‘മടി പ്രശ്ന’ത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാം; ഇതാ ചില ജാപ്പനീസ് വഴികൾ

Mail This Article
അതേയ് നോട്ടി, എനിക്ക് വല്ലാത്ത മടിയാ. ഇതിന് വല്ല മരുന്നും ഉണ്ടോ? ഞാൻ എല്ലാ കാര്യവും തീരുമാനിക്കും. പക്ഷേ ഒന്നും ചെയ്യില്ല. നോട്ടി, ഒന്നു ഹെൽപ് ചെയ്യണേ... എന്തൊരു മടിയാണെന്നോ എനിക്ക്? ഇതെങ്ങനെയാ മാറ്റുക?
പഠിപ്പുരയുടെ നോളജ് കുട്ടിക്കു (നോട്ടി) വന്ന മെസെജുകളിൽ ചിലതാണു കേട്ടോ ഇത്. ഇങ്ങനെ എത്ര പേരാണെന്നോ മടിമാറ്റാനുള്ള വഴി അന്വേഷിച്ച് നോട്ടിക്ക് വാട്സാപ് മെസേജ് അയയ്ക്കുന്നത്. ഒപ്പം ചില അമ്മമാരും അച്ഛന്മാരും ടീച്ചർമാരും ചോദിച്ചിട്ടുണ്ട് കുട്ടികളെ ‘മടി പ്രശ്ന’ത്തിൽ നിന്ന് എങ്ങനെയാ രക്ഷിക്കുക എന്ന്. അങ്ങനെ നോട്ടി പറഞ്ഞ മറുപടികൾ അനുസരിച്ചാണ് കൂട്ടുകാർക്കായുള്ള ഈ കുറിപ്പ്. ഇന്ന്, 2025ലെ ആദ്യദിനത്തിൽ നമുക്ക് തുടങ്ങാം – മടി നിർമാർജന യജ്ഞം! മടിയെ ഓടിക്കൽ പരിപാടിയിലേക്ക് കടക്കും മുൻപേ ഒരു കാര്യം ഓർമിപ്പിക്കട്ടെ – ആരോഗ്യപ്രശ്നങ്ങൾ കൊണ്ടുള്ള തളർച്ചയോ അലസതയോ ഊർജസ്വലതക്കുറവോ കുട്ടികളെ ബാധിക്കാറുണ്ട്. ഡോക്ടർമാരെ കണ്ട് ഇക്കാര്യം പരിശോധിക്കാൻ മറക്കല്ലേ. പഠിപ്പുരയ്ക്കു പറയാനുള്ളത് മടി എന്ന സ്വഭാവപ്രശ്നത്തെക്കുറിച്ചാണ്.
ആ, നാളെയാട്ടെ, പിന്നെയാകട്ടെ എന്നിങ്ങനെ കാര്യങ്ങൾ നീട്ടിനീട്ടിക്കൊണ്ടുപോകുക. വായിക്കാനോ പഠിക്കാനോ ഹോംവർക്ക് ചെയ്യാനോ എന്തിന് ചില ഹോബികൾക്കു പോലും താൽപര്യമില്ലാതിരിക്കുക. എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതിരിക്കുക. എന്നാൽ, മൊബൈൽ ഫോൺ കയ്യിൽ കിട്ടിയാൽ എത്ര നേരം വേണമെങ്കിലും ഗെയിം കളിച്ചോ റീൽസ് കണ്ടോ വിഡിയോ എടുത്തോ സമയം കളയാൻ ഒരു മടിയുമില്ല താനും, അല്ലേ. മടി മാറ്റാനുള്ള ആദ്യ പടി ഇതാണ് – മടി ഉണ്ട് എന്ന തിരിച്ചറിവ്. ഇങ്ങനെയൊന്നുമല്ല ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നു നമ്മുടെ ഉള്ളിൽ തോന്നിയാൽ പിന്നെ എളുപ്പമായി. മടിയെ മെരുക്കാനുള്ള ചില ജാപ്പനീസ് വഴികൾ നോക്കാം. കേൾക്കാൻ കൗതുകമുള്ള ഈ ജാപ്പനീസ് വാക്കുകളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത് കുഞ്ഞുകാര്യങ്ങളാണ്; കുഞ്ഞുചുവടുവയ്പുകൾ. അല്ലെങ്കിലും വലിയ കൊടുമുടിയെ കീഴടക്കാനുള്ള യാത്രയാണെങ്കിൽ പോലും ഓരോ ചുവടും അടിവച്ചാണല്ലോ മുന്നേറേണ്ടത്.
