ADVERTISEMENT

കാറ്റിനോടൊപ്പം തുള്ളിച്ചാടി, പിന്നെ കുറച്ചുനേരം അനങ്ങാതെ നിന്ന് ആകാശത്തൊരു വെളുത്ത ബലൂൺ. കാലാവസ്ഥാ പഠനത്തിനായി അത്തരം ബലൂണുകൾ പലപ്പോഴും ജപ്പാന്റെ ആകാശത്തേക്കു പറത്തിവിടാറുണ്ട്. അതു കാരണമായിരിക്കണം ജൂൺ 17ന് രാവിലെ ഏഴോടെ ജാപ്പനീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലേക്ക് ഒരു ഫോൺവിളിയെത്തിയത്. ആകാശത്ത് ഏറെ നേരമായി കാണുന്ന ബലൂൺ കാലാവസ്ഥാ കേന്ദ്രത്തിൽനിന്ന് അയച്ചതാണോയെന്നായിരുന്നു വിളിച്ചയാൾക്ക് അറിയേണ്ടിയിരുന്നത്. വടക്കു കിഴക്കൻ ജപ്പാനിലെ സെന്തായി നഗരത്തിന്റെ ആകാശത്തിലായിരുന്നു വെളുത്ത ബലൂൺ പ്രത്യക്ഷപ്പെട്ടത്. മിയാഗി, ഫുക്കുഷിമ പ്രദേശത്തുള്ളവരും ഇതു കണ്ടു. തൊട്ടുപിന്നാലെ ജനം അതിന്റെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും തുടങ്ങി.

തുടക്കത്തിൽ കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്നു കരുതിയെങ്കിലും അല്ലെന്നു വൈകാതെ വ്യക്തമായി. കാലാവസ്ഥാ കേന്ദ്രം പറഞ്ഞു– അത് ഞങ്ങൾ അയച്ചതല്ല. സെന്തായ് മുനിസിപ്പൽ അധികൃതരും പറഞ്ഞു, ബലൂണിനെപ്പറ്റി യാതൊരു അറിവുമില്ലെന്ന്. അതിനിടെ പ്രതിരോധ വകുപ്പും വ്യക്തമാക്കി, ബലൂൺ അവരും അയച്ചതല്ലെന്ന്. ഏതെങ്കിലും സർവകലാശാലകൾ ശാസ്ത്ര പരീക്ഷണത്തിന് അയച്ചതാണോയെന്നും സംശയമുയർന്നു. പക്ഷേ ആരും ഉടമസ്ഥാവകാശം ഉന്നയിച്ചു വന്നില്ല. താഴെയുള്ളവരെ നിരീക്ഷിക്കാനെന്നവണ്ണം ആകാശത്ത് ആ കൂറ്റൻ ബലൂൺ നിലയുറപ്പിച്ചതോടെ ജനവും പരിഭ്രാന്തരായി. വൈകാതെതന്നെ ഇതിന്റെ ചിത്രങ്ങളും ജാപ്പനീസ് ഭാഷയിൽ പറക്കുംതളിക (യുഎഫ്ഒ) എന്ന ഹാഷ്ടാഗും വൈറലായി. 

ufo-or-mysterious-weather-balloon-object-spotted-in-japans-sky1

പലരും അതിസൂക്ഷ്മ ക്യാമറ കൊണ്ട് ഇതിന്റെ ചിത്രങ്ങളും പകർത്തി. ക്രോസ് ആകൃതിയിലുള്ള ഒരു വസ്തുവും ബലൂണിൽ തൂങ്ങിക്കിടന്നിരുന്നു. പറക്കുംതളികയാണെന്ന പ്രചാരം വ്യാപകമായതോടെ സെന്തായ് പൊലീസ് ഒരു നിരീക്ഷണ ഹെലികോപ്ടറും ആകാശത്തേക്കയച്ചു. പക്ഷേ അവർക്കും ഇതെന്താണെന്നു കണ്ടെത്താനായില്ല. ദിവസം മുഴുവനും അതങ്ങനെ ആകാശത്തുനിന്നു. വൈകിട്ടായതോടെ ആകാശത്തു മേഘം നിറഞ്ഞു, ഇതിനെ കാണാതായി. പിന്നീടറിഞ്ഞു പസഫിക് സമുദ്രത്തിനു മുകളിൽ ഇതിനെ കണ്ടെത്തിയെന്ന്. എന്തായിരുന്നു ബലൂണിനു പിന്നിലെ രഹസ്യമെന്ന ചർച്ച ഇപ്പോഴും തുടരുകയാണ് ജപ്പാനിൽ. സർക്കാർ വക്താവിനോടു വരെ ഇതു സംബന്ധിച്ച ചോദ്യമുണ്ടായി. അതോടെ സർക്കാരും ഗൗരവമായി ഇതിന്റെ ഉത്തരം തേടുകയാണ്.  

ജാപ്പനീസ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്, വിദേശത്ത് ഉപയോഗിക്കുന്ന തരം ബലൂണായിരുന്നു അതെന്നാണ്. കാലാവസ്ഥാ സാഹചര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് ഇത് ഉപയോഗിക്കുക. കഴിഞ്ഞ ദിവസങ്ങളിൽ വടക്കു കിഴക്കൻ ഏഷ്യൻ ഭാഗത്തുനിന്ന് ജപ്പാനിലേക്ക് ശക്തമായ കാറ്റ് വീശിയിരുന്നു. അതിൽപ്പെട്ട് ജപ്പാനിലേക്കു പറന്നെത്തിയതാകാം ബലൂണെന്നാണു പ്രാഥമിക നിഗമനം. പ്രത്യേക വാതകം നിറച്ച് പറത്തിവിട്ട ഇവ നിശ്ചിത ഉയരം കഴിഞ്ഞാൽ സ്വയം പൊട്ടിത്തെറിച്ചു പോകും. ബലൂണിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണമാണ് ഡേറ്റ ശേഖരിച്ച് ഭൂമിയിലെ കേന്ദ്രത്തിലേക്ക് അയയ്ക്കുക.

ജനങ്ങളെ ആക്രമിക്കാനോ ജപ്പാനെ നിരീക്ഷിക്കാനോ വിദേശ രാജ്യങ്ങൾ അയച്ചതല്ല ബലൂണെന്നാണു സര്‍ക്കാർ പറയുന്നത്. അതേസമയം മറ്റു രാജ്യങ്ങളൊന്നും ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടിട്ടുമില്ല. ഒരുപക്ഷേ നിരീക്ഷണ ഉപകരണത്തിനു പകരം ബലൂൺ പറത്താനുള്ള പ്രൊപ്പല്ലറായിരിക്കാം അതിനൊപ്പമുണ്ടായിരുന്നതെന്നും പറയപ്പെടുന്നുണ്ട്. സോളർ പാനലുകളും ബലൂണിൽ ഘടിപ്പിച്ചിരുന്നു. എന്നാൽ അപകടകാരിയല്ല വെളുത്ത ബലൂണെന്ന നിഗമനത്തിലാണ് ജാപ്പനീസ് അധികൃതർ ഇപ്പോൾ. കൂടുതൽ തെളിവെടുപ്പ് നടത്താൻ ആകാശത്തിപ്പോൾ ബലൂൺ കാണ്മാനില്ലെന്നു മാത്രം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com