൃഷി പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാം. കൂടാതെ അല്ലറചില്ലറ അടുക്കളപണികളിലും അവരെ പങ്കാളികളാക്കാം.

കളിയും വേണം
ഒരു അരമണിക്കൂർ എങ്കിലും കളിക്കാൻ കുട്ടികൾക്ക് സമയം നൽകണം. ഇൻഡോർ ഗെയിമുകളും ഔട്ട്ഡോർ ഗെയിമുകളും ഇതിൽ ഉൾപ്പെടുത്താം. ചെസ് പോലെയുള്ള ഇൻഡോർ ഗെയിമുകൾ കുട്ടികളെ ബുദ്ധിപരമായി മിടുക്കരാക്കുന്നു. കൂടാതെ ജെങ്ക, പാമ്പും കോണിയും, ലുഡോ, കാരംസ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾ വീട്ടുകാർക്കൊപ്പം കളിക്കാവുന്നതാണ്. ബാഡ്മിന്റൺ, ഫുട്ബോൾ, ക്രിക്കറ്റ് പോലെയുള്ള ഔട്ട്ഡോർ കളികൾ കുട്ടികൾക്ക് മികച്ച ഒരു വ്യായാമം കൂടിയാണ്.
കുളിക്കാം, അത്താഴം കഴിക്കാം
രാത്രി എട്ടുമണിക്ക് മുമ്പെങ്കിലും കുട്ടികൾ അത്താഴം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അതിനു മുമ്പായി കുളിക്കാൻ ശീലിപ്പിക്കണം. കുളിമുറിയിൽ ഒരുപാട് സമയം ചിലവഴിക്കാതെ കുറഞ്ഞ സമയം കൊണ്ട് വൃത്തിയായി കുളിച്ചു വരാനുള്ള പരിശീലനം കുട്ടികൾക്ക് നൽകണം.
സ്വന്തമായി ഒരു ഹോബി ഉണ്ടാകട്ടെ
കുട്ടികൾക്ക് സ്വന്തമായി എന്തെങ്കിലും ഒരു ഹോബി ഉണ്ടാകുന്നതും നല്ലതാണ്. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, ചിത്രരചന, വായന എന്നിവയിൽ ഏതെങ്കിലും ഒരു ഹോബിയായി മാറ്റാവുന്നതാണ്. ദിവസവും കുറച്ച് സമയം ഇതിനു വേണ്ടി നീക്കിവെയ്ക്കാനും കുട്ടികളെ പരിശീലിപ്പിക്കണം. അത് കുട്ടികളുടെ മനസ്സിന് ഉല്ലാസവും വിശ്രമവും നൽകും. ഇതെല്ലാം കഴിഞ്ഞ് ഒരു 09.30 ഓടു കൂടി ഉറങ്ങാൻ കുട്ടികൾക്ക് കഴിയണം.
ഇത്രയും കാര്യങ്ങളെങ്കിലും കൃത്യമായി ചെയ്യാൻ കഴിഞ്ഞാൽ അടുത്ത ദിവസം രാവിലെ കൂടുതൽ ഉന്മേഷത്തോടെ സ്കൂളിലേക്ക് പോകാൻ കുട്ടികൾക്ക് കഴിയും. ഏറ്റവും കുറഞ്ഞത് ഒരു 21 ദിവസമെങ്കിലും കുട്ടികൾ തുടർച്ചയായി ഈ രീതി പിന്തുടർന്നാൽ അത് അവരുടെ ശീലമായി മാറിക്കൊള്ളും.