അവരോടൊപ്പം നമുക്കും വളരാം; ബീറ്റ തലമുറയെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

Mail This Article
തന്ത വൈബ്, തള്ള വൈബ്, ജെൻസിയും ആൽഫാസുമെല്ലാം ഔട്ട് ഓഫ് ട്രെന്റായി, ഇനി ലോകം ഭരിക്കുക ബീറ്റകളാണ്. ആൽഫാ ജനറേഷന്റെ പിന്തുടർച്ചക്കാരായി 2025–ൽ ലോകത്ത് മറ്റൊരു ജനറേഷന്‍ കൂടി പിറവിയെടുത്തു – ബീറ്റ തലമുറ. 2025 മുതല്‍ 2039 വരെയുള്ള കാലയളവിൽ ജനിക്കുന്നവർ ഈ പേരിലാവും അറിയപ്പെടുക. ഇവരില്‍ ചിലർ 22–ാം നൂറ്റാണ്ടിന്റെ ഭാഗമാകുകയും ചെയ്യും. 2035 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ 16 ശതമാനവും ബീറ്റ ജനറേഷൻ ആയിരിക്കുമെന്നും പഠനങ്ങൾ പറയുന്നു. സാങ്കേതിക വിദ്യയ്‌ക്കൊപ്പം വളരുന്ന ഈ തലമുറയെ വാർത്തെടുക്കുമ്പോള്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. ബീറ്റ ജനറേഷനെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
സ്ക്രീൻ ടൈം കുറയ്ക്കുക
സങ്കേതികവിദ്യയും എഐയും അടക്കിവാഴുന്ന ലോകത്തിലേക്കാണ് ബീറ്റ ജനറേഷൻ ജനിച്ചു വീഴുന്നത്. പൊതുസ്ഥലങ്ങളിൽ പോലും എഐ അധിഷ്ഠിത സാങ്കേതികവിദ്യ വികാസം പ്രാപിച്ചതിനാൽ മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. ടെക്നോളജികളുടെ അമിതമായ ഉപയോഗം കുട്ടികളുടെ കഴിവും വളർച്ചയും സാമൂഹിക വികാസവും തടസപ്പെടുത്തും. കുട്ടികളുടെ മുന്നിൽ ഫോണ്‍, ലാപ്ടോപ്പ്, ടാബ് മുതലായവയില്‍ സമയം ചെലവഴിക്കാതെ അവരുമായി സമയം ചെലവിടേണ്ടത് പ്രധാനമാണ്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പരിശീലിപ്പിക്കുക
കാലാവസ്ഥാ വ്യതിയാനം അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുസ്ഥിര വികസനത്തെക്കുറിച്ച് ബീറ്റ ജനറേഷനിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി സംബന്ധിച്ച ബാലപാഠങ്ങൾ വീടുകളിലെ പൂന്തോട്ടത്തിൽ നിന്നുതന്നെ പഠിപ്പിച്ച് തുടങ്ങണം. ഓർമ്മവച്ചു തുടങ്ങുന്ന കാലം മുതൽക്കെ വെള്ളം സംഭരിക്കുന്നതിനെ കുറിച്ചും പാഴ്‌വസ്തുക്കളുടെ പുനരുപയോഗത്തെ കുറിച്ചും അവരെ ബോധവാന്മാരാക്കണം. വീട്ടിലേയ്ക്ക് ആവശ്യമായ പ്രകൃതിദത്ത വസ്തുകൾ വാങ്ങുമ്പോള്‍ കുട്ടികളെയും കൂടെ കൂട്ടുകയും പ്ലാസ്റ്റിക് ഭൂമിയ്ക്ക് ദോഷമാണെന്നു ബോധ്യപ്പെടുത്തുകയും വേണം.
മാനസികാരോഗ്യം ശ്രദ്ധിക്കുക
ബീറ്റാ ജനറേഷന്റെ മാനസികാരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. മാനസികാരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ വികാരങ്ങളെ മനസിലാക്കാൻ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. അവരുടെ വികാരങ്ങൾ പ്രകടമാക്കാനുളള സാഹചര്യം ഒരുക്കേണ്ടതും പ്രധാനമാണ്. എഴുത്ത്, വായന, കഥ പറച്ചിൽ എന്നിവയിലൂടെയെല്ലാം മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാനും മാതാപിതാക്കൾ തയ്യാറാകണം.
കായികവിനോദത്തിന് പ്രാധാന്യം നൽകുക
ഊണും ഉറക്കവുമെല്ലാം ഫോണിനും ലാപ്ടോപ്പിനും മുന്നിലാണെന്ന് കുട്ടികളോട് പറയാത്ത മാതാപിതാക്കൾ ചുരുക്കമാണ്. നിരന്തരം സാങ്കേതിക വിദ്യയുമായി ഏറ്റുമുട്ടേണ്ടി വരുന്ന കുട്ടികൾ മാനസിക വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. കുട്ടികളെ പുറത്തുകൊണ്ടു പോകുകയും കായികാഭ്യാസങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നതു വഴി മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും. കുട്ടികള്‍ക്കൊപ്പം പാർക്കിൽ സമയം ചെലവഴിക്കുകയും അവരോടൊപ്പം നടക്കുകയും യാത്രകൾ ചെയ്യുകയും വേണം. മറ്റുള്ളവരുമായി ഇടപഴകാനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണിത്. കുട്ടികളെ സ്കൂളുകളിലും കായികപരിശീലനത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കണം. ഇതുവഴി സ്ക്രീൻ ടൈമും കുറയ്ക്കാൻ സാധിക്കും.
തുറന്നുപറച്ചില്‍
കുട്ടികൾക്ക് എല്ലാം തുറന്നുപറയാൻ കഴിയുന്ന സുഹൃത്തുകളായിരിക്കണം മാതാപിതാക്കൾ. കാലം മാറുന്നതിനനുസരിച്ച് മാതാപിതാക്കളുടെ ചിന്തയിലും മനോഭാവത്തിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. അവർക്ക് പറയാനുള്ളത് കേൾക്കാനും മനസിലാക്കാനും മാതാപിതാക്കൾ ശ്രമിക്കണം. സാങ്കേതികവിദ്യയെ കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ അറിവുണ്ടായിരിക്കുന്നത് കുട്ടികളുടെ പ്രവർത്തികൾ കൃത്യമായി വിലയിരുത്താൻ സഹായിക്കും.