ADVERTISEMENT

കുഞ്ഞുമക്കൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം പോകുന്നത് ഒരു മാതാപിതാക്കളും അറിയില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മക്കൾ വളർന്നു വലുതാകുന്നത്. ബാല്യം വിട്ട് കുട്ടികൾ കൗമാരത്തിലേക്ക് ചേക്കേറുമ്പോൾ അതിന്റേതായ സ്വഭാവ വ്യതിയാനങ്ങളും കുട്ടികളിൽ ഉണ്ടാകും. അതുകൊണ്ടു തന്നെ കുട്ടികളുമായി കൂടുതൽ തുറന്ന് സംസാരിക്കേണ്ട സമയമാണ് ഈ പ്രായം. കുട്ടികളിൽ ഒരു സ്വഭാവം രൂപീകരിക്കപ്പെടുന്നതും വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്നതുമെല്ലാം ഈ പ്രായത്തിലാണ്. മാതാപിതാക്കളോട് എന്തും തുറന്നു പറയാമെന്ന് സ്വാതന്ത്ര്യവും തോന്നലും ഈ പ്രായത്തിൽ കുട്ടികളിൽ നിർബന്ധമായും ഉണ്ടാക്കിയെടുക്കണം.

കൗമാരപ്രായത്തിൽ കുട്ടികളുടെ ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നതു പോലെ തന്നെ അവരുടെ മാനസിക ആരോഗ്യത്തിലും നമ്മൾ ശ്രദ്ധിക്കണം. കൂട്ടുകാരിൽ നിന്നോ വിദ്യാലയങ്ങളിൽ നിന്നോ മോശം അനുഭവം ഉണ്ടാകുമ്പോൾ അത് സമചിത്തതയോടെ നേരിടാനുള്ള തന്റേടവും ആർജ്ജവവും കുട്ടികളിൽ ഉണ്ടായിരിക്കണം. അതിന് അവർക്ക് നല്ല ആത്മവിശ്വാസവും സ്വയം ബഹുമാനവും ഉണ്ടായിരിക്കണം. ആ രീതിയിലേക്ക് കുട്ടികളെ വളർത്തുക എന്നത് വളരെ പ്രധാനമാണ്.

ബഹുമാനിക്കാൻ പഠിപ്പിക്കുക
കൗമാരപ്രായത്തിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും കുട്ടികൾക്ക് എതിർലിംഗത്തിൽ ഉള്ളവരോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, ബൗണ്ടറികൾ സെറ്റ് ചെയ്യാനും മറ്റുള്ളവരുടെ ബൗണ്ടറികളെ ബഹുമാനിക്കാനും മകനെ ശീലിപ്പിക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും ഇഷ്ടങ്ങളെയും ബഹുമാനിക്കാനും ആദരവോടെ കാണാനും അവർക്ക് പ്രത്യേകം പരിശീലനം നൽകണം.  ഒരു ബന്ധം ഉണ്ടാകുന്ന സമയത്ത് സമ്മതത്തിന് അല്ലെങ്കിൽ അനുമതിക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. മാന്യതയോടെയും അനുകമ്പയോടെയും ചുറ്റുമുള്ളവരെ പരിഗണിക്കാൻ അവരെ മനസിലാക്കിക്കുക. പ്രണയബന്ധങ്ങളിലും മറ്റും പങ്കാളി 'നോ' പറയുന്ന കാര്യങ്ങളിൽ അത് ചെയ്യുന്നതിന് വേണ്ടി അവരെ നിർബന്ധിക്കരുതെന്നും അവരെ ബോധ്യപ്പെടുത്തുക.

സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക
സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുക. അമിതമായ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെയും മൊബൈൽ ഫോണിലും മറ്റും പരിധിയില്ലാതെ സമയം കളയുന്നതിനെയും വിലക്കുക. സമയം വിലപ്പെട്ടതാണെന്നും അതിനെ മികച്ച രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നും കുട്ടികളെ ബോധ്യപ്പെടുത്തുക. ഓൺലൈനിൽ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുക.

സമപ്രായക്കാരുടെ സമ്മർദ്ദത്തെ അതിജീവിക്കുക
കൗമാരപ്രായത്തിലേക്ക് എത്തുന്ന ഒരു ആൺകുട്ടിയെ സംബന്ധിച്ച് അവരുടെ സമപ്രായക്കാരായ സുഹൃത്തുക്കളുടെ പെരുമാറ്റവും സൗഹൃദവും പ്രധാനപ്പെട്ടതാണ്. പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ഈ പ്രായത്തിലാണ് ആരംഭിക്കുന്നത്. അതിന് കെണി ഒരുക്കി വല വിരിച്ച് കാത്തിരിക്കുന്നവരാണ് ചുറ്റിലുമുള്ള ചിലരെങ്കിലും. അത്തരത്തിലുള്ള സൗഹൃദങ്ങളിൽ നിന്ന് അകന്നു മാറാനും ഒരിക്കൽ പോലും അതിൽ ഉൾപ്പെടാതിരിക്കാനും കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. അരുതാത്ത ഒരു കാര്യം ചെയ്യാൻ സുഹൃത്തുക്കൾ നിർബന്ധിച്ചാൽ ധൈര്യപൂർവം അതിന് 'നോ' പറയാൻ കഴിയണം.

