ഇങ്ങനെ ടോക്സിക് ആകരുത് പേരന്റിങ്; കുട്ടികൾ നിങ്ങളിൽ നിന്ന് അകന്നേക്കാം

Mail This Article
ന്യൂജെന്‍ കാലത്തെ വെല്ലുവിളികളിലൊന്നാണ് പേരന്റിങ്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും, തലതെറിച്ച കൊച്ചാണ് പറഞ്ഞാൽ കേൾക്കില്ല.. അറിഞ്ഞോ, അറിയാതെയോ ഇങ്ങനെ പറയുന്ന മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ നിർണായക പങ്കുവഹിക്കുന്നവരാണ് മാതാപിതാക്കൾ. നാം പറയുന്നതെല്ലാം അതേപോലെ കേൾക്കുന്നവരല്ല, ഇന്നത്തെ കുട്ടികൾ. അവരെ തല്ലി അനുസരിപ്പിക്കാം എന്ന മിഥ്യാധാരണയും ആർക്കും വേണ്ട. മാതാപിതാക്കൾ പറയുന്നതു കേൾക്കാൻ എന്തുകൊണ്ടാണ് കുട്ടികൾ തയ്യാറാകാത്തതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം ദൃഢമാകണമെങ്കിൽ ആദ്യം ഇരുവരും തമ്മിലുള്ള സംസാരങ്ങളും തുറന്നുപറച്ചിലുകളും ഉണ്ടാകണം. ടോക്സിക് പേരന്റിങ്ങിലൂടെ വളർത്താനാണ് ശ്രമിക്കുന്നതെങ്കിൽ മാതാപിതാക്കളുടെ സ്ഥാനം കുട്ടികളുടെ ഗുഡ് ബുക്കിന് പുറത്തായിരിക്കും. കുട്ടികൾ നിങ്ങൾ പറയുന്നത് കേൾക്കാതിരിക്കുന്നതിന് പിന്നിലെ കാരണമറിയാം...
അവർക്കും നൽകാം കുറച്ച് ശ്രദ്ധ
കുട്ടികൾ പറയുന്നത് കേൾക്കാനോ ആഗ്രഹങ്ങള്‍ കുറിച്ച് ചോദിച്ചറിഞ്ഞ് നിറവേറ്റുന്നതിനോ മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല. കരിയറും വീടും സ്വാർഥ താൽപര്യങ്ങൾക്കുമെല്ലാം മാതാപിതാക്കൾ പ്രഥമ പരിഗണന നൽകുമ്പോൾ, അവരുടെ മനസിൽ സ്ഥാനമില്ലെന്ന് കുട്ടികൾ അറിയാതെ ചിന്തിക്കുന്നു. എന്നെ വേണ്ടാത്തവരെ എനിക്കെന്തിനാ എന്ന ചിന്തയാണ് അവർ മാതാപിതാക്കളെ കേൾക്കാൻ തയാറാകാത്തതിന്റെ കാരണം.
നിന്നോട് അത് ചെയ്യരുതെന്നല്ലേ പറഞ്ഞത്
നീ അത് ചെയ്യരുത്, ഇത് ചെയ്യരുത്, അവരോട് മിണ്ടരുത്, കൂട്ടുകൂടരുത് എന്നൊക്കെ കുട്ടികളോട് പറയാത്ത മാതാപിതാക്കൾ ചുരുക്കമാണ്. മാതാപിതാക്കൾ ഒന്നും ചെയ്യാൻ അനുവദിക്കുന്നില്ലെന്നും നിയന്ത്രിക്കുകയാണെന്നുമുള്ള തോന്നല്‍ കുട്ടികളിൽ ഉണ്ടാകുന്നു. പേഴ്സണൽ ചോയ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടി വെമ്പൽ കൊള്ളുന്നവരായി മാറുമ്പോൾ മാതാപിതാക്കൾ പറയുന്നത് കേൾക്കാൻ അവർ തയാറാകില്ല.
കൺഫ്യൂഷൻ തീർക്കണമേ
ഞാൻ കൂട്ടുകാരുമൊത്ത് ഒരു സിനിമയ്ക്ക് പോയ്ക്കോട്ടെ? ഈ ചോദ്യത്തിന് മൗനം മാത്രം മറുപടി നൽകുന്ന മാതാപിതാക്കളുണ്ട്. അനുവാദമാണോ, വിലക്കാണോ എന്നൊന്നും അറിയാതെ കുട്ടികളെ ഇത് കൺഫ്യൂഷനിലേക്ക് തള്ളിവിടുന്നു. അതുകൊണ്ടു തന്നെ അവർക്ക് മനസിലാകുന്ന രീതിയിൽ മാതാപിതാക്കൾ കുട്ടികളോട് സംസാരിച്ചാൽ അവർ നിങ്ങളെ കേൾക്കും.
അവരെ കണ്ട് പഠിക്കെന്ന് പറയുന്നതിന് മുന്നേ
നീ അവളെ, അവനെ കണ്ട് പഠിക്ക് ഇവിടെ എന്ത് കുറവാണ് നിനക്കുള്ളത്. ഇങ്ങനെ കുട്ടികളെ അവരുടെ സുഹൃത്തുകളുമായി താരതമ്യം ചെയ്യാതിരിക്കുക. ഇത് നിങ്ങളെ കേൾക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു.
ആവശ്യമില്ലാതെ വിലക്കരുത്
പഠിക്കണ്ട പ്രായത്തിൽ പഠിക്കണം, അല്ലാതെ കളിച്ച് നടക്കരുത്. മക്കളോട് ഇത് പറയാത്ത എത്ര മാതാപിതാക്കളുണ്ട്? പലപ്പോഴും അവരുടെ ഇഷ്ടങ്ങൾ എന്തെന്ന് തിരിച്ചറിയാതെ ഇഷ്ടങ്ങൾ മക്കളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറുണ്ട്. വിലക്കുകൾ മറികടന്ന് ഓരോന്ന് ചെയ്യാൻ അവരെ അതു പ്രേരിപ്പിക്കുന്നു. എന്തുകൊണ്ടാണ് വിലക്കുന്നതെന്ന് അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണം.
ചില ധിക്കാരങ്ങൾ ശ്രദ്ധയ്ക്ക് വേണ്ടി
ചില സമയങ്ങളിൽ അനാവശ്യ കാര്യങ്ങൾ പോലും കുട്ടികൾ വന്ന് പറയുന്നതായി നമുക്ക് തോന്നും. നമ്മൾ അവരെ ശ്രദ്ധിക്കുന്നുവെന്ന തോന്നൽ ഉണ്ടാകാന്‍ വേണ്ടിയാണ് ഇങ്ങനെയുള്ള പറച്ചിലുകൾ. നമ്മുടെ മറുപടികളെ അവർ എതിർക്കുന്നത് ഈ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ്.
സമയം മാറ്റി വയ്ക്കാം
കുട്ടികളുമായി സംസാരിക്കാനും മറ്റുമായി മാതാപിതാക്കൾ സമയം മാറ്റി വയ്ക്കാറില്ല. ഇത് കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റും. അതുപോലെ തന്നെ അവർ പറയുന്നത് നിങ്ങൾക്ക് മനസിലാകില്ലെന്ന തോന്നലും നിങ്ങളെ കേൾക്കാതിരിക്കാനുള്ള ഒരു കാരണമാണ്.