വിവാഹമോചനം നേടിയവരാണോ? കുട്ടികളെ മറക്കരുത്; അവർക്ക് കരുതലേകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Mail This Article
വിവാഹമോചനം ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പങ്കാളിയിൽ നിന്ന് വേർപിരിഞ്ഞ് പോകാൻ ഉത്സാഹം കാണിക്കുമ്പോൾ പലപ്പോഴും തനിച്ചായി പോകുന്ന മക്കളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുത്താൽ കടമകൾ തീർന്നെന്ന് കരുതരുത്. രക്ഷാകർത്താവ് എന്നത് വലിയ ഒരു ഉത്തരവാദിത്തമാണ്. അതുകൊണ്ടു തന്നെ വിവാഹമോചനത്തിനു ശേഷം കടമ തീർക്കുന്നതു പോലെ മക്കളുടെ കാര്യത്തിൽ ഇടപെടാതെ അവർക്ക് എല്ലാ കാര്യത്തിലും താങ്ങും തണലുമാകാൻ ശ്രദ്ധിക്കണം.
ബഹുമാനത്തോടെ ആശയവിനിമയം നടത്തുക
ബഹുമാനത്തെക്കുറിച്ച് പറയുമ്പോൾ പറഞ്ഞു പഴകിയ ഒരു വാക്യമുണ്ട്, 'ബഹുമാനം നൽകുക, ബഹുമാനം നേടുക' എന്നതാണ് അത്. പൂർവ പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോൾ അത് പോസിറ്റീവ് ആയിരിക്കാൻ ശ്രദ്ധിക്കുക. ദേഷ്യവും വൈരാഗ്യവും വെറുപ്പും ഒക്കെ പലപ്പോഴും മനസ്സിൽ ഉയർന്നു വരും. അത്തരം വികാരങ്ങൾ വരുന്ന സമയത്ത് പങ്കാളിയുമായി ആശയവിനിമയം നടത്താതിരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും പങ്കാളിയോടുള്ള ദേഷ്യം മക്കളുടെ മേൽ തീർക്കരുത്. പങ്കാളികളെന്ന പേരിൽ ഭാര്യയും ഭർത്താവും രണ്ട് വഴിക്ക് ആയെങ്കിലും മാതാപിതാക്കളെന്ന ഉത്തരവാദിത്തം അവസാനിക്കുന്നില്ല. പരസ്പരം വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും അതി പരിധിവിട്ട് വലിയ വാക്കുതർക്കങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പു വരുത്തണം.
കുട്ടിയുമായി അടുപ്പം പുലർത്തുക
കുട്ടികൾക്ക് നിങ്ങളുമായുള്ള ബന്ധത്തിൽ സ്ഥിരത ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക. കുട്ടികളുമായുള്ള ബന്ധത്തിന് കൃത്യമായ ഒരു ഷെഡ്യൂൾ ഉണ്ടാക്കുക. കുട്ടികളുടെ ക്ഷേമത്തിനും ഉയർച്ചയ്ക്കും സ്ഥിരമായ അച്ചടക്കവും ബന്ധത്തിൽ സ്ഥിരതയും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. അച്ചടക്കം എന്ന് പറയുമ്പോൾ പറയുന്നത് എല്ലാം അനുസരിക്കുന്നതും ഹോം വർക്ക് കൃത്യമായി ചെയ്യുന്നതും വീട്ടിലെ ജോലികളിൽ സഹായിക്കുന്നതും മാത്രമല്ല. ദൈനംദിനമുള്ള മറ്റ് കാര്യങ്ങളിലും ഇടപെടലുകളിലും എല്ലാം ഈ അച്ചടക്കം കൊണ്ടുവരണം. വിവാഹമോചനം നേടിയെങ്കിലും മാതാപിതാക്കൾ എന്ന നിലയിൽ അൽപം അടുപ്പം കാണിക്കാൻ ശ്രമിക്കുക. ഏതെങ്കിലും ഒരു രക്ഷിതാവിന് ഒപ്പമാണ് കുട്ടി താമസിക്കുന്നതെങ്കിൽ മറ്റേ രക്ഷിതാവിനെ പതിവായോ അല്ലെങ്കിൽ കൃത്യമായ ഇടവേളകളിലോ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കുട്ടി ഒരു രക്ഷിതാവിന് ഒപ്പമായിരിക്കുകയും മറ്റേ രക്ഷിതാവ് അന്യനാട്ടിലോ മറ്റോ ആയിരിക്കുന്ന അവസ്ഥയാണെങ്കിൽ ഫോൺ സ്ഥിരമായി വിളിക്കുകയോ മറ്റോ ചെയ്യേണ്ടതാണ്.
പുതിയ ബന്ധങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക
വേർപിരിഞ്ഞതിനു ശേഷം മാതാപിതാക്കളിൽ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് കണ്ടെത്താൻ കുട്ടികളോട് പറയരുത്. വിവാഹമോചനം നേടുന്നതോടെ നിങ്ങളോട് കുട്ടിക്ക് ഉണ്ടാകുന്ന സമീപനം മാറാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ കുട്ടിയുമായി കുറച്ച് അധികം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം. ഒരിക്കലും കുട്ടിയെ ഭാഗം പിടിക്കാൻ നിർബന്ധിക്കരുത്. അതുപോലെ തന്നെ കുട്ടിയുടെ മുമ്പിൽ കൂടുതൽ നല്ലയാളാകാനും പൂർവ പങ്കാളിയ മോശമാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നുണ്ടെങ്കിൽ അത് നിർത്തുക. അതിനു പകരം കുട്ടിയുമൊത്ത് കൂടുതൽ സമയം പങ്കുവെയ്ക്കുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്യുക. ഒരുമിച്ച് പുറത്തു പോകുന്നതും സിനിമ കാണുന്നതുമെല്ലാം കുട്ടിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കും. സ്കൂളിലെ മീറ്റിംഗുകളിലും ബിരുദദാന ചടങ്ങുകളിലും കുട്ടിക്കൊപ്പം പങ്കെടുക്കണം. കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അച്ഛനും അമ്മയും നിർബന്ധമായും പങ്കെടുക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകരുകയും ചെയ്യും. കുട്ടിക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടും സന്തോഷമില്ലാത്ത പോലെയാണ് കാണുന്നതെങ്കിൽ കുട്ടികളോട് തുറന്നു സംസാരിക്കുകയും ചെയ്യണം.