വരവറിഞ്ഞ് ചെലവഴിക്കണം, കുട്ടികളിൽ വളർത്താം സമ്പാദ്യശീലം

Mail This Article
ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്.. പുതിയ കാലത്ത് നാം ഏറെ ചർച്ച ചെയ്യുന്ന കാര്യമാണ്. സ്വന്തമായി പണം സമ്പാദിച്ചു തുടങ്ങിയാലും പലരും സമ്പാദ്യശീലം തുടങ്ങണമെന്നില്ല. വിദ്യാഭ്യാസത്തിനും ജീവിതമൂല്യത്തിനുമൊപ്പം സാമ്പത്തിക ഭദ്രതയും വേണം. എന്നാൽ നമ്മുടെ കുട്ടികൾക്കോ? പഠിക്കാൻ പറയുന്ന സമയത്ത് ഒരു വട്ടമെങ്കിലും കുട്ടികളോട് സമ്പാദ്യശീലത്തെക്കുറിച്ചും പണം എങ്ങിനെ സൂക്ഷിച്ച് ഉപയോഗിക്കാം എന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടോ? ഇത് ഭാവിയിൽ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ സഹായിക്കും. കുട്ടികൾ ചോദിക്കുമ്പോൾ തന്നെ പണം എടുത്ത് നൽകുന്നവരാണ് പല മാതാപിതാക്കളും. ട്രെൻറിന് അനുസരിച്ച് നടക്കാൻ കുട്ടികൾ പണം ചെലവഴിക്കുമ്പോൾ സമ്പാദ്യ ശീലം, പണം കൈകാര്യം ചെയ്യുന്ന രീതി എന്നിവയെ കുറിച്ച് അവരിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അധ്യാപകരേക്കാൾ കൂടുതൽ ഈ വിഷയത്തിൽ കുട്ടികൾക്ക് അറിവ് പകർന്നു നൽകാൻ മാതാപിതാക്കൾക്കു സാധിക്കും.
പോക്കറ്റ് മണി
കുട്ടികൾ വളരുന്തോറും അവർക്ക് നൽകുന്ന പോക്കറ്റ് മണിയിലും വ്യത്യാസം വരും, ലഭിക്കുന്ന പോക്കറ്റ് മണിയിൽ നിന്ന് ഒരു ഭാഗം നിക്ഷേപിക്കാൻ ചെറു പ്രായത്തിൽ തന്നെ അവരെ പ്രാപ്തമാക്കുക. സൈക്കിൾ, ക്രിക്കറ്റ് ബാറ്റ്, വാച്ച് തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കണം സമ്പാദ്യശീലം തുടങ്ങാൻ പ്രേരിപ്പിക്കേണ്ടത്.
അടുക്കള ബജറ്റ്
മാസത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ അടുക്കള ബജറ്റ് തയ്യാറാക്കാം തുടർന്നുള്ള ഷോപ്പിംഗിലും കുട്ടികളെ കൂടെ കൂട്ടാം. പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ഇതിലൂടെ കുട്ടികൾക്ക് അറിവ് പകർന്ന് നൽകാം.
മന്തിലി പ്ലാനർ
ഒരു മാസം ലഭിക്കുന്ന വരുമാനവും വാട്ടർ ബിൽ, ഇലക്ട്രിറ്റി ബിൽ മുതലായ ചെലവുകളും മന്തിലി പ്ലാനറിൽ കൃത്യമായി രേഖപ്പെടുത്തണം. ഇതിലൂടെ കുടുംബകാര്യങ്ങൾക്കായി ചെലവഴിച്ചതും നീക്കി വച്ചിരിക്കുന്നതുമായ തുക എത്രയെന്ന് അറിയാം. ചെലവ് കൂടുതൽ പ്രതീക്ഷിക്കുന്ന കാര്യത്തിന് വേണ്ടി അനാവശ്യകാര്യം മാറ്റി വയ്ക്കുന്നത് നല്ലതാണ്. കടം വാങ്ങാതെ മുന്നോട്ട് പോകാൻ ഇത് ഉപകരിക്കും. ഇങ്ങനെ പണത്തിന്റെ ക്രയവിക്രയത്തെക്കുറിച്ച് കുട്ടികൾ മനസിലാക്കുന്നു.
വരവും, നീക്കിയിരിപ്പും
പ്രായത്തിനനുസരിച്ചുള്ള സമ്പാദ്യശീലം കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. കോളജിൽ പഠിക്കുന്നവർക്ക് പലപ്പോഴും പണം തികയാതെ വരും. ഈ ഘട്ടത്തിൽ പണം സമ്പാദിക്കുന്നതിനെ കുറിച്ച് പറഞ്ഞ് മനസിലാക്കണം. കാർവാഷിംഗ്, ട്യൂഷൻ, പാർട്ട് ടൈം മുതലായ ജോലികളിലൂടെ കുട്ടികൾക്ക് പണം സമ്പാദിക്കാം. ഈ പണം അവർ നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
സ്റ്റുഡൻറ്സ് സേവിംഗ്സ് അക്കൗണ്ട്
കുട്ടികൾക്കായി പല ബാങ്കുകളും സീറോ ബാലൻസ് അക്കൗണ്ടുകൾ നൽകുന്നുണ്ട്. കുട്ടികൾക്ക് എത്ര ചെറിയ തുക വേണമെങ്കിലും ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം.