'എന്റെ എൺപത്തിരണ്ടാം വയസിൽ ആരാധ്യ എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കണം'; അഭിഷേക് ബച്ചൻ

Mail This Article
മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണ് എന്നാണ് പറയുക. അത് അങ്ങനെ തന്നെയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചനും. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചൻ ഇക്കാര്യം വ്യക്തമാക്കിയത്. മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി മുന്നോട്ട് നയിക്കണമെന്നും ഇക്കാര്യത്തിൽ പിതാവ് അമിതാഭ് ബച്ചനാണ് തന്റെ മാതൃകയെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.
പിതാവാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും അദ്ദേഹത്തെ പോലെയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എൺപത്തിരണ്ട് വയസാകുമ്പോൾ മകൾ ആരാധ്യ തന്നെക്കുറിച്ച് ഇങ്ങനെ പറയണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. തന്റെ മാതാപിതാക്കളുടെ പെരുമാറ്റം നിരീക്ഷിച്ചാണ് താൻ പല കാര്യങ്ങളും പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ധിമുട്ടുള്ള സമയങ്ങളിൽ മാതാപിതാക്കളുടെ പിന്തുണ തേടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ കുടുംബത്തിന്റെ അഭിപ്രായം തനിക്ക് വളരെയേറെ പ്രധാനമാണെന്ന് നടൻ പറഞ്ഞു. തന്റെ മുത്തച്ഛനും ഇതിഹാസ കവിയുമായ ഹരിവംശ് റായി ബച്ചനോടുള്ള നന്ദി അദ്ദേഹം അറിയിക്കുകയും ചെയ്തു. അദ്ദേഹം കാരണമാണ് തനിക്ക് ഇത്രയും പ്രശസ്തമായ കുടുംബപ്പേര് ലഭിച്ചതെന്നും അഭിഷേക് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ആ പേര് പതിഞ്ഞത് മുത്തച്ഛൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മുത്തച്ഛൻ ഒരു കവി ആയിരുന്നെന്നും എന്നാൽ താനും തന്റെ മാതാപിതാക്കളും ഭാര്യയും അഭിനേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിയേറ്റിവിറ്റിക്ക് അപ്പുറം തന്റെ മകൾക്കു വേണ്ടി എന്തെങ്കിലും ബാക്കി വെക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് അഭിനയത്തിനും അപ്പുറം താൻ ചെയ്യുന്ന ജോലിയെ അത് നേടാനുള്ള ശ്രമമായി കാണുന്നതെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി. മകൾ ആരാധ്യയും വരും തലമുറകളും അവരുടെ മുൻതലമുറയെ ബഹുമാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു