ADVERTISEMENT

കുട്ടികളിലെ മാനസിക സമ്മർദം അവർക്കു കൈകാര്യം ചെയ്യാൻ പറ്റാവുന്നതിലും ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നത്. മാറേണ്ടത് കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും

സമൂഹവും കൂടിയാണ്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകുന്നതും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയില്ലാതെ കാര്യങ്ങൾ ചെയ്യുന്നതും ഇപ്പോൾ പതിവാണ്. ഗെയിമുകൾക്ക് ഉൾപ്പെടെ കുട്ടികളെ അടിമകളായി. അതിലും ഭീകരമാണ് നിസ്സാര കാര്യങ്ങൾക്കു പോലും കുട്ടികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ. മാതാപിതാക്കളും അധ്യാപകരും അടക്കം വിദ്യാർഥികളുടെ പെരുമാറ്റവും മാനസിക ആരോഗ്യവും കാര്യമായി നിരീക്ഷിക്കണം. മികച്ച മാതാപിതാക്കളായാൽ മാത്രമേ മികച്ച വിദ്യാർഥികളെ സൃഷ്ടിച്ചെടുക്കാനാകൂ. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനൊപ്പം അവരോടുള്ള പെരുമാറ്റവും സമീപനവും ഉൾപ്പെടെ മാറേണ്ടതുമുണ്ട്. സാമൂഹിക അന്തരീക്ഷവും കുടുംബാന്തരീക്ഷവും മെച്ചപ്പെട്ടാൽ മാത്രമേ മികച്ച പുതുതലമുറയെ വാർത്തെടുക്കാനാകൂ,  കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അത്ര കുട്ടിപ്രശ്നമല്ല.

LISTEN ON

ഓരോ ദിവസവും രാവിലെയും വൈകിട്ടും മൊബൈൽ ഫോൺ ഉപയോഗം നിശ്ചിത സമയം മാത്രമായി പരിമിതപ്പെടുത്താം. സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം. കുട്ടികൾക്കു താൽപര്യമുള്ള മറ്റു വിഷയങ്ങളിലേക്കു ശ്രദ്ധതിരിക്കാനും ശ്രമിക്കാം. 

നിർബന്ധമായും കുടുംബത്തിനു വേണ്ടി ദിവസവും ഒരു മണിക്കൂർ നീക്കി വയ്ക്കണം. ഫോണും ടിവിയും ഉൾപ്പെടെ ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങൾ എല്ലാം മാറ്റിവച്ചിട്ടു വേണം ഈ സമയം ചെലവഴിക്കാൻ.  കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് ശരീരം അനങ്ങി എന്തെങ്കിലും പ്രവൃത്തികളിലേർപ്പെടണം. കുട്ടികൾക്ക് മാതാപിതാക്കളോട് കൂടുതൽ അടുപ്പമുണ്ടാകാനും ആരോഗ്യ സംരക്ഷണത്തിനും ഇതു സഹായിക്കും..

മാതാപിതാക്കൾ തമ്മിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും കുട്ടികളുടെ മുന്നിൽ വച്ച് വഴക്കുണ്ടാക്കാതിരിക്കുക. സ്നേഹപ്രകടനങ്ങളിൽ കുട്ടികൾക്ക് നിങ്ങളെ മാതൃകയാക്കാൻ കഴിയണം.

കുട്ടികളുടെ അഭിപ്രായം ശ്രദ്ധാപൂർവം കേൾക്കുക. അതിൽ ഉൾക്കൊള്ളാവുന്നവ സ്വീകരിക്കുക. തെറ്റുള്ളവയിൽ എന്താണ് തെറ്റെന്നു പറഞ്ഞു മനസ്സിലാക്കുക.

കുട്ടികളുടെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കണം. സമീകൃതാഹാരങ്ങൾ നൽകാൻ ശ്രമിക്കുക. നേരം തെറ്റിയുള്ള ഭക്ഷണശീലങ്ങളും ജങ്ക് ഫുഡ് പോലുള്ളവയും നിയന്ത്രിക്കുക.

LISTEN ON

കുട്ടികളെ പരസ്യമായി ശാസിക്കാതിരിക്കുക. വഴക്കു പറയുന്നത് എപ്പോഴും രഹസ്യമായും പ്രശംസിക്കുന്നത് പരസ്യമായും ആകണം. കുറ്റപ്പെടുത്തുമ്പോൾ കണ്ണിൽ നോക്കി എന്താണു തെറ്റെന്നു പറഞ്ഞു മനസ്സിലാക്കുക. 

മാർക്കിന് അമിത പ്രാധാന്യം കൊടുക്കാതിരിക്കുക. ഓരോ കുട്ടിയുടെയും മാർക്ക് നേടാനുള്ള കഴിവ് വ്യത്യസ്തമായിരിക്കും. അതു കണ്ടെത്തുക. മാർക്ക് താരതമ്യം ചെയ്തു നോക്കരുത്. മാർക്ക് കുറഞ്ഞു എന്നു പറഞ്ഞു ശകാരിക്കുന്നതിനു പകരം മാർക്ക് കുറഞ്ഞതുകൊണ്ട് പ്രശ്നമില്ലെന്നു പറഞ്ഞു മനസ്സിലാക്കുക. സ്വന്തം കുട്ടിയുടെ കഴിവുകൾ മാതാപിതാക്കൾ തിരിച്ചറിയണം.

ബന്ധങ്ങൾ നിലനിർത്തണം. അടുത്ത ബന്ധുക്കളെ കാണാൻ വീട്ടിലെ എല്ലാവരും ഒന്നിച്ചു യാത്രകൾ പോകാം. കുടുംബ ബന്ധങ്ങൾ പുതുക്കുന്നതു കുട്ടികൾക്കു മാതൃകയാകും.

തോൽവിയെന്നു പറയുന്നത് അവസാനമല്ല എന്നു കുട്ടികളെ പഠിപ്പിക്കണം. പരീക്ഷകളിലും മത്സരങ്ങളിലും തോൽക്കുന്നവർക്ക് പിന്നെയും അവസരങ്ങളുണ്ട് എന്നു മനസ്സിലാക്കണം.

ഓരോ വസ്തുവിന്റെയും വില മനസ്സിലാക്കിക്കൊടുക്കുക. ഒരു തുക നൽകി അതുകൊണ്ട് ലിസ്റ്റിലുള്ള സാധനങ്ങൾ വാങ്ങി വരാൻ ആവശ്യപ്പെടാം. 

ലഹരി ഉപയോഗം കണ്ടാൽ തെറ്റു തിരുത്താൻ പഠിപ്പിക്കുക. സൈക്യാട്രിസ്റ്റിനെ കാണാൻ മടിക്കേണ്ടതില്ല. ശരീരത്തിനുണ്ടാകുന്ന മുറിവുകളും രോഗങ്ങളും ഭേദമാകാൻ ആശുപത്രിയിൽ പോകുന്നതു പോലെതന്നെ മാനസിക ദൗർബല്യങ്ങൾക്കും ചികിത്സ ആവശ്യമാണ്.സ്കൂളുകളിൽ പരിചയ സമ്പന്നരായ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കണം. പല കുട്ടികളിലും ലേണിങ് ഡിസബിലിറ്റി ഉണ്ടാകാം. അതറിയാതെ മാർക്ക് കുറഞ്ഞെന്നു പറഞ്ഞ് വഴക്കുപറയരുത്. 

English Summary:

Saving Our Kids: A Practical Guide to Better Family Life & Child Wellbeing

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com