ADVERTISEMENT

സന്തോഷം,വെല്ലുവിളികള്‍,പഠനാവസരങ്ങൾ എന്നിവ നിറഞ്ഞ ഒരു യാത്രയാണ് രക്ഷകർതൃത്വം. കുട്ടികളുടെ വളർച്ച, വികസനം, പെരുമാറ്റം എന്നിവയെല്ലാം രക്ഷകർതൃത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികൾക്കു ഏറ്റവും മികച്ചതു നൽകാൻ നമ്മൾ ശ്രമിക്കുമ്പോൾ അവിടെ ചില തെറ്റുകൾ സംഭവിക്കാൻ സാധ്യതകളുണ്ട്, അത് സ്വാഭാവികവുമാണ്. ഒരു പൂർണ രക്ഷിതാവ് എന്നൊന്നില്ല എങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിയുന്ന ചില തെറ്റുകളുണ്ട്. നമ്മുടെ കുട്ടികളുടെ വളർച്ചയ്ക്കും ക്ഷേമത്തിനും ദോഷമാകുന്നത് ചെയ്യാതെയിരിക്കുക എന്നത് ഓരോ മാതാപിതാക്കളുടെയും പ്രാഥമികമായ കർത്തവ്യമാണ്. അതിനായി മാതാപിതാക്കൾ തിരിച്ചറിയേണ്ടതും ഒഴിവാക്കേണ്ടതുമായ 10 തെറ്റുകൾ ഏതൊക്കെയാണെന്നു അറിയാം. അതോടൊപ്പം  2025 കുട്ടികളിൽ ആത്മവിശ്വാസവും ബുദ്ധിയും ഒക്കെ വളർത്തുന്ന കരുതലുളള വർഷവുമാക്കി നമുക്ക് മാറ്റാം.

LISTEN ON

അമിത വിമർശനം 
കുട്ടികൾ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും ക്ഷമിച്ചുകളയാതെ അത് വലുതാക്കി കാണിക്കുന്നത് അവരിൽ മാനസിക സഘർഷം കൂട്ടുന്നു. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊപ്പം വളരാൻ കഴിയുന്നില്ല എന്ന തോന്നൽ കുട്ടികളുടെ ഉളളിൽ വിഷാദം, ഉത്കണ്ഠ,സമ്മർദ്ദം എന്നിവ സൃഷ്ടിക്കുന്നു. ഇത് കാരണം ചെയ്യാൻ ഉദ്ദേശിക്കുന്ന നല്ല കാര്യങ്ങൾ പോലും നിറവേറ്റാൻ അവർക്കു കഴിയാതെ വരുന്നു. ഇത് കുട്ടിക്കും മാതാപിതാക്കൾക്കും ഇടയിൽ അതിർവരമ്പുകൾ സൃഷ്ടിക്കാൻ കാരണമാകുന്നു. പരാജയ ഭീതി, ആത്മവിശ്വാസക്കുറവ്,തെറ്റുകൾ വരുത്തുമോ എന്ന ഭയം ഒക്കെ കുട്ടികളുടെ മനസിനെ അലട്ടുന്നു. അതിനാൽ ചെറിയ തെറ്റുകൾ ക്ഷമിച്ചുകളയാനും സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു കുട്ടികളെ ബോധ്യപ്പെടുത്താനും മാതാപിതാക്കൾ ശ്രമിക്കണം.

LISTEN ON

വികാരങ്ങളെ അവഗണിക്കൽ
കുട്ടികളുടെ വികാരങ്ങളെ അവഗണിക്കുന്നത് അവരെ മാതാപിതാക്കളിൽ നിന്നു അകറ്റും. കുട്ടികളെ മനസിലാക്കാനും കേൾക്കാനും അവരോട് ആശയവിനിമയം നടത്താനും മാതാപിതാക്കൾ സമയം കണ്ടെത്തണം. നമ്മുടെ തിരക്കുകൾ അവരുടെ ജീവിതത്തെ ബാധിക്കാൻ അനുവദിക്കരുത്. അവർ പങ്കുവെയ്ക്കുന്ന ആശയങ്ങൾ അപ്രധാനമെന്നു കരുതി തളളിക്കളയരുത്. കുട്ടികളെ കേൾക്കാതെ പോകുക എന്നത് അവരോടു ചെയ്യുന്ന വലിയ തെറ്റാണ്.

