ADVERTISEMENT

കുട്ടിക്കാലമാണ് ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. അച്ഛന്റെയും അമ്മയുടെയും തണൽ തരുന്ന സുരക്ഷിതത്വത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം. എന്നാൽ, സ്കൂൾ ജീവിതം കഴിയുന്നതോടെ പതിയെ ഉന്നതപഠനത്തിനായും മറ്റും വീടു വിട്ട് കുട്ടികൾ പുറത്തേക്ക് ഇറങ്ങണം. അവിടെ അവരെ കാത്തിരിക്കുന്നത് പുതിയ വ്യക്തികളും സാഹചര്യങ്ങളും ആയിരിക്കും. അത്തരത്തിൽ പുറം ലോകത്തെ അഭിമുഖീകരിക്കാൻ തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ ചില കാര്യങ്ങൾ നിർബന്ധമായും മനസ്സിലാക്കിയിരിക്കണം.

ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക
ജീവിതത്തിൽ അടിസ്ഥാനമായും ഏറ്റവും നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ലക്ഷ്യബോധം ഉണ്ടായിരിക്കുക എന്നത്. ലക്ഷ്യബോധത്തിന് ഒപ്പം തന്നെ വേണ്ട ഒന്നാണ് സ്വയം നിയന്ത്രണവും. മുൻകൂട്ടി നിശ്ചയിച്ച് കാര്യങ്ങൾ ചെയ്യാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും കൃത്യമായ ദിനചര്യ ഉണ്ടാക്കിയെടുക്കാനും ശ്രദ്ധിക്കണം. ഇത് കുട്ടികളിൽ സുരക്ഷിതത്വ ബോധവും സ്വയം നിയന്ത്രണവും വളർത്തിയെടുക്കും. ഓരോ ദിവസവും എന്താണ് ചെയ്യേണ്ടതെന്നാണ് പറഞ്ഞുകൊടുത്ത് കുട്ടികളെ മാതാപിതാക്കൾക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

LISTEN ON

മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കാൻ
സ്വന്തം അഭിപ്രായത്തിന് വേണ്ടി ഉറച്ചു നിൽക്കുമ്പോഴും മറ്റൊരാളുടെ അഭിപ്രായത്തെ മാനിക്കാനും ബഹുമാനിക്കാനും ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണം. ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തും മറ്റുള്ളവരുടെ വൈകാരികമായ ഇടപെടലുകളെ നിരീക്ഷിച്ചും ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. മിക്ക കുട്ടികളിലും ഈ ഒരു കഴിവ് ഉണ്ടാകാൻ ഇടയില്ല. അതുകൊണ്ടു തന്നെ ദൈനംദിന ഇടപെടലുകളിലൂടെ വേണം കുട്ടികളെ ഇത്തരം ഒരു രീതീയിലേക്ക് മാറ്റി എടുക്കാൻ.

ആശയവിനിമയം വളർത്തിയെടുക്കുക
കുട്ടികളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കഴിവുകളിൽ ഒന്നാണ് മികച്ച ആശയവിനിമയം. ജീവിതത്തിൽ വിജയിക്കാൻ നന്നായി ആശയവിനിമയം നടത്താനുള്ള കഴിവ് നിർബന്ധമാണ്. മികച്ച സാമൂഹ്യബന്ധങ്ങൾ രൂപപ്പെടുത്തി എടുക്കാൻ നല്ല ആശയവിനിമയത്തിന് മാത്രമേ കഴിയുകയുള്ളൂ. മറ്റുള്ളവരെ അഭിവാദ്യം ചെയ്യാനും ശ്രദ്ധയോടെ കേൾക്കാനും കുട്ടികളെ ശീലിപ്പിക്കണം. വീട്ടിലുള്ള മുതിർന്നവരുമായി നിരന്തരം സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിലെ ആശയവിനിമയത്തിനുള്ള കഴിവ് വർദ്ധിപ്പിക്കും.

വിമർശന ബുദ്ധിയോടെ സമീപിക്കട്ടെ
കുട്ടികൾ എന്ത്, എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങളുമായി നിരന്തരം നിങ്ങളെ സമീപിക്കുമ്പോൾ അതിന് കൃത്യമായി മറുപടി നൽകി ശീലിക്കുക. ഉത്തരങ്ങൾ നൽകുന്നതിന് ഒപ്പം ഉത്തരങ്ങൾ സ്വയം കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക. യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങളെ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ച് അതിന് ഒരു പരിഹാരം കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുക. യുക്തിസഹമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് പസിലുകൾ, കടങ്കഥകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. ചെസ് പോലുള്ളവയിൽ താൽപര്യം വളർത്തുന്നത് യുക്തിപരമായ കാര്യങ്ങളെ സമീപിക്കാൻ കുട്ടികളെ പ്രാപ്തരാക്കും. ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ സ്വന്തമായി തീരുമാനം എടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.

LISTEN ON

വെല്ലുവിളികളിൽ നിന്ന് ഓടിയൊളിക്കരുത്
തോൽവികളിൽ തളരാതിരിക്കാനാണ് കുട്ടികളെ നിർബന്ധമായും പഠിപ്പിച്ചിരിക്കേണ്ട മറ്റൊരു കാര്യം. പ്രതിസന്ധി ഘട്ടങ്ങളിൽ പൊരുതി നിൽക്കാനും വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടാതിരിക്കാനും കുട്ടികളെ പ്രാപ്തരാക്കണം. ഒരു തോൽവി ഉണ്ടായിൽ അതിനെ സധൈര്യം നേരിടാനും ആരോഗ്യകരമായ റിസ്കുകൾ എടുക്കാനും മാതാപിതാക്കൾ കുട്ടികളെ ശീലിപ്പിക്കണം. 

മാതാപിതാക്കളുടെ ചിറകിൻ കീഴിൽ നിന്ന് ലോകത്തിന്റെ അനന്തവിഹായസ്സിലേക്ക് കുട്ടികൾ പറന്നുയരുമ്പോൾ ചിറകുകൾ തളരാതിരിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അവരെ പഠിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ സധൈര്യത്തോടെ ലോകത്തിന് മുമ്പിൽ നിൽക്കാനും പ്രതിസന്ധികളെയും വെല്ലുവിളികളെയും ധൈര്യപൂർവം നേരിടാനും അവർക്ക് സാധിക്കുകയുള്ളൂ.

English Summary:

Prepare Your Child for Adulthood: Essential Skills for Success & Happiness

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com