വാവക്ക് വർത്തമാനം കുറവാണോ? അച്ഛനമ്മമാർ മനസ് വച്ചാൽ പരിഹാരം വീട്ടിൽ തന്നെ

Mail This Article
കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ അവരുടെ ഓരോ വളർച്ചയും അച്ഛനമ്മമാരെ സംബന്ധിച്ച് വളരെ വലിയ മൈൽ സ്റ്റോണുകളാണ്. ആദ്യത്തെ പല്ലു വരുന്നതും പിച്ചവച്ചു നടക്കുന്നതും വർത്തമാനം പറഞ്ഞു തുടങ്ങുന്നതുമെല്ലാം അച്ഛനമ്മമാരുടെ മനസ്സിൽ വലിയ ആഘോഷങ്ങളാണ്. കൂട്ടത്തിൽ നിർണായകമായ ഒന്നാണ് കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞു തുടങ്ങുന്നത്. സാധാരണയായി മൂന്നു വയസ്സൊക്കെ ആകുമ്പോഴേക്കും കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞു തുടങ്ങും. എന്നാൽ ഇപ്പോഴത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ കുട്ടികൾ വളരെ വൈകിയാണ് വർത്തമാനം പറഞ്ഞു തുടങ്ങുന്നതായി കാണുന്നത്. എന്നാൽ എപ്പോഴും അത് അങ്ങനെ തന്നെ ആകണമെന്നും ഇല്ല.
പല വിധ കാരണങ്ങൾ കൊണ്ടും കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞു തുടങ്ങുന്നത് വൈകാം. കുട്ടികളുമായുള്ള ഇന്ററാക്ഷൻ കുറയുന്നതും സ്‌ക്രീൻ ടൈം കൂടുന്നതും ഒക്കെ ഒരു കാരണമാണ്. എന്ത് കാരണം കൊണ്ട് വർത്തമാനം വൈകിയാലും വീട്ടിൽ മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ചില സ്പീച് തെറാപ്പികൾ ഉണ്ട്. അതിലൂടെ കുട്ടികളുടെ വർത്തമാനം കൂട്ടാനും കുട്ടികളെ ആക്റ്റീവ് ആക്കാനും സാധിക്കും. അതിനായി അച്ഛനമ്മമാർക്ക് പിന്തുടരാൻ സാധിക്കുന്ന 6 വഴികൾ നോക്കാം
1. കുഞ്ഞുമായി ആഴത്തിൽ സംസാരിക്കുക
കുഞ്ഞു നിങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചിന്തിക്കേണ്ട. അവൻ ചിലപ്പോൾ നിങ്ങളെ ശ്രദ്ധിച്ചില്ലെന്നു വരും. അത് കാര്യമാക്കേണ്ട. കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കി സാവധാനത്തിൽ സംസാരിക്കുക. ഇത് കുഞ്ഞിന് നിങ്ങളുടെ ഫേഷ്യൽ ഏക്സ്പ്രെഷൻസ് വഴി കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ കുഞ്ഞുങ്ങളോട് ആവർത്തിച്ചു സംസാരിക്കുന്നത് കുട്ടികൾക്ക് സംസാരശൈലി പഠിക്കാൻ കൂടുതൽ സഹായകമാകുന്നു
2. കുഞ്ഞിന്റെ വാക്കുകൾ വിശദീകരിക്കുക
കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞു തുടങ്ങുമ്പോൾ കൃത്യമായ വാക്കുകൾ തന്നെ പറയണമെന്നില്ല. അവർ പറയുന്നത് എന്താണെന്നു മനസിലാക്കി, അത് വിശദീകരിച്ചു കൊടുക്കുക. ശരിയായ പദം ആവർത്തിച്ചു പറഞ്ഞു പരിചയപ്പെടുത്തുക. ഇങ്ങനെ അച്ഛനമ്മമാർ ആവർത്തിച്ചു കാര്യങ്ങൾ പറയുന്നത് കുഞ്ഞിന് വലിയ വാക്യങ്ങൾ പഠിക്കാൻ സഹായകമാകുന്നു. മാത്രമല്ല, ഇത്തരം സംസാരത്തിലൂടെ പുതിയ വാക്കുകളുമായി പരിചയം സ്ഥാപിക്കുന്നു.