കായ്‌സെൻ
ചെയ്യാനുള്ള കാര്യങ്ങൾ മലപോലെ കൂടിക്കിടക്കുന്നു – ഹയ്യോ, ഉള്ള മടി ഇതോർക്കുമ്പോൾ ഒന്നുകൂടി കൂടും. ഒറ്റയടിക്ക് സ്വഭാവവും രീതികളും മാറ്റാനോ – ഹമ്മേ അതിലും ഭേദം ഒന്നും ചെയ്യാതെ ഇങ്ങനെയങ്ങ് പോകുന്നതാ. പിന്നെയും മടി! ഇവിടെയാണ് ജപ്പാൻകാരുടെ കായ്സെൻ രക്ഷയ്ക്കെത്തുക. കൊച്ചുകൊച്ചു മാറ്റങ്ങൾ, ഒരു സമയത്ത് ഒരു ചുവട് മാത്രം. അങ്ങനെ ഓരോ ടാസ്കും പൂർത്തിയാക്കിയാൽ നമ്മൾ വിജയിച്ചു. ഇന്നു രാവിലെ ഏഴിനാണ് ഉണർന്നതെങ്കിൽ നാളെ അത് 6.55ന് ആക്കാൻ വിഷമമില്ലല്ലോ. മറ്റന്നാൾ 6.50, പിന്നെ 6.45. ഒരാഴ്ച ആറേമുക്കാലിൽ തുടർന്നിട്ട് വീണ്ടും ഇങ്ങനെ കുറച്ച് കൊണ്ടുവരാം. നിങ്ങൾക്ക് സ്കൂളിൽ കണ്ടിന്യുവസ് ഇവാല്യുവേഷൻ (നിരന്തര മൂല്യനിർണയം) ഉണ്ടല്ലോ. അതുപോലെ നിരന്തരമായുള്ള, തുടർച്ചയായുള്ള മാറ്റം അഥവാ പുരോഗതി – അതാണു കായ്‌സെൻ പറയുന്നത്. നമ്മുടേതായ ഒരു ടൈംടേബിൾ ഉണ്ടാക്കുക. നമുക്ക് ഇഷ്ടമുള്ളതെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ ടൈംടേബിൾ വിഡിയോ ഗെയിം പോലെ വേണം നടപ്പാക്കാൻ.
ആദ്യ 3 ദിവസം പൂർത്തിയാക്കിയാൽ സ്വയം ഒരു സ്റ്റാർ കൊടുക്കണം – ലെവൽ 1 കഴിഞ്ഞിരിക്കുന്നു! ഏഴാം ദിവസം പൂർത്തിയാക്കിയാൽ ലെവൽ 2. അങ്ങനെ 21 ദിവസം എത്തിയാലോ യീ....ഹാ...... ഫൈനൽ ലെവൽ. കൃത്യസമയത്ത് ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ പിന്നീടത് ശീലമായി ഉള്ളിൽ പതിയും. കാര്യം ശരിയാണ്, പക്ഷേ ചെയ്യാനാണു പ്രയാസം. അതുകൊണ്ടാണ് സിംപിളായ ടൈംടേബിൾ സ്വയം തയാറാക്കണമെന്നു പറയുന്നത്. നമ്മൾ ഈ ട്രാക്കിൽ ഓടിത്തുടങ്ങാനുള്ള പരിശീലനമാണിത്. ടൈംടേബിൾ പാലിക്കാൻ മടി നമ്മളെ സമ്മതിക്കില്ല. അപ്പോൾ ഒരു ടാസ്ക് ചെയ്യുന്നതു പോലെ വൺ, ടു, ത്രീ അപ് എന്നു പറഞ്ഞ് ചാടിയെഴുന്നേൽക്കുക. പെട്ടെന്നുള്ള ചലനം ശരീരത്തിൽ ഒരു ചെറിയ ഊർജം പ്രസരിപ്പിക്കും. എന്നിട്ട് ടൈംടേബിളിൽ ആ സമയത്തു പറഞ്ഞിരിക്കുന്ന കാര്യത്തിലേക്ക് ഉടൻ കടക്കാം. ഓടിച്ചാടിക്കളിക്കുന്നതും നന്നായി ഉറങ്ങുന്നതും മൊബൈൽ ഉപയോഗം കുറയ്ക്കുന്നതും വീട്ടിലുണ്ടാക്കുന്ന നല്ല ആഹാരം കൃത്യസമയത്ത്, കൃത്യ അളവിൽ കഴിക്കുന്നതും എല്ലാം ടൈംടേബിളിൽ ചേർക്കണേ. അല്ലാതെ പഠനം മാത്രമല്ല. നിങ്ങളുടെ വിനോദങ്ങളും വേണം.
