‘െഎക്യു’ മാത്രം പോര; മക്കൾ മിടുക്കരാകാൻ വേണം 8 ശേഷികൾ

Mail This Article
നമ്മുടെ കുട്ടികളുടെ മുന്നിലുള്ളത് കുറച്ചുകൂടി മത്സരാത്മകമായ ഒരു ലോകമാണ്. അക്കാദമികമായ പഠനമികവു കൊണ്ടു മാത്രം ഇന്നത്തെ ലോകത്ത് വിജയിക്കാന്‍ നിങ്ങളുടെ കുട്ടിക്കു സാധിച്ചെന്നു വരില്ല. ചില പ്രായോഗികശേഷികളും നൈപുണ്യങ്ങളും ആർജിച്ചെടുക്കുന്നത് അവരെ ഭാവിക്കായി തയാറെടുപ്പിക്കും.
1. ഡിജിറ്റല്‍ സാക്ഷരത
എന്റെ കുട്ടി ഫോണിന് അടിമയാകുന്നേ എന്നു പറഞ്ഞ് അവരുടെ കയ്യില്‍നിന്ന് അവ തട്ടിപ്പറിച്ച് മാറ്റിവച്ചിട്ടു കാര്യമില്ല. ഉത്തരവാദിത്തത്തോടെ മിതമായ സമയക്രമം അനുസരിച്ച് അവ ഉപയോഗിക്കാന്‍ അവരെ പഠിപ്പിക്കുകയാണു വേണ്ടത്. പുതിയ ലോകക്രമത്തില്‍ ഡിജിറ്റല്‍ നിരക്ഷരരായി അവര്‍ തുടരുന്നത് അവരെ മറ്റുള്ളവരുടെ പിന്നിലാക്കും. ഇതിനാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സൈബര്‍ സുരക്ഷയും നിത്യജീവിതത്തില്‍ ഉപയോഗമുള്ള ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വെയറുകളുമൊക്കെ നിങ്ങളുടെ കുട്ടിയും അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
2. വൈകാരിക ബുദ്ധി
ഇനിയുള്ള കാലത്ത് വെറും ഐക്യു മാത്രം ഉണ്ടായിട്ടു കാര്യമില്ല. ഇമോഷണല്‍ ഇന്റലിജന്‍സ് അഥവാ വൈകാരികബുദ്ധിയും ആവശ്യമാണ്. വികാരങ്ങളെ മനസ്സിലാക്കാനും അവയെ നിയന്ത്രിക്കാനുമുള്ള ശേഷി വ്യക്തിപരവും പ്രഫഷനലുമായ ബന്ധങ്ങളില്‍ നിർണായകമാണ്. സഹാനുഭൂതിയും സ്വയം അവബോധവും പ്രശ്‌നപരിഹാര ശേഷിയുമൊക്കെ കുട്ടിയെ പഠിപ്പിക്കുന്നത് അർഥപൂര്‍ണമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടിയെ സഹായിക്കും.
3. ക്രിയാത്മക ചിന്ത
നിര്‍മിതബുദ്ധിയും ഓട്ടമേഷനുമൊക്കെ ലോകം കീഴടക്കുന്ന കാലത്ത് മനുഷ്യന് പ്രസക്തനായി തുടരാന്‍ തന്റെ ക്രിയാത്മക, സർഗാത്മക ചിന്ത സഹായകമാകും. സാഹചര്യങ്ങളെ വിലയിരുത്താനും പല ഓപ്‌ഷനുകള്‍ വിശകലനം ചെയ്യാനും ബുദ്ധിപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കാനുമൊക്കെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ജീവിതത്തിലെ സങ്കീര്‍ണമായ വെല്ലുവിളികളെ നേരിടാന്‍ ഇതവരെ സഹായിക്കും

4. സാമ്പത്തികസാക്ഷരത
പണം സമ്പാദിക്കേണ്ടത് എങ്ങനെയാണെന്നും അവ സൂക്ഷിച്ചുവയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുടുംബബജറ്റിങ്ങിനെക്കുറിച്ചുമെല്ലാം കുട്ടിയെ പഠിപ്പിക്കുക. സമ്പാദ്യശീലമൊക്കെ ചെറുപ്പകാലത്തു തന്നെ അവരില്‍ വളര്‍ത്തുക.
5. ആശയവിനിമയശേഷി
വ്യക്തവും കാര്യക്ഷമവുമായി എങ്ങനെ എഴുത്തിലൂടെയും സംസാരത്തിലൂടെയും ആശയവിനിമയം ചെയ്യണം എന്നും കുട്ടി പഠിച്ചിരിക്കേണ്ടതുണ്ട്. തങ്ങളുടെ ആശയങ്ങള്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും മറ്റുള്ളവരെ ശ്രദ്ധയോടെ കേള്‍ക്കാനും പലതരം കേള്‍വിക്കാര്‍ക്ക് അനുസരിച്ച് ആശയവിനിമയശൈലി മാറ്റാനും അവരെ പഠിപ്പിക്കണം.
6. സാഹചര്യങ്ങൾക്കനുസരിച്ചു മാറാനുള്ള കഴിവ്
ജീവിതത്തിലെ പലതരം വെല്ലുവിളികൾക്കനുസരിച്ചു മാറാനും തിരിച്ചടികളില്‍നിന്നു തിരികെ വരാനുമുള്ള ശേഷിയും കുട്ടികളെ പഠിപ്പിക്കേണ്ടതാണ്. പരാജയങ്ങളില്‍ മനസ്സു മടുക്കാതെ വിജയത്തിനായി പ്രയത്‌നിക്കാനും അവരെ പരിശീലിപ്പിക്കണം..
7. ആഗോള, സാംസ്‌കാരികാവബോധം
പലതരം സംസ്‌കാരങ്ങള്‍, ഭാഷകള്‍ എന്നിവയുമായെല്ലാം കുട്ടികള്‍ക്ക് സമ്പര്‍ക്കമുണ്ടാക്കുന്നതും പുതിയ കാലത്തില്‍ അവരുടെ ജീവിതത്തെ സഹായിക്കും. വ്യത്യസ്‌ത സാഹചര്യങ്ങളില്‍ മറ്റുള്ളവരുമായി സഹകരിച്ച് ജീവിക്കാനും ആഗോള പൗരന്മാരായി സമൂഹത്തിനു സംഭാവനകള്‍ നല്‍കാനും ഇതവരെ സഹായിക്കും.
8. പാരിസ്ഥിതികാവബോധം
നാം ജീവിക്കുന്ന ഭൂമിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുമൊക്കെ നമ്മുടെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കേണ്ടതാണ്. സുസ്ഥിരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കണം. മാലിന്യം കുറയ്‌ക്കാനായി റീസൈക്ലിങ് ചെയ്യാനും ഊര്‍ജ സംരക്ഷണം നടപ്പാക്കാനുമൊക്കെ അവരെ പരിശീലിപ്പിക്കുക. ചെടി നട്ടു നനച്ച് വളര്‍ത്താനൊക്കെ നല്‍കുന്ന പ്രോത്സാഹനം കുറച്ചുകൂടി പാരിസ്ഥിതിക ബോധമുള്ളവരായി നിങ്ങളുടെ കുട്ടികളെ തീര്‍ക്കും.