Representative image. Photo Credits: Shutterstock.com
Representative image. Photo Credits: Shutterstock.com

അമിത നിയന്ത്രണം
ചില മാതാപിതാക്കൾ തീരുമാനങ്ങൾ എടുക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ കുട്ടികളിൽ ഏർപ്പെടുത്തുന്നു. അനുസരണയുളള ഒരു കുട്ടിയെ രൂപപ്പെടുത്തിയെടുക്കുവാൻ വേണ്ടി ചെയ്യുന്ന അമിത നിയന്ത്രണം പലപ്പോഴും ദോഷമായിട്ട് മാറുകയാണ് ചെയ്യുന്നത്. അടിച്ചേൽപ്പിക്കപ്പെട്ട നിയന്ത്രണത്തിനെതിരെ കുട്ടി മൽസരിക്കുകയും ഞാൻ ഒന്നിലും ഉൾപ്പെടുന്നില്ല എന്ന മനോഭാവം അവരിൽ ഉടലെടുക്കുവാനും കാരണമാകുന്നു. കുട്ടികളുടെ എല്ലാ കാര്യങ്ങളും മാതാപിതാക്കൾ നിയന്ത്രിക്കുന്നതിനു പകരം പ്രായത്തിനനുസരിച്ച് തക്കതായ തീരുമാനങ്ങൾ  എടുക്കുവാൻ അവരെ അനുവദിക്കുക. ഇത് പിഴവുകളിൽ നിന്നു പഠിക്കുവാനുളള അവസരം അവർക്കു നൽകും.

താരതമ്യം ചെയ്യൽ
സഹോദരങ്ങളെയും സുഹൃത്തുക്കളെയും താരതമ്യം ചെയ്യുന്നത് കുട്ടികളുടെ മനസിൽ അസൂയയും നിരാശയും സൃഷ്ടിക്കും. പകരം ഓരോ കുട്ടിയുടെയും കഴിവുകൾ അംഗീകരിക്കുക. കുട്ടികൾക്കു എന്തെങ്കിലും കാര്യത്തിൽ പരാജയം സംഭവിച്ചാൽ  അവരെ വീണ്ടും പ്രോൽസാഹിപ്പിക്കുന്നതിനും ധൈര്യം കൊടുക്കുന്നതിനും പകരം അവരോട് മറ്റുളളവരെ ചേർത്തു താരതമ്യം ചെയ്യുന്നത്  അവരുടെ ആത്മവിശ്വാസം കെടുത്തും. അത്തരം പ്രവർത്തികൾ ഒരിക്കലും ചെയ്യാതിരിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

LISTEN ON

കഠിനമായ ശിക്ഷ
ശാരീരികമായോ വാക്കുകളിലൂടെയോ കഠിനമായ ശിക്ഷകൾ കൊടുക്കുന്നത് കുട്ടികളുടെ മനസിന് താങ്ങാൻ കഴിയുകയില്ല. കുട്ടികൾക്കു മാതാപിതാക്കളോടുളള വൈകാരികമായ അടുപ്പം കുറയും. അടിച്ചു നേടേണ്ടതല്ല അച്ചടക്കം എന്നതു മാതാപിതാക്കൾ മനസിലാക്കണം. അമിതമായ ശിക്ഷാനടപടികൾ കുട്ടികളിൽ അക്രമണ വാസന കൂട്ടാനേ കാരണമാവുകയുളളു. മാതാപിതാക്കളോട് ഭയവും അവിശ്വാസവും ഇത് വളർത്തിയെടുക്കാം. അതിനാൽ കുട്ടികളിൽ നിന്നു നല്ല പെരുമാറ്റം ലഭിക്കുവാനുളള ഏറ്റവും നല്ല മാർഗം അവരോടു നന്നായി പെരുമാറുക എന്നതാണ്.