ഇക്കിഗായ്
എന്താ നമ്മുടെ ലക്ഷ്യം എന്നു കൃത്യമായി മനസ്സിലാക്കുക, അത് സെറ്റ് ചെയ്യുക – ഇത്രേ ഉള്ളൂ കാര്യം ഇക്കിഗായിയിൽ. സ്കൂളിൽ പോകുമ്പോൾ എന്താണു നമ്മുടെ ലക്ഷ്യം? പഠിക്കുക എന്നതു മാത്രം അല്ലല്ലോ. നമ്മുടെ കഴിവിന് അനുസരിച്ച് പഠിക്കാനായി പരമാവധി പരിശ്രമിക്കുക, സ്നേഹവും നന്മയും ഉള്ള നല്ല മനുഷ്യരാകുക, നല്ല സ്വഭാവമുള്ളവരാകുക – അങ്ങനെ ലക്ഷ്യങ്ങൾ പലതുണ്ടാകും അല്ലേ. ചിലർക്ക് വലുതാകുമ്പോൾ ആരാകണം എന്താകണം എന്ന് ജോലിയുമായി ബന്ധപ്പെട്ടു ലക്ഷ്യമുണ്ടാകും. സ്പോർട്സിൽ മികവ് കാട്ടണം, അഭിനയിക്കണം, കലാരംഗത്ത് ഉയരണം, മികച്ച കർഷകരാകണം, സ്വന്തമായി ബിസിനസ് തുടങ്ങണം, അമ്മയെയും അച്ഛനെയും സഹായിക്കണം, എഴുത്തിൽ വളരണം, കളിപ്പാട്ടം വിൽക്കുന്നയാളാകണം അങ്ങനെ ഓരോരുത്തർക്കും ഓരോ സ്വപ്നങ്ങൾ. ചെസ് താരം ഗുകേഷിന്റെ ലക്ഷ്യം ലോക ചെസ് ചാംപ്യൻ ആകുകയെന്നതായിരുന്നല്ലോ. സ്വപ്നമെന്തുമാകട്ടെ, നല്ല ഒരു സ്വപ്നം ഉണ്ടാകുക എന്നതാണു മുഖ്യം. സ്വപ്നമെന്താ മടി മാറ്റുമോ? മാറ്റും. നമുക്ക് എന്താണു വേണ്ടത് എന്ന് ഉള്ളിൽ തെളിഞ്ഞാൽ അതിലേക്കു യാത്ര ചെയ്യാൻ നമ്മൾ അറിയാതെ നമ്മുടെ ഉള്ളിൽ തോന്നിക്കൊണ്ടിരിക്കും. എന്തിനാണ് സ്കൂളിൽ പോകുന്നത് – ആ.... എന്തിനാണ് പഠിക്കുന്നത് – ആ..... എന്തിനാണ് ഓരോ ദിവസവും നമ്മുടെ മുന്നിൽ കടന്നുവരുന്നത് – ആ...... അങ്ങനെയൊക്കെ ചുമ്മാ അങ്ങു പോണം. എന്നാണു ചിന്തയെങ്കിലോ നമുക്ക് എന്തെങ്കിലും ചെയ്യാൻ തോന്നുമോ? ഇക്കിഗായിക്ക് കൂടുതൽ അർഥങ്ങളുണ്ട്, പക്ഷേ നമ്മൾ കുട്ടികൾക്ക് ഇപ്പോൾ ഇതിന്റെ ചെറിയൊരു വെളിച്ചം മതിയാകും മുന്നോട്ടു പോകാൻ. വളരുമ്പോൾ ഇക്കിഗായിയുടെ കൂടുതൽ ചില്ലകളിലേക്കു ചേക്കേറാം.