സമയത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുക
കൗമാരപ്രായത്തിലേക്ക് എത്തുമ്പോൾ കുട്ടികൾ ഉയർന്ന ക്ലാസുകളിലേക്ക് എത്തുന്ന സമയം കൂടിയാണ്. പഠനകാര്യങ്ങളിലും പാഠ്യേതര കാര്യങ്ങളിലും കൃത്യമായി ശ്രദ്ധിക്കാനും പഠിക്കാനും കുട്ടികളെ ബോധ്യപ്പെടുത്തുക. പഠിക്കുന്നതിനും കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിനും കലാപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അതിന് സമയം കണ്ടെത്താൻ അവരെ കൃത്യമായി പരിശീലിപ്പിക്കുകയും ചെയ്യുക. എന്തിനാണ് മുൻഗണന നൽകേണ്ടത് എന്ന് കൃത്യമായി കണ്ടെത്താനും ഒരു ടൈം ടേബിൾ വെച്ച് അത് പരിശീലിക്കാനും കുട്ടികളെ ശീലിപ്പിക്കണം.

ആരോഗ്യകരമായ ബന്ധങ്ങൾ
കൗമാരപ്രായത്തിലേക്ക് എത്തുമ്പോൾ ആരോഗ്യകരമായ ബന്ധങ്ങൾ കുട്ടികൾക്ക് വേണം. അത് സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും. ഒരിക്കലും കുട്ടികളുടെ പഠനത്തെയോ മാനസികാരോഗ്യത്തെയോ ശാരീരികാരോഗ്യത്തെയോ മോശമായി ബാധിക്കുന്നത് ആയിരിക്കരുത് ഒരു ബന്ധവും. ഒരു ടോക്സിക് ബന്ധം എന്താണെന്നും അതിനെ പക്വതയോടെ എങ്ങനെയാണ് ഡീൽ ചെയ്യേണ്ടതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.

ശാരീരിക ആരോഗ്യം
ശാരീരിക ആരോഗ്യം മികച്ച രീതിയിൽ കാത്തു സൂക്ഷിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകണം. കൃത്യമായി വ്യായാമം ചെയ്യാനും മികച്ച ഭക്ഷണക്രമം പാലിക്കാനും ആവശ്യത്തിന് ഉറങ്ങാനും കുട്ടികളെ പ്രാപ്തരാക്കണം. ഇതെല്ലാം ഒത്തു ചേരുമ്പോഴാണ് മികച്ച ആരോഗ്യം ഉണ്ടാകുകയെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ശരീരം തടിച്ചതാണോ മെലിഞ്ഞതാണോ എന്ന് നോക്കി കൃത്യമായ സമയങ്ങളിൽ ഫിറ്റ്നസ് ബോധവത്കരണവും കുട്ടികൾക്ക് നൽകുക.

സമ്പത്തും കരിയറും
പണത്തിന്റെ മൂല്യം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക. അനാവശ്യമായി പണം ചെലവഴിക്കുന്നത് ശ്രദ്ധിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. നല്ലൊരു കരിയർ കെട്ടിപ്പെടുക്കാൻ സഹായിക്കുക. ഏത് വിഷയത്തിലാണ് താൽപര്യം എന്ന് കണ്ടെത്തി അതിനു വേണ്ടി പ്രയത്നിക്കാൻ പ്രോത്സാഹിപ്പിക്കുക. ലക്ഷ്യബോധത്തോടെയും നിരന്തര പരിശ്രമത്തോടെയും സ്വപ്നങ്ങൾ നേടിയെടുക്കാൻ കുട്ടികളെ സഹായിക്കുക. കൂടാതെ ജീവിതത്തിൽ സത്യസന്ധത പാലിക്കാനും തെറ്റുകളെ തിരുത്തി മുന്നോട്ടു പോകാനും അങ്ങനെ മികച്ചൊരു മനുഷ്യനായി തീരാനും കുട്ടികളെ പ്രാപ്തരാക്കുക.

English Summary:

7 Essential Life Skills Every Teenage Boy Needs to Succeed.Protect Your Son: The Ultimate Guide to Navigating the Teenage Years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com