വർധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ‘കോണ്ടക്ട് ഡിസോർഡ’റും; കുടുംബാന്തരീക്ഷത്തിലും വേണം മാറ്റം

Mail This Article
ചോദ്യം : കുറ്റവാളികളായ കുട്ടികളെ ജയിലിൽ പാർപ്പിക്കുന്നതിനെതിരെ ഈയിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. എന്തുകൊണ്ടാണ് കുട്ടികൾ കുറ്റവാളികൾ ആകുന്നത്? കുട്ടികളെ കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
ഉത്തരം : ജീവിതസാഹചര്യങ്ങൾക്ക് കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വലിയ പങ്കുണ്ട്. അനാരോഗ്യകരമായ കുടുംബാന്തരീക്ഷം ആണ് കുട്ടികളിലെ സ്വഭാവവൈകല്യങ്ങൾക്കു വലിയ അളവിൽ കാരണം ആകുന്നത്. സ്ഥിരമായി വഴക്കും വക്കാണവും ലഹരി ഉപയോഗവും ഉള്ള കുടുംബങ്ങൾ, അനാരോഗ്യകരമായ രീതിയിൽ അച്ഛനമ്മമാർ തമ്മിൽ പിരിഞ്ഞിരിക്കുന്ന കുടുംബങ്ങൾ, ദാരിദ്ര്യമോ മറ്റുകാരണങ്ങൾ കൊണ്ടോ കുട്ടികൾക്കു വേണ്ടത്ര പരിഗണനയും അംഗീകാരവും നൽകാൻ കഴിയാത്ത കുടുംബങ്ങൾ - ഇത്തരം കുടുംബങ്ങളിൽ വളരുന്ന കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളിലും നല്ലൊരു പങ്ക് ഇത്തരം കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികളാണ്. അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന കുട്ടികൾ പിന്നീട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കുടുംബാന്തരീക്ഷം പോലെ തന്നെ പ്രധാനമാണ് സ്‌കൂളിലെ അന്തരീക്ഷവും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളിൽ സ്‌കൂളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളുടെയും പഠനത്തിൽ പിന്നാക്കം ഉള്ള കുട്ടികളുടെയും എണ്ണം കൂടുതലാണ്. പ്രത്യാഘാതത്തെക്കുറിച്ചു ചിന്തിക്കാതെ എടുത്തുചാടി അപകടകരമായ കാര്യങ്ങൾ ചെയ്യുന്നതിനും പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും കൗമാരമനസ്സിന് പൊതുവേ ഉള്ള താൽപര്യം കുറ്റകൃത്യങ്ങൾക്കു പ്രേരണയാകാറുണ്ട്.

കൗമാരപ്രായക്കാരിൽ കൂടി വരുന്ന ലഹരി ഉപയോഗം ആണ് മറ്റൊരു പ്രധാന വില്ലൻ. പലപ്പോഴും കുറ്റകരമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒറ്റയ്ക്കല്ല, മറിച്ചു കൂട്ടുകാർ ഒപ്പം ചേർന്ന് ഒരു സംഘം ആയിട്ടാണ്. കൂട്ടുകാരുടെ സമ്മർദങ്ങൾക്ക് വഴങ്ങുന്ന മാനസികാവസ്ഥയാണ് കൗമാരപ്രായത്തിലുള്ളത്. തുടർച്ചയായി കളവു പറയുക, മോഷണം പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, അക്രമവാസന പ്രകടിപ്പിക്കുക, മനുഷ്യരോടു മാത്രമല്ല മൃഗങ്ങളോടും മറ്റു ജീവികളോടും അനുകമ്പയും സഹാനുഭൂതിയും ഇല്ലാതെ പെരുമാറുക, ക്രൂരതകൾ കാണിക്കുക തുടങ്ങിയ സ്വഭാവപ്രത്യേകതകൾ ഉള്ള കോണ്ടക്ട് ഡിസോർഡർ എന്ന മാനസികപ്രശ്നം ഉള്ള കൗമാരപ്രായക്കാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്വഭാവവൈകല്യങ്ങൾ ഉണ്ടാകുന്നതിന് ജനിതകഘടകങ്ങൾക്കും ജീവിതസാഹചര്യങ്ങൾക്കും ഒരുപോലെ പങ്കുണ്ട്. കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്ന കുട്ടികൾക്ക് ജയിൽശിക്ഷ നൽകുന്നതിനു പകരം അവർക്കു നല്ല ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനാവശ്യമായ കൗൺസലിങ്ങും മറ്റു ചികിത്സകളും നൽകുകയാണു വേണ്ടത്.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) മുൻ ഡയറക്ടറാണ്)