ജോലി സ്ഥലത്തെ ഫ്രസ്ട്രേഷനും പങ്കാളിയോടുള്ള ദേഷ്യവും ഒക്കെ കുട്ടികളുടെ മേൽ തീർക്കാറുണ്ടോ?

Mail This Article
കുട്ടികളെ ക്രൂരമായി അടിക്കുന്നവരുടെ വിഡിയോകൾ ഇന്നു സോഷ്യൽ മീഡിയയിൽ ധാരാളം കാണാറുണ്ട്. ജോലി സ്ഥലത്തെ ഫ്രസ്ട്രേഷനും പങ്കാളിയോടുള്ള ദേഷ്യവും ഒക്കെ കുട്ടികളെ തല്ലി തീർക്കുന്നവരുണ്ട്. എന്നാൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് പഠനങ്ങൾ പറയുന്നു. ശാരീരിക ശിക്ഷാവിധികൾ ഭാവിയിൽ കുട്ടികളെ അക്രമാസക്തരാക്കുന്നുവെന്ന് ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ടെക്സാസ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പുതിയൊരു പഠനം പറയുന്നത് മേലുനോവുന്ന ശിക്ഷകൾ വാങ്ങിവളരുന്ന കുട്ടികൾ ഭാവിയിൽ തങ്ങളുടെ പങ്കാളികളെ ദേഹോപദ്രവം ഏൽപിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്.
അച്ഛനമ്മമാരിൽ നിന്നാണ് സാമൂഹിക മര്യാദകളും പരസ്പരം എങ്ങനെ പെരുമാറണമെന്ന പാഠവും കുട്ടികൾ പഠിക്കുന്നത്. എന്നാൽ മാതാപിതാക്കൾ തന്നെ ശരീരം വേദനിപ്പിച്ച് ശിക്ഷിക്കുമ്പോൾ സ്നേഹവും അക്രമവും തമ്മിലുള്ള അതിരുകളെക്കുറിച്ച് കുട്ടി ചിന്താക്കുഴപ്പത്തിലാകും. എന്നാൽ വല്ലപ്പോഴും നൽകുന്ന അടികളും മറ്റും കുട്ടിയിൽ നെഗറ്റീവായ സ്വാധീനമുണ്ടാക്കുന്നില്ല എന്ന് ഗവേഷകർ പറയുന്നു.
എത്ര അരിശം വന്നാലും എത്ര ക്ഷമകെട്ടാലും കുട്ടിയെ ശാരീരികമായി ശിക്ഷിക്കരുതെന്നു തന്നെയാണ് ഭൂരിഭാഗം പേരന്റിങ് വിദഗ്ധരും പറയുന്നത്. അതേപോലെ സ്വന്തം ദേഷ്യം തീരുംവരെ കുട്ടികളെ മർദ്ദിക്കുന്നതും ശരിയല്ല. കുട്ടിക്ക് ഇഷ്ടമുള്ള വസ്തുക്കൾ നൽകാതിരിക്കുന്നതും അവരെ കുറച്ചുസമയം തനിച്ച് ഒരിടത്ത് ഇരുത്തുന്നതും ഒക്കെ അടിയേക്കാൾ നല്ല ശിക്ഷാവിധികളാണ്. എന്തുകൊണ്ടാണ് കുട്ടിയെ ശിക്ഷിക്കേണ്ടി വന്നതെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ദേഷ്യപ്പെടുകയോ ശിക്ഷിക്കുകയോ ചെയ്ത ഉടനെ കുട്ടിയെ എടുത്ത് ലാളിക്കുകയോ കളിപ്പാട്ടങ്ങളും മറ്റും നൽകി ആശ്വസിപ്പിക്കുകയോ വേണ്ട. ചെയ്ത തെറ്റ് എന്താണെന്നു ബോധ്യപ്പെടുത്തിയ ശേഷം മതി സ്നേഹപ്രകടനങ്ങൾ.