‘രാത്രി മുഴുവൻ ഉറക്കമൊഴിച്ചു പഠിച്ചാലും മാര്‍ക്ക് കിട്ടാറില്ലേ?’; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Mail This Article
ചോദ്യം : എന്റെ മകൻ രാത്രി മുഴുവൻ ഉറക്കമൊഴിച്ചു പഠിക്കും. എന്നാലും പ്രതീക്ഷിച്ചത്ര മാര്‍ക്ക് കിട്ടാറില്ല. ഉറക്കം കളഞ്ഞു പഠിക്കുന്നതു കൊണ്ട് ദോഷമുണ്ടോ? ദൈനംദിന ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഉത്തരം : ചിട്ടയായി പഠിക്കാത്തതുകൊണ്ടാണ് പരീക്ഷയുടെ തലേന്ന് ഉറക്കം കളഞ്ഞ് പഠിക്കേണ്ടിവരുന്നത്. ആവശ്യത്തിന് ഉറങ്ങുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനും മനസ്സിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണ്. സാധാരണ ഒരാൾക്ക് ഒരു ദിവസത്തിൽ 7–8 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. കുട്ടികൾക്ക് മുതിർന്നവരെക്കാൾ ഉറക്കം ആവശ്യമാണ്. ചെലവാകുന്ന ഊർജം വീണ്ടെടുക്കുന്നതിനു വേണ്ടി കൂടുതൽ സമയം ഉറക്കം ആവശ്യമാണ്. അതുകൊണ്ട്, പരീക്ഷയുടെ തലേന്ന് നന്നായി ഉറങ്ങുകയാണു വേണ്ടത്. ഉറക്കം കുറയുന്നത് ശ്രദ്ധക്കുറവിനും ഓർമക്കുറവിനും കാരണമാകുകയും അങ്ങനെ പരീക്ഷ നന്നായി എഴുതാൻ പറ്റാതാവുകയും ചെയ്യും. പരീക്ഷക്കാലത്ത് കൂടുതൽ കാലം പഠിക്കുകയും ഓർമിക്കുകയും ചിന്തിക്കുകയും ഒക്കെ ചെയ്യുമ്പോൾ അത് മസ്തിഷ്കത്തിന്റെ പ്രവർത്തനം കൂട്ടുകയാണ്. മസ്തിഷ്കം കൂടുതൽ ജോലി ചെയ്യുകയാണ്. മസ്തിഷ്ക പ്രവർത്തനത്തിന് അപ്പോൾ കൂടുതൽ ഊർജം ആവശ്യമാണ്. അതുകൊണ്ട് പരീക്ഷാക്കാലത്ത് സമീകൃതാഹാരം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. നാര് കൂടുതലുള്ള ഭക്ഷണം (ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ) ധാരാളം കഴിക്കണം.
ആവശ്യത്തിന് മാംസ്യവും (പ്രോട്ടീൻ) കാർബോഹൈഡ്രേറ്റും ഭക്ഷണത്തിലുണ്ടാകണം. ഒരുപാട് കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക– ഉദാഹരണത്തിന്, പ്രഭാത ഭക്ഷണം പരീക്ഷക്കാലത്ത് ഒഴിവാക്കാൻ പാടില്ലാത്തതാണ്. ബ്രേക്ഫാസ്റ്റ് ബ്രെയിൻ ഫുഡ് ആണെന്നാണ് പറയുന്നത്. അതുപോലെ പരീക്ഷക്കാലത്ത് വിശ്രമവും പ്രധാനമാണ്. തുടർച്ചയായി 40–50 മിനിറ്റിൽ കൂടുതൽ പഠിച്ചു കഴിഞ്ഞാൽ 5–10 മിനിറ്റ് മനസ്സിന് വിശ്രമം കൊടുക്കുക. അത്രയും സമയം വെറുതേ ഇരിക്കുക. അല്ലെങ്കിൽ പുറത്തു നടക്കാൻ പോകുക. പരീക്ഷക്കാലത്തും വ്യായാമത്തിന് സമയം കണ്ടെത്തേണ്ടതുണ്ട്. ദിവസം അരമണിക്കൂർ അതിനു സമയം നീക്കി വയ്ക്കുക. പരീക്ഷാക്കാലത്ത് ഭക്ഷണം, ഉറക്കം, വ്യായാമം, വിശ്രമം, പഠനം എന്നിങ്ങനെ എല്ലാറ്റിനും സമയം മാറ്റി വച്ചു കൊണ്ട് ഒരു ദിനചര്യപ്ലാൻ ഉണ്ടാക്കുന്നത് വലിയ അളവിൽ പ്രയോജനം ചെയ്യും.