Representative image. Photo credits :PeopleImages/istock.com
Representative image. Photo credits :PeopleImages/istock.com

കുട്ടികളുടെ വാശിക്കു വഴങ്ങികൊടുക്കുക
കുട്ടികളുടെ വാശികൾക്കു എപ്പോഴും വഴങ്ങി കൊടുക്കുന്നത് ഒഴിവാക്കേണ്ട  ഒരു തെറ്റാണ്. കുട്ടികൾ ആവശ്യപ്പെടുന്നത് എല്ലാം സാധിച്ചു കൊടുക്കുമ്പോൾ എപ്പോഴും അവർ ആഗ്രഹിക്കുന്നത് ലഭിക്കില്ല എന്ന് മനസിലാക്കാനുളള  അവസരം നിഷേധിക്കപ്പെടുന്നു.അത് അവരിൽ പിടിവാശി കൂട്ടാൻ കാരണമാകുന്നു. കുട്ടി പിടിവാശി കാണിക്കുന്ന സമയങ്ങളിൽ ശാന്തത പാലിച്ചു കൊണ്ട് അന്തരീക്ഷം ശാന്തമാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. കുട്ടികളുടെ വാശിക്കു വഴങ്ങി കൊടുക്കുമ്പോൾ അവരിൽ വളർച്ചയുടെ വികാസം നടക്കാതെ വരുന്നു. പ്രശ്ന പരിഹാര കഴിവുകൾ, പ്രതിരോധശേഷി, ആത്മവിശ്വാസം എന്നിവയെയൊക്കെ പ്രതികൂലമായി ബാധിക്കുന്നു.

വിനോദപ്രവർത്തനങ്ങൾക്കു അവസരം നിഷേധിക്കുക
പല മാതാപിതാക്കളും കുട്ടികളെ പഠനത്തിൽ മാത്രം ശ്രദ്ധകൊടുക്കുവാൻ വേണ്ടി വിനോദപ്രവർത്തനങ്ങളിൽ ഏർപ്പെടാനുളള അവസരം നിഷേധിക്കുന്നു. ടെലിവിഷൻ കാണുന്നതിനോ, ഗെയിമുകളിൽ ഏർപ്പെടുന്നതിനോ വിലക്കുന്നു. അവരുടെ സർഗാത്മകതയും  ജിജ്ഞാസയും വികസിപ്പിക്കുന്നതിനു ആവശ്യമായ കാര്യങ്ങൾ കൂടിയാണിത്. കുട്ടികൾക്കു അവരുടെ താൽപര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്യാനും അവയിൽ പങ്കെടുപ്പിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കുക. അത് നൃത്തം, സംഗീതം, ചിത്രരചന, സ്പോർട്സ്, ഏതെങ്കിലും തരത്തിലുളള വിനോദങ്ങൾ ആകാം. ഇവയെല്ലാം കുട്ടികളുടെ സർഗശേഷി വളർത്തുന്നതും, അവരുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നവയും ആണ്.

