കുട്ടികള്‍ നന്നായി ഉറങ്ങുന്നുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കണം

Mail This Article
നിങ്ങളുടെ കുട്ടികള്‍ എത്ര സമയം ഉറങ്ങാറുണ്ട് എന്ന ചോദ്യത്തിന്, ഞാന്‍ അതത്ര ശ്രദ്ധിക്കാറില്ല എന്നാണോ നിങ്ങളുടെ മറുപടി? കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവും വൈകാരികവുമായ വികാസത്തില്‍ ഉറക്കം നിര്‍ണായക പങ്ക് വഹിക്കുന്നു എന്നതാണ് വാസ്തവം. കുട്ടികളുടെ പ്രായത്തിനനുസരിച്ചു അവശ്യമായ ഉറക്കം അവര്‍ക്ക് ലഭിക്കണം.
ഉറക്കക്കുറവ് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയേറെയാണ്. ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് ലഭിക്കേണ്ട ഉറക്കത്തിന്റെ അളവിനെക്കുറിച്ചുള്ള ഏകദേശ ധാരണ രക്ഷിതാക്കള്‍ക്കുണ്ടായിരിക്കണം. ഉറക്കത്തിന് കുട്ടികളുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെയും വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികള്‍ എത്ര സമയം ഉറങ്ങണമെന്നും നോക്കാം.

ഉറക്കക്കുറവ് കുട്ടികളെ സ്വാധീനിക്കുന്നതെങ്ങനെ?
ശാരീരിക വളര്‍ച്ച
ശാരീരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഹോര്‍മോണ്‍ പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്നത് ഗാഢനിദ്രയുടെ ഘട്ടങ്ങളിലാണ്. ഉറക്കക്കുറവ് വിശപ്പുമായി ബന്ധപ്പെട്ട ലെപ്റ്റിന്‍, ഗ്രെലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സാരമായി സ്വാധീനിക്കുന്നു. ഇത് കുട്ടികളില്‍ അമിതവണ്ണത്തിനും അനാരോഗ്യത്തിനും കാരണമാകും. ഉറക്കക്കുറവ് കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും പലവിധ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
വൈജ്ഞാനിക വളര്‍ച്ച
കുട്ടികളിലെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും ഉറക്കം അത്യന്താപേക്ഷിതമാണ്. മറ്റു കുട്ടികളെ അപേക്ഷിച്ചു മതിയായ ഉറക്കം ലഭിക്കുന്ന കുട്ടികള്‍ എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധയും മികച്ച പഠനനിലവാരവും കാഴ്ച വെക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

മാനസികാരോഗ്യം
ഉറക്കക്കുറവ് കുട്ടികളില്‍ മാനസിക അസ്വസ്ഥതകള്‍ക്കും അനാവശ്യമായ ദേഷ്യത്തിനും ഉത്കണ്ഠയ്ക്കും വിഷാദത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അപര്യാപ്തമായ ഉറക്കം കുട്ടികളില്‍ പല പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.
ആരോഗ്യകരമായ ഉറക്കം എങ്ങനെ സാധ്യമാക്കാം?
സ്ഥിരമായ ഉറക്ക സമയം ഏറ്റവും പ്രധാനമാണ്. ദിവസവും കൃത്യസമയത്ത് ഉറക്കം ശീലിപ്പിക്കുന്നത് നന്നായി ഉറങ്ങുന്നതിന് കുട്ടികളെ സഹായിക്കും. എല്ലാ ദിവസവും ഒരേ സമയത്തു ഉറങ്ങാന്‍ കിടക്കുന്നതും എഴുന്നേല്‍ക്കുന്നതും കുട്ടികളിലെ ബയോളജിക്കല്‍ ക്ലോക്കിനെ സഹായിക്കുകയും നല്ല ഉറക്കം ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യും.
ഉറക്കത്തിനു അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതാണ് രണ്ടാമത്തെ കാര്യം. നന്നായി ഉറങ്ങുന്നതിന് അനുയോജ്യമായ സാഹചര്യം രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം. ടെലിവിഷനോ മൊബൈല്‍ ഫോണോ ശല്യപ്പെടുത്താത്ത ശാന്തമായ കിടപ്പുമുറി നന്നായി ഉറങ്ങുന്നതിന് കുട്ടികളെ സഹായിക്കും. സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യം. ഉറങ്ങുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സ്‌ക്രീന്‍ സമയം നിര്‍ത്തണം. നന്നായി ഉറങ്ങുന്നതിന് ഇത് കുട്ടികളെ സഹായിക്കും.
പ്രായമാനുസരിച്ചു കുട്ടികള്‍ എത്ര സമയം ഉറങ്ങണം?
നവജാതശിശുക്കള്‍ (0-3 മാസം): പകല്‍ സമയത്തുള്ള ഉറക്കം അടക്കം പ്രതിദിനം 14-17 മണിക്കൂര്‍.
ശിശുക്കള്‍ (4-12 മാസം): പകല്‍ സമയത്തുള്ള ഉറക്കം അടക്കം പ്രതിദിനം 12-16 മണിക്കൂര്‍.
പിഞ്ചുകുഞ്ഞുങ്ങള്‍ (1-2 വയസ്സ്): പകല്‍ സമയത്തുള്ള ഉറക്കം അടക്കം പ്രതിദിനം 11-14 മണിക്കൂര്‍.
പ്രീസ്‌കൂള്‍ കുട്ടികള്‍ (3-5 വയസ്സ്): പകല്‍ സമയത്തുള്ള ഉറക്കം അടക്കം പ്രതിദിനം 10-13 മണിക്കൂര്‍.
സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ (6-12 വയസ്സ്): രാത്രിയില്‍ 9-12 മണിക്കൂര്‍.
കൗമാരക്കാര്‍ (13-18 വയസ്സ്): രാത്രിയില്‍8-10മണിക്കൂര്‍.