രക്ഷിതാക്കളേ കുട്ടികളിലെ ഈ പ്രശ്നം നിങ്ങൾ അറിയാതെ പോകരുതേ!
Mail This Article
ചോദ്യം മാതാപിതാക്കളോടാണ്, നിങ്ങളുടെ കുട്ടികളിലെ സാമൂഹികമായ പിൻവലിയലുകളെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കുട്ടികൾ സോഷ്യൽ ആക്റ്റിവിറ്റികളിൽ നിന്നും വിട്ടു നിൽക്കുന്നത് എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? പല വീടുകളിലെയും അറിയപ്പെടാതെയും ചർച്ച ചെയ്യപ്പെടാതെയും പോകുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്തരം പിൻവലിയലുകൾ. എന്നാൽ എന്റെ കുട്ടിക്ക് മടിയാണ്, അവൾ നാണക്കാരിയാണ് തുടങ്ങിയ ഒറ്റ വാചകത്തിൽ ഇത്തരം പിൻവലിയലുകളെ മാതാപിതാക്കൾ ഒതുക്കിത്തീർക്കുന്നു.
ഇത്തരം ഉൾവലിയലുകളാണ് പിന്നീട് കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്നത്. സ്‌കൂളില്‍ പോയി തുടങ്ങുമ്പോഴാണ് കുട്ടികള്‍ കൂടുതല്‍ ആളുകളുമായി ഇടപഴകാനും നന്നായി പെരുമാറാനും പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും പഠിക്കുന്നത്. മറ്റുള്ളവരോട് അടുത്തു പെരുമാറുമ്പോൾ കുട്ടികളിൽ കൂടുതൽ കാര്യങ്ങൾ പഠിക്കുവാനും അറിയുവാനുമുള്ള ത്വര വർധിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഇഷ്ടമില്ലാത്ത കാര്യങ്ങളെ എതിർക്കുവാനും പഠിക്കുന്നു.
എന്നാൽ സമൂഹത്തിൽ നിന്നും സാമൂഹിക കൂട്ടായ്മകളിൽ നിന്നും പിന്തിരിയുന്ന സ്വഭാവമാണ് തുടക്കം മുതൽ പ്രകടിപ്പിക്കുന്നത് എങ്കിൽ അതു പഠന വൈകല്യത്തിന്റെ ലക്ഷണമാണ്. കുട്ടികള്‍ കൂടുതല്‍ ആളുകളുമായി ഇടപഴകാനും നന്നായി പെരുമാറാനും തുടങ്ങുമ്പോഴാണ് അവരിലെ വികാസത്തിന്റെ നിര്‍ണ്ണായകമായ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ചില കുട്ടികളില്‍ ഇതിനുള്ള കഴിവ് വികസിച്ചു വരാന്‍ കൂടുതല്‍ സമയമെടുക്കും.
എന്നാൽ സ്‌കൂളിൽ ചേർന്നിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും വീട്ടിൽ കൂട്ടുകാരെ പറ്റിയും അധ്യാപകരെപ്പറ്റിയുമൊന്നും കുട്ടി സംസാരിക്കുന്നില്ലെങ്കിൽ കുട്ടിക്ക് കാര്യമായ പഠനവൈകല്യമോ ഉൾവലിയൽ സ്വഭാവമോ ഉണ്ടെന്നു മനസിലാക്കണം. കുട്ടിയുടെ ഈ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ ഒരു പോരായ്മയായി പറഞ്ഞു തുടങ്ങുമ്പോൾ മാത്രമാണ് പല മാതാപിതാക്കളും ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നത്.
കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക, മറ്റുള്ളവരുടെ വികാരങ്ങളോ അവര്‍ ആശയ വിനിമയം ചെയ്യുന്ന കാര്യങ്ങളോ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയൊക്കെ ഇത്തരം പഠന വൈകല്യത്തിന്റെ ലക്ഷണമാണ്. ഇത്തരം പ്രശ്നങ്ങൾ കാണിക്കുന്ന കുട്ടികളെ ബോധപൂർവം വളർത്തിയെടുക്കണം. മറ്റുള്ളവരുമായി കൂടുതൽ ഇടപെഴകുന്നതിനുള്ള അവസരം നൽകണം. വീട്ടിലും പൊതുസ്ഥലങ്ങളിലും അതിനുള്ള അവസരം നൽകണം . ചെറിയ പാർട്ടികൾ, ഒത്തു ചേരലുകൾ എന്നിവ അതിനുള്ള അവസരമായെടുക്കണം. സംസാരിക്കാനും ആളുകളെ അഭിമുഖീകരിക്കാനുമുള്ള വിമുഖത പടിപടിയായി മാറ്റിയെടുക്കാൻ ശ്രമിക്കണം. ഇത് ഒരു കൂട്ടുത്തരവാദിത്വമായി കാണണം.