LISTEN ON

സ്നേഹവും,വാത്സല്യവും പ്രകടിപ്പിക്കാതിരിക്കുക
ആധുനിക ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് സമയക്കുറവ്. കുട്ടികൾക്ക് വേണ്ടി മാറ്റി വെയ്ക്കാൻ ഇന്ന് പല മാതാപിതാക്കൾക്കും സമയമില്ല. ജോലിത്തിരക്കുകൾ കൂടാതെ മൊബൈൽ, ഇൻറർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ വർധിച്ച ഉപയോഗം പല കുടുംബ ബന്ധങ്ങളിലും വൈകാരികപരമായ അകൽച്ചകൾ സൃഷ്ടിക്കുന്നു. ഇത് ബന്ധങ്ങൾ തകരാൻ കാരണമാകുന്നു. മാതാപിതാക്കൾക്കിടയിലെ അകൽച്ച കുഞ്ഞുങ്ങളെയും സാരമായി ബാധിക്കുന്നു. കുട്ടികളെ സ്നേഹിക്കുക എന്നത് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനപ്പുറം നിങ്ങളുടെ വാത്സല്യം പ്രകടമായ രീതിയിൽ പ്രകടിപ്പിക്കുക എന്നതു കൂടിയാണ്. കുട്ടിയെ ചേർത്ത് നിർത്തുന്നതും, ലാളിക്കുന്നതും ഒക്കെ അവർക്ക് സുരക്ഷിതത്വം തോന്നിപ്പിക്കും. ശക്തമായ ഒരു വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നതിന് ഈ ചെറിയ പ്രവൃത്തികൾ അത്യാവശ്യമാണ്. ശാരീരിക സ്പർശനത്തിലൂടെയും അവർക്കുവേണ്ടി മാറ്റി വെക്കുന്ന സമയത്തിലൂടെയും സ്നേഹം പതിവായി പ്രകടിപ്പിക്കുക. ഊഷ്മളമായ ആലിംഗനം, പുറത്തു തലോടൽ, അല്ലെങ്കിൽ കവിളിൽ ഒരു ചുംബനം എന്നിവയാണെങ്കിലും, ഇത് നിങ്ങളുടെ കുട്ടിയെ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തോന്നിപ്പിക്കുന്നു. അവരുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

Reading, Storytelling, One Parent, Family, Home Interior
Reading, Storytelling, One Parent, Family, Home Interior

സ്വയം പരിചരണത്തെ കുറച്ചുകാണുക
രക്ഷകർതൃത്വം എന്നത് ശ്രമകരമായ കാര്യമാണ്, നിങ്ങള്‍ കുട്ടിയുടെ ആവശ്യങ്ങളിൽ ശ്രദ്ധകൊടുക്കുമ്പോൾ സ്വന്തം ആവശ്യങ്ങളെ അവഗണിക്കുന്നത് സ്വാഭാവികമാണ്. ആരോഗ്യകരമായ ഒരു കുടുംബ ബന്ധത്തിന് മാതാപിതാക്കളുടെ ക്ഷേമം നിർണായകമാണ്. മാതാപിതാക്കൾ സമ്മർദ്ദത്തിലാകുകയോ ക്ഷീണിതരാകുകയോ വൈകാരികമായി തളരുകയോ ചെയ്യുമ്പോൾ, അത് കുട്ടികളെ പരിപാലിക്കാനും അവരുമായി  ചിലവഴിക്കേണ്ട സമയത്തെയും പ്രതികൂലമായി ബാധിക്കും. സ്വയം പരിപാലിക്കുന്നത് സ്വാർത്ഥതയല്ല. ഏറ്റവും മികച്ച രക്ഷിതാവാകാൻ അത് ആവശ്യമാണ്. സ്വന്തം ശാരീരിക, വൈകാരിക, മാനസിക ആരോഗ്യത്തിന് കൂടി മുൻഗണന നൽകുന്നത് നിങ്ങളുടെ കുട്ടിക്കൊപ്പം കൂടുതൽ  ക്ഷമയോടെയും വിവേകത്തോടെയും  പെരുമാറാന്‍ നിങ്ങളെ സഹായിക്കും.

English Summary:

Stop Ruining Your Child's Future: 10 Common Parenting Mistakes to Ditch Now. Avoid These Common Parenting Mistakes Raise Happy, Healthy, & Successful Children in 2025.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com