വാബി സാബി
കേൾക്കാൻ രസമുണ്ടല്ലേ. അതിലേറെ രസമാണ് ഈ ചിന്ത. അതിലുമേറെ രസമാണ് ഇതനുസരിച്ച് ജീവിക്കാൻ പറ്റിയാൽ. കൊച്ചുവാക്കുകളിൽ ഇങ്ങനെ പറയാം: നമ്മുടെ കുറവുകളെ സ്നേഹിക്കുക! കൂട്ടുകാർ പലപ്പോഴും ഓർക്കാറില്ലേ – ഹോ, അവളുടേതു പോലെയായിരുന്നെങ്കിൽ, അവന്റേതു പോലെയായിരുന്നെങ്കിൽ എന്നൊക്കെ? ഞാനൊന്നും ചെയ്താൽ ശരിയാവൂല്ല എന്നു സങ്കടപ്പെടാറില്ലേ? ഇതൊന്നും എനിക്കു പറഞ്ഞിട്ടുള്ളതല്ല എന്നു പിന്നാക്കം പോകാറില്ലേ? നമുക്ക് എന്തൊക്കെയോ കുറവുകൾ ഉണ്ടെന്നു കരുതുന്നതു കൊണ്ടാണ് ഈ ചിന്തകൾ. അതെ, കുറവുകൾ ഉണ്ട്. സാരമില്ല. അതും കൂടി ചേർന്നതാണ് ഞാൻ. എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങളുമുണ്ട്, പറ്റാത്ത കാര്യങ്ങളുമുണ്ട്. ഇതു രണ്ടും എന്റെ ഭാഗമാണ്. പറ്റാത്തതിന്റെ പേരിൽ ഞാൻ തലകുനിക്കേണ്ടതില്ല. അതിന്റെ പേരിൽ കളിയാക്കൽ കേൾക്കാൻ നിൽക്കേണ്ട കാര്യവുമില്ല. എന്ത് കുറവുണ്ടെങ്കിലും എനിക്ക് എന്നെ ഇഷ്ടമാണ് എന്നു വിചാരിച്ചാലോ? അടിപൊളി. ഇഷ്ടമുള്ളവരുടെ കൂടെ കളിക്കാനും സമയം ചെലവിടാനും നമുക്ക് എന്തിഷ്ടമാണ്. നമുക്ക് നമ്മളെ ഇഷ്ടപ്പെടുമ്പോൾ പിന്നെ പറയണോ. വാബി സാബിയിൽ ഒന്നുകൂടിയുണ്ട് – നമ്മൾ ഈ നിമിഷത്തിൽ നന്നായി ജീവിക്കുക, ലളിതവും ചെറുതുമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്ന്.
മടി മാറ്റാമെന്നു പറഞ്ഞിട്ട് ചുമ്മാ ഫിലോസഫി പറയുകയാണോ എന്നാണോ കൂട്ടുകാർ ഓർക്കുന്നത്? ഈ ട്രിക് ഒന്നു പരീക്ഷിച്ചു നോക്കൂ. മടി മാറ്റാനുള്ള മനഃശാസ്ത്രപരമായ മാർഗം കൂടിയാണ് ഇത്. ഉള്ളിൽ നിന്ന് ആത്മവിശ്വാസവും സ്വയം സ്നേഹവും തോന്നിയാൽ ലക്ഷ്യത്തിന് വ്യക്തത കൂടും. അപ്പോൾ പ്രവർത്തിക്കാനുള്ള ശക്തിയും കൂടും.