3. ശബ്ദങ്ങളിലൂടെ കളിക്കുക
കളികളിലൂടെയാണ് കുട്ടികൾ പല കാര്യങ്ങളും പഠിക്കുന്നത്. ശബ്ദങ്ങളെ അവർ ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിക്കുന്നു. അതിനാൽ കുട്ടികളുമായി കളിക്കുമ്പോൾ വിവിധങ്ങളായ ശബ്ദങ്ങൾ ഉപയോഗിക്കുകയും അത് വാക്കുകളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്യുക. ഉദാഹരണമായി പറഞ്ഞാൽ, കളിക്കുമ്പോൾ കാക്കയുടെ കാ...കാ ... എന്ന ശബ്ദം ആവർത്തിച്ചു പറയുക. സാവധാനം കുട്ടി അത് അനുകരിക്കാൻ തുടങ്ങും. അപ്പോൾ കാക്ക എന്ന പദം പരിചയപ്പെടുത്തുക
4. ലളിതമായ വാക്കുകളും വാക്യങ്ങളും പഠിപ്പിക്കുക
അച്ഛനമ്മമാരുടെ സംസാര ശൈലിയിൽ നിന്നുമാണ് കുഞ്ഞുങ്ങൾ പാലതും പഠിക്കുന്നത്. അതിനാൽ തന്നെ ദീർഘമായ വാക്യങ്ങൾ സംഭാഷണത്തിൽ ഉൾപ്പെടുത്താതെ കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ പിടിച്ചെടുക്കാൻ കഴിയുന്ന പാദങ്ങളും വാക്യങ്ങളും ഉൾപ്പെടുത്തുക. ഇത് കമ്മ്യൂണിക്കേഷനെ കൂടുതൽ ലളിതവും ഫലപ്രദവുമാക്കും.

5. കുഞ്ഞിനോടൊപ്പം വായിക്കുക
ഓരോ പ്രായത്തിനും അനുയോജ്യമായ കഥാപുസ്തകങ്ങൾ വാങ്ങി കുഞ്ഞിനൊപ്പം വായിക്കുക. ചിത്രങ്ങളും ലളിതമായ കഥകളും ചേർന്നുള്ള പുസ്തകങ്ങൾ കുട്ടികളിലെ വൊക്കാബുലറി മെച്ചപ്പെടുത്തും. വായന, കുട്ടികളിലെ ഭാഷാശേഷി വളർത്തുകയും ക്രീയറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യും. തുടക്കത്തിലേ തന്നെ കുട്ടികൾ ഇതിനോട് പ്രതികരിക്കണം എന്ന് ശഠിക്കരുതെന്നു മാത്രം.
6. കുട്ടികൾ സ്വയം തെരെഞ്ഞെടുക്കട്ടെ
കുഞ്ഞുങ്ങൾ വർത്തമാനം പറയുന്നത് അവർക്ക് ആശയം ഉണ്ടാകുമ്പോഴാണ്. അതിനാൽ ആശയം വളരാനുള്ള സാഹചര്യം നൽകുക. കളിപ്പാട്ടങ്ങൾ, ഭക്ഷണം, വസ്ത്രം അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ തെരഞ്ഞെടുക്കാൻ കുഞ്ഞിന് അവസരം നൽകുക. ഇത് കുട്ടികളിലെ ഡിസിഷൻ മേക്കിങ് സ്‌കിൽ വളർത്താനും സ്വയം കാര്യങ്ങൾ ചെയ്യാനുമുള്ള കഴിവ് വളർത്തുന്നു.