ഉറക്കത്തിനിടയില് എഴുന്നേറ്റു നടക്കൽ; കുട്ടിയെ കുറ്റപ്പെടുത്തുന്നതു കൊണ്ട് പ്രയോജനമുണ്ടോ?

Mail This Article
ചോദ്യം : എന്റെ മകൻ ഒന്നു രണ്ടു തവണ രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റു നടക്കുകയുണ്ടായി. അവന് അതിനെക്കുറിച്ചു ഓർമയൊട്ടുമില്ല. പേടിക്കേണ്ട കാര്യമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ടാണ്?
ഉത്തരം : ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ട് എന്നതിനു വ്യക്തമായ ഉത്തരം ഇല്ല. പല കാരണങ്ങളുമായി ബന്ധപ്പെട്ട് ഈ ശീലം കാണാറുണ്ട്. മാനസിക സമ്മർദം ഒരു കാരണമാണ്. അതുപോലെ ദിവസവും ആവശ്യത്തിന് ഉറങ്ങാതിരിക്കുക, ഉറങ്ങുന്ന സമയത്തിന് കൃത്യത ഇല്ലാതിരിക്കുക എന്നിവയുമായി ബന്ധപ്പെട്ടും ഈ സ്വഭാവം കാണാറുണ്ട്. ഒരുപാടു ക്ഷീണിച്ച് ഉറങ്ങിയാലും തൃപ്തികരമായ രീതിയിൽ ഉറക്കം കിട്ടാതിരുന്നാലും ഇങ്ങനെ ഉണ്ടാകാനിടയുണ്ട്. പനിയോ മറ്റ് അസുഖങ്ങളോ ഉള്ളപ്പോൾ കുട്ടികൾ ഉറക്കത്തിൽ എഴുന്നേറ്റു നടക്കാനുള്ള സാധ്യത കൂടുതലാണ്. ജനിതക ഘടകങ്ങൾക്കും പങ്കുണ്ട് എന്നതുകൊണ്ട് ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന സ്വഭാവം പാരമ്പര്യമായി ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് അത്ര ബേജാറാകേണ്ട ഒരു കാര്യം അല്ല. മിക്ക കുട്ടികളിലും ഒരു പ്രായം കഴിയുമ്പോൾ ഈ സ്വഭാവം മാറുന്നതായാണു കണ്ടുവരുന്നത്.
ഉറക്കത്തിൽ നടക്കുന്ന ശീലം മാറുന്നതിനു വേണ്ടത്, നേരത്തേ പറഞ്ഞ, അതുമായി ബന്ധപ്പെട്ട കാരണങ്ങൾ ഒഴിവാക്കുക ആണ്. ഉറക്കത്തിന് ഒരു ചിട്ട ഉണ്ടാക്കുക. കൃത്യസമയത്ത് ഉറങ്ങുന്നുണ്ടെന്നും ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്നും ഉറപ്പു വരുത്തുക. ഉറങ്ങാൻ കിടക്കുന്നതിനു മുൻപു ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കുക. അതുപോലെ ഉറങ്ങുന്നതിനു മുൻപുള്ള ഒരു മണിക്കൂർ സമയം മൊബൈൽ, ടിവി തുടങ്ങിയ സ്ക്രീനുകൾ ഉപയോഗിക്കാതിരിക്കുക, മനസ്സ് ശാന്തമായി ഉറങ്ങാനുള്ള അവസരം ഉണ്ടാക്കുക എന്നിവയൊക്കെ ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന സ്വഭാവം മാറാൻ സഹായിക്കും.
ഉറക്കത്തിൽ നടക്കുന്നതു കൊണ്ട് അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അതിനായി തട്ടി വീണ് അപകടം ഉണ്ടാകാൻ സാധ്യതയുള്ള കൂർത്ത മുനയുള്ള വസ്തുക്കളും മറ്റും കുട്ടി നടക്കാൻ സാധ്യതയുള്ള വഴിയിൽ നിന്നു മാറ്റി വയ്ക്കുക. വാതിലുകൾ ശരിയായി അടയ്ക്കുകയും തുറന്നു പുറത്തു പോകാൻ പറ്റാത്ത രീതിയിൽ കുറ്റിയിടുകയും ചെയ്യുക. വീണ് അപകടം പറ്റാൻ സാധ്യതയുള്ള സ്ഥലത്തുറങ്ങുന്നത് ഒഴിവാക്കുക.
ഉറക്കത്തിൽ നടക്കുന്നതിന്റെ പേരിൽ കുട്ടിയെ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും കൊണ്ട് ഒരു പ്രയോജനവുമില്ല. അത് മറ്റു തരത്തിലുള്ള മാനസികപ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുക മാത്രമാണു ചെയ്യുക. കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു വിദഗ്ധ ഡോക്ടറെ കാണിച്ചു ശാരീരികപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. രാത്രി ഒന്നിലധികം തവണ എഴുന്നേറ്റു നടക്കുക, വേണ്ടത്ര ഉറക്കം കിട്ടാത്തതുകൊണ്ട് പകൽ ഉറക്കം തൂങ്ങിയിരിക്കുക, അറിയാതെമൂത്രം പോകുക, അപസ്മാരം പോലുള്ള ചേഷ്ടകൾ കാണിക്കുക, ശ്വാസതടസ്സം പോലെ ഉണ്ടാകുക എന്നിവയൊക്കെ ഉണ്ടെങ്കിൽ നിശ്ചയമായും ഡോക്ടറുടെ സഹായം തേടണം.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) മുൻ ഡയറക്ടറാണ്)